തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിന് മുന്നോടിയായി സുരക്ഷാ ഓഡിറ്റിങ് നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പൊതുവിദ്യാഭ്യാസ മന്ത്രിക്ക് കത്തയച്ചു.
കൊച്ചി ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടന്ന നൃത്ത പരിപാടിയിൽ പങ്കെടുക്കാനെത്തിയ തൃക്കാക്കര എംഎൽഎ ഉമ തോമസ് മതിയായ സുരക്ഷാ ക്രമീകരണങ്ങളുടെ അഭാവത്തിൽ അപകടത്തിൽപ്പെട്ടതും കൊച്ചി ഫ്ലവർ ഷോ കാണാനെത്തിയ വീട്ടമ്മ അപകടത്തൽപ്പെട്ടതും കത്തിൽ ചൂണ്ടിക്കാട്ടുന്നു.
പതിനായിരക്കണക്കിന് പേർ എത്തിച്ചേരുന്ന സ്കൂൾ കലോത്സവത്തിന്റെ സുരക്ഷ കുറ്റമറ്റതും കാര്യക്ഷമവും ആക്കണമെന്നതിനുള്ള മുന്നറിയിപ്പായി ഈ സംഭവങ്ങളെ കാണണമെന്നും മത്സര വേദികളിലും ഊട്ടുപുരയിലും കുട്ടികൾ താമസിക്കുന്ന സ്കൂളുകളിലും അടിയന്തരമായി എല്ലാ സർക്കാർ വകുപ്പുകളെയും ഏജൻസികളെയും ഉൾപ്പെടുത്തിയുള്ള സുരക്ഷാ ഓഡിറ്റിംഗ് നടത്തണമെന്നും പ്രതിപക്ഷ നേതാവ് കത്തിൽ ആവശ്യപ്പെട്ടു.
പ്രധാന വേദികൾ ഉൾപ്പെടെ തിരക്കേറിയ നഗരമധ്യത്തിലായ സാഹചര്യത്തിൽ നിരത്തുകളിലെ സുരക്ഷയും ഉറപ്പാക്കേണ്ടതുണ്ട്. ഇതെല്ലാം സർക്കാരിന്റെയും പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും ഉത്തരവാദിത്തമാണെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.