കോട്ടയം: നീണ്ട വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം എംജി യൂണിവേഴ്സിറ്റി കലോത്സവ കപ്പ് തിരികെ പിടിച്ച് എറണാകുളം മഹാരാജാസ് കോളജ്. കലോത്സവത്തിന്റെ ആദ്യദിനം മുതല്‍ എറണാകുളം കോളജുകളുടെ ആവേശക്കുതിപ്പ് ഇന്നലെ സമാപന ദിവസംവരെ ഒപ്പത്തിനൊപ്പമായിരുന്നു.
ഏറ്റവും ഒടുവില്‍ 129 പോയിന്റ് നേടിയാണ് എറണാകുളം മഹാരാജാസ് ചാമ്പ്യന്‍പട്ടം കരസ്ഥമാക്കിയത്. 111 പോയിന്റ് നേടി സെന്റ് തെരേസാസ് രണ്ടാം സ്ഥാനം നേടി. 102 പോയിന്റ് വീതം നേടി തൃപ്പൂണിത്തുറ ആര്‍എല്‍വി കോളജും തേവര എസ്എച്ച് കോളജും മൂന്നാം സ്ഥാനം പങ്കിട്ടു. 43 പോയിന്റുമായി കോട്ടയം സിഎംഎസ് കോളജ് നാലാമതെത്തി. ആദ്യമായിട്ടാണ് കോട്ടയത്തുനിന്നുള്ള ഒരു കോളജ് നാലാം സ്ഥാനത്ത് എത്തുന്നത്.
എസ്എച്ച് കോളജ് തേവരയിലെ പി. നന്ദന കൃഷ്ണനും എറണാകുളം സെന്റ് തെരേസാസ് കോളജിലെ കെ.എസ്. സേതുലക്ഷ്മിയും കലാതിലകപ്പട്ടം പങ്കിട്ടു. തൃപ്പൂണിത്തുറ ആര്‍എല്‍വി കോളജിലെ എസ്. വിഷ്ണുവിനാണ് കലാപ്രതിഭാ പുരസ്കാരം. പ്രതിഭാതിലകം രണ്ടാം തവണയും സെന്റ് തെരേസാസ് കോളജിലെ ട്രാന്‍സ്ജെന്‍ഡര്‍ സഞ്ജന ചന്ദ്രന് സ്വന്തമാക്കി. സമാപന സമ്മേളനം മന്ത്രി ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു. മന്ത്രി വി.എന്‍. വാസവന് സമ്മാനങ്ങള്‍ വിതരണം ചെയ്തു.
ഒരാഴ്ചക്കാലത്തെ ആഘോഷത്തിനൊടുവില്‍ കലാമാമാങ്കത്തിന് കൊടിയിറങ്ങുമ്പോള്‍ രാപകല്‍ കൂട്ടിരുന്ന അക്ഷരനഗരിക്ക് നന്ദി പറയുകയാണ് കലാപ്രതിഭകളും വിദ്യാര്‍ഥികളും. പാട്ടുപാടാനും കൂട്ടുകൂടാനും സൗഹൃദങ്ങള്‍ പുതുക്കാനും ഇടം നല്‍കിയതിനും മനസറിഞ്ഞ് ചിരിപ്പിച്ചതിനും കലകളെ നെഞ്ചോടുചേര്ത്തതിനും കൊടുവേനലില്‍ തണലായി നിന്നതിനും കോട്ടയത്തെ ഹൃദയത്തോടു ചേര്‍ക്കുകയാണ് ഓരോ വിദ്യാര്‍ഥിയും.
കഴിഞ്ഞ ഒരാഴ്ചയായി അക്ഷര നഗരിക്ക് കലാവസന്തം ഒരുക്കിയ കലോത്സവത്തിന് തിരശീല വീഴുമ്പോള്‍ ഇനി മൂന്നു വര്‍ഷത്തെ കാത്തിരിപ്പാണ് അടുത്ത കലോത്സവത്തിനായി…