ആലപ്പുഴ: ആലപ്പുഴയിൽ നടന്ന 59-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പാലക്കാട് ജില്ലയ്ക്ക് 930 പോയിന്റുമായി ഒന്നാം സ്ഥാനം. രാത്രി വൈകിയും നടന്ന മത്സരങ്ങളിൽ ഇഞ്ചോടിഞ്ച് പോരാടി കോഴിക്കോഴ് ജില്ല 927 പോയിന്റുമായി മത്സരം അവസാനിപ്പിച്ചു.
903 പോയിന്റുനേടിയ തൃശൂർ ജില്ലയാണ് മൂന്നാം സ്ഥാനത്ത്. 239 മത്സരങ്ങൾ പൂർത്തിയായതിൽ 200 ഓളം അപ്പീലുകൾ പരിശോധിച്ചശേഷം ഇന്ന് രാവിലെയോടുകൂടിയെ അന്തിമഫലം പ്രഖ്യാപിക്കാനാകൂവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.വി. മോഹൻകുമാർ അറിയിച്ചു. ഇന്ന് പുലർച്ചെ 1.20ന് ആലപ്പുഴ എസ്ഡിവി സെന്റിനറി ഹാളിൽ അരങ്ങേറിയ യക്ഷഗാനം മത്സരത്തോടുകൂടിയാണ് 59-ാമത് കലോത്സവത്തിന് തിരശീല വീണത്.
തുടർന്ന് 1.45 ഓടുകൂടി പൊതുവിദ്യാഭ്യാസ ഡയറക്ടർ ഗവ. മോഡൽ ഗേൾസ് സ്കൂളിൽ പതാക താഴ്ത്തി. കാസർഗോഡ് ജില്ലയാണ് അടുത്ത സ്കൂൾ കലോത്സവത്തിന് ആദിത്യമരുളുന്നത്. അവിടുത്തെ വിദ്യാഭ്യാസ ഉപഡയറക്ടർ ഡോ. ഗിരീഷ് പതാക ഏറ്റുവാങ്ങി.
പ്രളയത്തെത്തുടർന്ന് മൂന്നുദിവസമായി ചുരുക്കിയ സ്കൂൾ കലോത്സവത്തിൽ ചെലവു ചുരുക്കലിന്റെ ഭാഗമായി ഉദ്ഘാടന ചടങ്ങും സമ്മാനദാനവും വേണ്ടന്ന് വച്ചിരുന്നു. ചാമ്പ്യൻമാർക്ക് ഇത്തവണ സ്വർണകപ്പും നൽകിയില്ല.
ശസ്ത്രക്രിയയ്ക്ക് സുല്ലു പറഞ്ഞ് ഒപ്പനപ്പാട്ടിന് ആശുപത്രിക്കിടക്കയിൽ നിന്ന് സൗഭാഗ്യയെത്തി
ആലപ്പുഴ: സംസ്ഥാന കലോത്സവ വേദിയിലേക്കു സൗഭാഗ്യയെത്തിയത് ആശുപത്രി കിടക്കയിൽ നിന്നും. കൊല്ലം ഗവ. മോഡൽ ബോയ്സ് എച്ച്എസ്എസിലെ പ്ലസ്ടു വിദ്യാർഥി സൗഭാഗ്യ സ്കൂളിൽ നിന്നുള്ള ഒപ്പന സംഘത്തിലെ മുഖ്യഗായികയാണ്. കലോത്സവത്തിലെ തന്റെ അവസാന അവസരമായതിനാലും ടീമിന്റെ വിജയവുമാണ് സൗഭാഗ്യയെ ആലപ്പുഴയിലെ വേദിയിലെത്തിച്ചത്. കഴിഞ്ഞ ദിവസം അച്ഛനൊപ്പം സഞ്ചരിക്കുന്പോൾ ഉണ്ടായ അപകടത്തെ തുടർന്നാണ് സൗഭാഗ്യ ആശുപത്രിയിലായത്. കാലിന് സാരമായ പരുക്കുണ്ട്.
