കോഴിക്കോട്: 61-ാം സംസ്ഥാന സ്കൂൾ കലോത്സവം കോഴിക്കോട്ട് തുടങ്ങിയത് മുതൽ സമൂഹമാധ്യമങ്ങളിൽ ആരംഭിച്ച നോൺവെജ് വിവാദം കൊഴുക്കുകയാണ്.
കലാമേള കോഴിക്കോട്ടെത്തിയിട്ടും ഊട്ടുപ്പുരയിൽ നോൺവെജ് ഭക്ഷണം വിളന്പാത്തതിനെ ചൊല്ലി സർക്കാരിനെ പരോക്ഷമായും ഭക്ഷണം പാകം ചെയ്യുന്ന പഴയിടം നന്പൂതിരിയെ പ്രത്യക്ഷമായും സമൂഹമാധ്യമങ്ങൾ കൊത്തിവലിക്കുകയാണ്.
ചർച്ചകളും പ്രതികരണങ്ങളും വൃക്തിഹത്യയിലേക്ക് വരെ പലപ്പോഴും നീങ്ങി. പഴയിടത്തിന്റെ ജാതി പരാമർശിച്ചു നടത്തിയ പ്രതികരണങ്ങളാണ് സമൂഹമാധ്യമങ്ങളിൽ എല്ലാ പരിധിയുടെ സീമകളും ലംഘിച്ച് നറഞ്ഞാടുന്നത്.
എന്നാൽ ഇത്തരം ചർച്ചകൾ അനാവശ്യമാണെന്ന് സൗമ്യനായി പ്രതികരിക്കുകയാണ് പഴയിടം മോഹനൻ നന്പൂതിരി. കഴിഞ്ഞ 15 വർഷമായി കലോത്സവ വേദികളിൽ ലക്ഷക്കണക്കിന് വിദ്യാർഥികൾക്ക് ഭക്ഷണം പാകം ചെയ്യുന്ന താൻ ഇത്തവണയും സർക്കാർ ഏൽപ്പിച്ച ജോലി ഭംഗിയായി നിർവഹിക്കാനാണ് ശ്രമിക്കുന്നതെന്നാണ് പറയുന്നത്.
സർക്കാർ തന്നെ ഒരു ഉത്തരവാദിത്വമുള്ള ജോലി ഏൽപ്പിച്ചു. അതിൽ പിഴവില്ലാതെ ജോലി പൂർത്തീകരിക്കണം. സർക്കാർ തന്ന മെനുവിൽ നോൺവെജ് ഇല്ല.
ഉണ്ടായിരുന്നെങ്കിൽ താൻ അതും പാകം ചെയ്യും. കായികമേളയിൽ താൻ നോൺവെജ് ഭക്ഷണം പാകം ചെയ്യാറുണ്ടെന്നും പഴയിടം പറയുന്നു.
സമൂഹമാധ്യമങ്ങളിൽ തന്റെ ജാതി അടക്കം ഉയർത്തിക്കാട്ടി നടക്കുന്ന ചർച്ച തന്നെ ബാധിക്കുന്ന വിഷയമല്ലെന്നും പഴയിടം മോഹനൻ നന്പൂതിരി പറഞ്ഞു.