തൃശൂർ: പൂരപ്പെരുമയ്ക്കു കലാപ്പെരുമ ചാർത്തി ഏഷ്യയിലെ ഏറ്റവും വലിയ സ്കൂൾ കലോത്സവത്തിന് തൃശൂർ തേക്കിൻകാട് മൈതാനിയിൽ കൊടിയുയർന്നു. പ്രധാനവേദിക്കു മുന്നിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.വി. മോഹൻകുമാർ പതാക ഉയർത്തി. പിന്നാലെ തൊട്ടരികിലുള്ള മോഡൽ ഗേൾസ് ഹൈസ്കൂളിലെ കൗണ്ടറുകളിൽ രജിസ്ട്രേഷൻ ആരംഭിച്ചു. ഉദ്ഘാടനം നടക്കുന്ന വെള്ളിയാഴ്ച മുതലാണ് വേദികളുണരുക. അഞ്ചു നാളുകൾ ഇരവു പകലാക്കി നഗരം കലയുടെ വർണത്തേരിലാറാടും.
ഏറെ മാറ്റങ്ങളോടെയാണ് ഇത്തവണ സംസ്ഥാന സ്കൂൾ കലോത്സവം അരങ്ങേറുക. 2008 നുശേഷം ആദ്യമായി പരിഷ്കരിച്ച പുതിയ ചട്ടങ്ങളനുസരിച്ച് മത്സര ഇനങ്ങൾക്ക് ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനവുമില്ല. 80 ശതമാനം മാർക്കു നേടുന്നവർക്ക് എ ഗ്രേഡ് നൽകും. ഇവർക്കെല്ലാം ട്രോഫികൾ സമ്മാനിക്കും. നേരത്തെ 70 ശതമാനം ലഭിക്കുന്നവർക്കായിരുന്നു എ ഗ്രേഡ്.
ആർഭാടം കുറച്ച് ഘോഷയാത്ര ഒഴിവാക്കി, പകരം ദൃശ്യവിസ്മയം ഏർപ്പെടുത്തി. ഏഴു നാളിലെ മത്സരം അഞ്ചിലേക്കു ചുരുക്കി. മൂന്നു മത്സര ഇനങ്ങൾ പുതുതായി ഉൾപ്പെടുത്തി. ഗ്രേസ് മാർക്ക് സാധാരണ പോലെ നൽകും.
8,954 വിദ്യാർഥികളാണ് കലാപൂരത്തിൽ പങ്കെടുക്കുന്നത്. അപ്പീലുകളിലൂടെ വരുന്ന കുട്ടികളടക്കം പന്ത്രണ്ടായിരത്തോളം കുട്ടികൾ കലോത്സവത്തിനുണ്ടാകും. തേക്കിൻകാട് മൈതാനിയിലെ പ്രധാന വേദിയുൾപ്പെടെ 24 സ്റ്റേജുകളിലാണ് മത്സരം.