ആലപ്പുഴ: കഥാപ്രസംഗ പരിശീലനത്തിനിടെയാണ് പ്രിയ അധ്യാപകന്റെ വിയോഗം… മേധ പ്രദീപും കൂട്ടരും പക്ഷേ തകർന്നില്ല, തളർന്നില്ല. അവർ ആവേശോജ്വലം പരിശീലിച്ചു, കഥപറഞ്ഞു. യമനിലെ ശൈശവ വിവാഹത്തിന്റെ ദുരന്തം പേറിയ നുജുലയുടെ കഥ. സംസ്ഥാനതലത്തിലും എ-ഗ്രേഡ് നേടി വിജയം തങ്ങളുടെ പ്രിയ ഗുരുവിന് സമർപ്പിച്ചു മേധയും സംഘവും.
കണ്ണൂർ ആംഗ്ലോ ഇന്ത്യൻ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനി മേധയ്ക്കൊപ്പം അമന്യയും ആദിത്യയും ശ്രേയയും ആർഷ്യ ധനരാജുമാണ് അരങ്ങിലെത്തിയത്. കഴിഞ്ഞ അവധിക്കാലത്താണ് കഥാപ്രസംഗം റിട്ടയേർഡ് അധ്യാപകനും പിലാത്തറ സ്വദേശിയുമായ ഉണ്ണിക്കൃഷ്ണൻ നന്പൂതിരി(71)യിൽ നിന്നും കഥ അഭ്യസിച്ചു തുടങ്ങിയത്.
പരിശീലനത്തിനിടെ ആറുമാസം മുന്പ് ആകസ്മികമായി ഉണ്ണിക്കൃഷ്ണൻ മാസ്റ്റർ ഹൃദയസംബന്ധിയായ അസുഖം മൂലം മരണമടഞ്ഞു. അഞ്ചാംക്ലാസ് മുതൽ മാസ്റ്ററുടെ കീഴിലായിരുന്നു അധ്യയനം.പിന്നീട് സംസ്ഥാനതലത്തിൽ വിജയിക്കണമെന്നത് മേധയും കൂട്ടരും വ്രതമായെടുത്തു.
കഴിഞ്ഞതിന്റെ മുൻവർഷം കണ്ണൂരിൽ നടന്ന കലോത്സവത്തിൽ അപ്പീലിലൂടെ എത്തി മേധ ഒന്നാമതെത്തിയിരുന്നു. കഴിഞ്ഞവർഷം സംസ്ഥാനതലത്തിലേക്ക് എത്താനായിരുന്നില്ല. ഇത്തവണ ഹയർ സെക്കൻഡറി വിഭാഗത്തിനും ഉണ്ണിക്കൃഷ്ണൻ മാസ്റ്ററുടെ ശിഷ്യർ മത്സരിക്കാൻ എത്തുന്നുണ്ട്.