അഞ്ചല്‍: റവന്യൂ ജില്ലാ കലോത്സവം ആരംഭിക്കുന്നതിനുമുമ്പുതന്നെ കല്ലുകടി തുടങ്ങി. അഞ്ചല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജാചന്ദ്രബാബു വിന്റെ വകയാണ് ആദ്യ പ്രതിഷേധം. സംഘാടകര്‍ തന്നെ വേണ്ടത്ര ഗൗനിക്കുന്നില്ലെന്നതാണ് പ്രസിഡന്റിന്റെ ആരോപണം.ഫോണ്വിളിച്ചാലും മെസേജ് അയച്ചാലും പറ്റില്ല. സംഘാടകര്‍ നേരിട്ടെത്തി പ്രസിഡന്റിനെ എല്ലാ യോഗങ്ങള്‍ക്കും ആനയിക്കാത്തതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്.
സ്വാഗതസംഘ രൂപീകരണം യോഗം മുതലുണ്ടായ കല്ലുകടി ഇന്നലെ രാവിലെ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തിനിടെ മാധ്യമപ്രവര്ത്തകര്ക്കുമുന്നിലും പ്രസിഡന്റ് തുറന്നടിച്ചു.സംഘാടകരില്‍ ആരും തന്നെ യോഗങ്ങള്‍ക്ക് ക്ഷണിക്കാറില്ല. കലാമേളയുടെ ഉദ്ഘാടനത്തിന് സ്വാഗതം ആശംസിക്കേണ്ടത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റാണ്. സംഘാടകര്‍ ഇത്തവണ തന്നെ മനപൂര്‍വം ഒഴിവാക്കി. ഇതിന് പിന്നില്‍ ചിലരുടെ സ്വാര്ത്ഥതാല്പര്യങ്ങളാണെന്നും അവര്‍ തുറന്നടിച്ചു.
സംഘാടനത്തില്‍ പിഴവുണ്ടായെങ്കില്‍ ക്ഷമചോദിക്കുന്നതായി ജനറല്‍ കണ്‍വീനര്‍ കൂടിയായ കെഎസ് ശ്രീകല പത്രസമ്മേളനത്തിനിടെ പറഞ്ഞെങ്കിലും പ്രസിഡന്റിന്റെ പ്രതിഷേധം തുടര്‍ന്നു. യോഗം പിരിച്ചുവിട്ടശേഷവും തുടര്‍ന്ന പ്രതിഷേധം സംഘാടകരും മാധ്യമപ്രവര്‍ത്തകരും പിരിഞ്ഞുപോയതോടെയാണ് കെട്ടടങ്ങിയത്.
നേതാക്കള്‍ വിവിധ വേദികളില്‍ പ്രസംഗിക്കുന്നതുപോലെ തന്റെ ദീര്‍ഘനാളത്തെ ശ്രമഫലമായാണ് ഇത്തവണ ജില്ലാ കലോത്സവത്തിന് അഞ്ചല്‍ വേദിയായതെന്ന് മാത്രം പഞ്ചായത്ത് പ്രസിഡന്റ് ഇതുവരെ പറഞ്ഞിട്ടില്ല. യുവജനോത്സവത്തിന്റെ തിരശീല ഉയരും മുമ്പേയുണ്ടായ കല്ലുകടിയ്ക്കിടയിലും അവശേഷിക്കുന്നത് ഈ പരിഹാസം മാത്രമാണ്.