കൊല്ലം സ്വദേശി സൗഭാഗ്യയുടെ അവസാന കലോത്സവ വേദിയായതിനാൽ മാതാപിതാക്കളും വേദിയിലെത്തിക്കാൻ ഒപ്പം നിന്നു. അടുത്ത ദിവസം തന്നെ സൗഭാഗ്യയ്ക്ക് അടിയന്തരമായി ശാസ്ത്രക്രിയക്ക് വിധേയയാകണം. ലിയോ തേർട്ടീന്തിലെ ഒന്നാം വേദിയിൽ ഉച്ചയ്ക്കുശേഷം നടന്ന ഹയർ സെക്കൻഡറി വിഭാഗം ഒപ്പന മത്സരത്തിലാണ് സൗഭാഗ്യ പങ്കെടുത്തത്.
ഏകാഭിനയ വേദിയിൽ സ്വജീവിതകഥ പറഞ്ഞ് അക്ബർ അലി
ആലപ്പുഴ: പ്രളയം അക്്ബർ അലിക്ക് കേട്ടനുഭവമല്ല. നേരനുഭവങ്ങളായിരുന്നു. ആലുവയിലും പറവൂരും എരവത്തൂരുമുണ്ടായ പ്രളയത്തിന്റെ ഭീകരതയും രൗദ്രഭാവങ്ങളും പ്രളയത്തിന് ഇരയായവരുടെ നിസഹായതയും അക്ബർ അലി നേരിട്ടു കണ്ടതാണ്. പ്രളയം വിഷയമാക്കി ഏകാഭിനയ വേദിയിലെത്തുന്പോൾ തെല്ലും ആശങ്ക അക്ബറിനില്ലായിരുന്നു.
കാരണം സ്വജീവതം പറഞ്ഞാണ് അക്്ബർ സദസിന്റെ കൈയടി വാങ്ങിയത്. ആലുവ കുഴിവേലിപ്പടി കെഎംഇഎ അൽമനാർ ഹയർസെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായ അക്ബർ അലി പ്രളയകാലത്തെ 15 കഥാപാത്രങ്ങളെ അവതരിപ്പിച്ചാണ് എ ഗ്രേഡ് സ്വന്തമാക്കിയത്.
പ്രളയകാലത്തെ രക്ഷാ പ്രവർത്തനത്തിനിടയിൽ മരണപ്പെട്ട മണികണ്ഠൻ, സ്വന്തം മുതുക് ബോട്ടിൽ കയറുവാൻ ചവിട്ടു പടിയായി നൽകിയ ജെയ്സൽ, ഒന്പതു മാസം ഗർഭിണിയായിരുന്ന ആദിയ, രക്ഷാ പ്രവർത്തകരായെത്തിയ മത്സ്യത്തൊഴിലാളികൾ, ക്യാന്പിലെ അന്തേവാസികൾ തുടങ്ങിയവരെയെല്ലാം അക്്ബർ വേദിയിൽ പുനരവതരിപ്പിക്കുകയായിരുന്നു. സ്കൂളിലെ കലാ അധ്യാപകനായ ഹാഷിം ആലുവയാണ് പരിശീലകൻ.
ആലുവ എടത്തലയിൽ താമസിക്കുന്ന അക്ബറും ആശാൻ ഹാഷിമും പ്രളയത്തിന്റെ തീവ്രത അടുത്തറിഞ്ഞ വ്യക്തികളാണ്്. ദുരിതാശ്വാസ ക്യാന്പിൽ സന്നദ്ധ പ്രവർത്തകരായി ഇരുവരും കഴിഞ്ഞപ്പോൾ ആശാനും ശിക്ഷ്യനും ഉറപ്പിച്ചിരുന്നു ഇനി വേദി കിട്ടിയാൽ തുറന്നു കാണിക്കേണ്ടത് നാം നേരിൽ കണ്ട ദുരന്തവും രക്ഷാപ്രവർത്തനവുമാണെന്ന്.
കാരണം ഇവർ കണ്ട കാഴ്ചകൾ അത്ര തീവ്രമായിരുന്നു സ്ത്രീകളുടെയും കുട്ടികളുടെയും ഗർഭിണികളുടെയും വയോധികരുടെയുമെല്ലാം ജീവനു വേണ്ടിയുള്ള നിലവിളിയും മുഖഭാവവുമെല്ലാം ഇവർ ദുരിതാശ്വാസ പ്രവർത്തനത്തിനിടയിൽ ഒപ്പിയെടുത്തു. എടത്തല കൊല്ലംകുടിയിൽ അബുബക്കറുടെയും സെമിയുടെയും മകനാണ് അക്ബർ.