തിരുവനന്തപുരം: കൗമാരപ്രതിഭകളുടെ കലാമാമാങ്കത്തിന്റെ സമാപനവേദിയില്‍ ആവേശമായി യുവചലച്ചിത്ര താരങ്ങളായ ആസിഫലിയും ടോവിനോയും. ഇരുവരും വേദിയിലെത്തിയപ്പോഴും പ്രസംഗിക്കാന്‍ തുടങ്ങിയപ്പോഴും സദസില്‍ ഹര്‍ഷാരവം ഉയര്‍ന്നു. പ്രിയപ്പെട്ട തിരുവനന്തപുരം എന്ന് അഭിസംബോധനയോടെയാണ് ആസിഫലി പ്രസംഗം തുടങ്ങിയത്.
കലോത്സവത്തില്‍ കസേര പിടിച്ചിടാന്പോലും പോകാത്ത തനിക്കു കല എന്നത് സിനിമ തന്ന ഭാഗ്യമാണ്. കലോത്സവ വിജയികളായവര്‍ ഒരിക്കലും കലയില്‍നിന്ന് അകലരുതെന്നും ജീവിതകാലം മുഴുവന്‍ കലയില്‍ തുടരണമെന്നും കലയിലൂടെ ലോകം അറിയണമെന്നും ആസിഫലി ആഹ്വാനം ചെയ്തു. രേഖാചിത്രം എന്ന തന്റെ പുതിയ സിനിമ കാണാന്‍ എല്ലാവരെയും ക്ഷണിച്ചാണ് ആസിഫലി പ്രസംഗം അവസാനിപ്പിച്ചത്. സ്വര്‍ണക്കപ്പ് കരസ്ഥമാക്കിയ തൃശൂരിലെ കലാപ്രതിഭകള്‍ക്ക് സൗജന്യമായി സിനിമ കാണാന്‍ അവസരമൊരുക്കിയിട്ടുണ്ടെന്നും ആസിഫലി പറഞ്ഞു.
‘ഹലോ സുഖമല്ലേ…’ എന്ന് അഭിസംബോധന ചെയ്തതാണ് ടോവിനോ പ്രസംഗം ആരംഭിച്ചത്. കലോത്സവത്തില്‍ പങ്കെടുത്തതിന്റെ ഓര്മകളില്ല. കലോത്സവത്തില്‍ ജില്ലയ്ക്കു ചാമ്പ്യന്‍ഷിപ്പ് കിട്ടിയാല്‍ ഒരു ദിവസം അവധി കിട്ടുന്നതായിരുന്നു തന്റെ കലോത്സവ ഓര്‍മയെന്ന് ടോവിനോ പറഞ്ഞു. അനന്തപുരി കലോത്സവത്തില്‍ പങ്കെടുത്തതോടെ ഇനി കലോത്സവത്തില്‍ പങ്കെടുത്തു എന്ന് എനിക്ക് പറയാം.
ജീവിതകാലം മുഴുവന്‍ കലയെ കൈവിടാതെ സൂക്ഷിക്കണം. കല സ്നേഹമാണ്; കല എല്ലാവരെയും അടുപ്പിക്കുമെന്നും ടോവിനോ പറഞ്ഞു. കലോത്സവവേദിയില്‍ ഏത് വേഷത്തില്‍ വരാനാണ് ഇഷ്ടമെന്ന തന്റെ സോഷ്യല്‍ മീഡിയ പ്രതികരണത്തോട്, കറുത്ത ഷര്‍ട്ടും മുണ്ടും ധരിച്ചെത്താനാണ് കൂടുതല്‍ പേര് ആവശ്യപ്പെട്ടതെന്നും അതാണ് കറുത്ത ഷര്‍ട്ടും മുണ്ടും ധരിച്ചതെന്നും ടോവിനോ പറഞ്ഞു.