തൃശൂർ: സംസ്കാരിക നഗരിയിലെ കൗമാര കലാപൂരത്തിന് ബുധനാഴ്ച തിരശീല വീഴും. 58-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിലെ അവസാന ദിനത്തിൽ നാലിനങ്ങളിൽ മാത്രമാണ് മത്സരങ്ങൾ നിശ്ചയിച്ചിരിക്കുന്നത്. പ്രധാന മത്സരങ്ങളെല്ലാം ഇന്ന് പൂർത്തിയാവും.
ബുധനാഴ്ച വൈകീട്ട് നാലിന് തേക്കിൻകാട് മൈതാനിയിലെ പ്രധാന വേദിയിലാണ് സമാപനചടങ്ങുകൾ. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് സമാപന സമ്മേളനത്തിന്റെ ഉദ്ഘാടകൻ. മന്ത്രി വി.എസ്.സുനിൽകുമാറാണ് അധ്യക്ഷൻ. മന്ത്രിമാരായ എ.കെ.ബാലൻ, എ.സി.മൊയ്തീൻ, പ്രഫ.സി.രവീന്ദ്രനാഥ്, ഇന്നസെന്റ് എംപി, കെ. രാജൻ എംഎൽഎ തുടങ്ങിയവർ സമാപനചടങ്ങിൽ പങ്കെടുക്കും.
സ്റ്റീഫൻ ദേവസിയുടെ സംഗീത സന്ധ്യയാണ് സമാന സമ്മേളനത്തിന്റെ പ്രധാന ആകർഷണം. തൃശൂർ വിദ്യാഭ്യാസ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കലോത്സവ സമാപനം പ്രമാണിച്ച് ബുധനാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
അഞ്ച് ദിവസങ്ങളിലായി നടക്കുന്ന കലാമാങ്കാത്തിൽ 231 ഇനങ്ങളിലാണ് മത്സരങ്ങൾ നടന്നത്.