കാഞ്ഞങ്ങാട്: കലാകൗമാരത്തിന്റെ വസന്തോത്സവത്തിന് കാഞ്ഞങ്ങാട് കൊടിയേറി. ഇനി നാലുദിനം നഗരത്തിന്റെ മണ്ണും മനസ്സും നാദവിസ്മയങ്ങളും നൂപുരധ്വനികളും കേട്ടുണരും. കലയിലും സാഹിത്യത്തിലും പുതുനാമ്പുകളുടെ സര്‍ഗവസന്തം വിരിയും. 28 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് കാസര്‍ഗോഡ് ജില്ല സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് ആതിഥേയത്വം വഹിക്കുന്നത്.
ഇന്നു രാവിലെ മുഖ്യവേദിയായ ഐങ്ങോത്ത് ഗ്രൗണ്ടിൽ 60-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിനു തുടക്കംകുറിച്ചു പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.ജീവൻബാബു പതാക ഉയർത്തി. സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ കലോത്സവം ഉദ്ഘാടനം ചെയ്തു. ചലച്ചിത്രതാരം ജയസൂര്യ മുഖ്യാതിഥിയായിരുന്നു. മന്ത്രിമാരായ സി. രവീന്ദ്രനാഥ്, ഇ. ചന്ദ്രശേഖരൻ, രാമചന്ദ്രൻ കടന്നപ്പള്ളി, രാജ്മോഹൻ ഉണ്ണിത്താൻ എംപി, എംഎൽഎമാർ എന്നിവർ പങ്കെടുത്തു.
ഉദ്ഘാടനചടങ്ങിൽ 60 അധ്യാപകർ ചേർന്ന് ആലപികച്ച സ്വാഗതഗാനത്തിന് 120 വിദ്യാർഥികൾ ദൃശ്യഭാഷയൊരുക്കി. രാവിലെ 7.30 മുതൽ ദൃശ്യവിസ്മയ കമ്മിറ്റിയുടെ കലാപരിപാടികൾ മുഖ്യവേദിയിൽ അരങ്ങേറി. എല്ലാ വേദികളിലും രാവിലെ മുതൽ തന്നെ മത്സരങ്ങൾ ആരംഭിച്ചു. 28 വേദികളിലായി 239 ഇനങ്ങളിൽ നടക്കുന്ന മത്സരത്തിൽ 13,000 ത്തോളം വിദ്യാർഥികൾ പങ്കെടുക്കുന്നു. വിധികർത്താക്കളുടെ പ്രവർത്തനം വിജിലൻസിന്റെ നിരീക്ഷണത്തിലാണ്. രജിസ്റ്റർ ചെയ്യുന്ന മത്സരാർഥികൾക്കെല്ലാം ട്രോഫി നൽകും.
ഫലം പ്രഖ്യാപിക്കുന്ന ദിവസംതന്നെ വിജയികൾക്കു സർട്ടിഫിക്കറ്റ് നൽകും. എ ഗ്രേഡ് ലഭിക്കുന്നവർക്ക് 1,000 രൂപ കാഷ് അവാർഡ് നൽകും. ഭക്ഷണപ്പുര കൊവ്വൽപ്പള്ളിയിൽ ഇന്നലെ രാത്രിമുതൽ പ്രവർത്തിച്ചുതുടങ്ങി. 28,000ത്തോളം പേർക്കാണു ഭക്ഷണം. കലോത്സവം പ്രമാണിച്ച് രാജധാനി എക്സ്പ്രസ് ഒഴികെയുള്ള മുഴുവൻ ട്രെയിനുകൾക്കും കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.
കലോത്സവം സാംസ്കാരിക സമന്വയത്തിന്റെ വേദി: സ്പീക്കർ
കാഞ്ഞങ്ങാട്: കലോത്സവം മനസിന്റെ അതിരുകൾ ആകാശമാക്കുന്നതായിരിക്കണമെന്ന് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ. സംസ്ഥാന സ്കൂൾ കലോത്സവം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സാംസ്കാരിക സമന്വയത്തിന്റെ വേദിയാണ് കലോത്സവം.
കലകളുടെ അസാധാരണമായ സംഗമമാണിത്. മനുഷ്യ മനസുകളിൽ വിഭജനത്തിന്റെ മതിലുകൾ തീർക്കുന്ന ഇക്കാലത്ത് കലോത്സ വങ്ങൾ കൊണ്ട് അവ തകർക്കാനാകും. സംഘാടക സമിതി ചെയർമാൻ മന്ത്രി ഇ.ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു. വേദികൾ മത്സരത്തിനുള്ളതാകരുതെന്നും സ്വയം തിരിച്ചറിയാനുള്ള വേദിയാകണമെന്ന് മുഖ്യാതിഥി സിനിമാ താരം ജയസൂര്യ പറഞ്ഞു.
ഒരാളെ പരാജയപ്പെടുത്താനല്ല സ്വയം തിരിച്ചറിവു നേടാനാണ് മത്സരാർഥികൾ ശ്രമിക്കേണ്ടത്. വിദ്യാഭ്യാസമന്ത്രി പ്രഫ.സി.രവീന്ദ്രനാഥ്, മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, രാജ് മോഹൻ ഉണ്ണിത്താൻ, എം എൽ എ മാരായ കെ.കുഞ്ഞിരാമൻ, എൻ.എ.നെല്ലിക്കുന്ന്, എം.രാജഗോപാലൻ, എം.സി.ക മറുദ്ദീൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി.ബഷീർ, നഗരസഭാ ചെയർമാൻമാർ പ്രസംഗിച്ചു. പൊതുവിദ്യാഭ്യാസ സെക്രട്ടറി എ.ഷാജഹാൻ സ്വാഗതവും ഡയറക്ടർ കെ.ജീവൻ ബാബു നന്ദിയും പറഞ്ഞു.