തൃശൂർ: പൂരങ്ങളുടെ നാട്ടിൽ ഇന്നു തിരിതെളിയുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഉദ്ഘാടനത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ എത്തില്ല. സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തിൽ പങ്കെടുക്കുന്നത് കാരണമെന്ന് വിശദീകരണം. മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തിൽ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ കലോത്സവം ഉദ്ഘാടനം ചെയ്യും. രാവിലെ 8.45ന് വേദിയുടെ മുൻവശത്ത് കേരളീയ തനതു കലയുടെ ദൃശ്യവിസ്മയം അരങ്ങേറും.
ഏഷ്യയിലെ ഏറ്റവും വലിയ കലാമാമാങ്കമായ കേരള സ്കൂൾ കലോത്സവത്തിന്റെ 58-ാം പതിപ്പിനാണ് പൂരങ്ങളുടെ നാട്ടിൽ ഇന്നു തിരിതെളിയുന്നത്. 58 കലാധ്യാപകർ ആലപിക്കുന്ന സ്വാഗതഗാനത്തോടെയാണ് ഉദ്ഘാടന ചടങ്ങുകൾക്ക് തുടക്കമാവുക. 8954 കൗമാരതിലകങ്ങളാണ് കലോത്സവത്തിൽ മാറ്റുരയ്ക്കാൻ എത്തുന്നത്.
ആദ്യദിനത്തിൽ 21 വേദികളിലായി 40ഓളം ഇനങ്ങളിൽ മത്സരങ്ങൾ അരങ്ങേറും. ഒന്നാംവേദിയായ നീർമാതളത്തിലും മൂന്നാംവേദിയായ നീലക്കുറിഞ്ഞിയിലും യഥാക്രമം എച്ച്എസ്, എച്ച്എസ്എസ് വിഭാഗങ്ങളിൽ ജനപ്രിയ ഇനങ്ങളായ മോഹിനിയാട്ടം, ഭരതനാട്യം എന്നിവയോടെ അരങ്ങുണരും.
കലോത്സവ മാന്വൽ പരിഷ്കരിച്ചതിനു ശേഷമുള്ള ആദ്യ കലോത്സവം, പങ്കെടുക്കുന്നവർക്ക് ഇൻഷ്വറൻസ്, എല്ലാ നിലയിലും 80 ശതമാനം മാർക്ക് ലഭിക്കുന്നവർക്ക് എ ഗ്രേഡ്, എല്ലാവർക്കും ട്രോഫി, മാറ്റങ്ങൾക്കും മാതൃകകൾക്കും പുത്തൻവേദിയും, ഗുണമേന്മയ്ക്കും സർഗാത്മകതയ്ക്കും മുൻതൂക്കവും നൽകുന്ന കലോത്സവ തുടക്കമെന്ന പ്രത്യേകതയും ഇത്തവണയുണ്ട്.