കൊച്ചി: കൊച്ചി നഗരത്തില്‍ ബംഗാള്‍ സ്വദേശിനിയായ ബ്യൂട്ടീഷനെ നടുറോഡില്‍ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒളിവില്‍ പോയ പ്രതിയെ ഒന്നേകാല്‍ വര്‍ഷത്തിനുശേഷം എറണാകുളം നോര്‍ത്ത് പോലീസ് അതിസാഹസികമായി പിടികൂടി. ഉത്തരാഖണ്ഡ് കിച്ചാ പ്രേംനഗര്‍ സ്വദേശിയായ ഹെയര്‍ സ്റ്റൈലിസ്റ്റ് ഫാറൂഖ് അലി(26)യെയാണ് നോര്‍ത്ത് പോലീസ് സബ് ഇന്‍സ്പെക്ടര്‍മാരായ എന്‍. ആഷിഖ്, ടി.എസ്.രതീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഗോവയില്‍നിന്ന് അതിസാഹസികമായി പിടികൂടിയത്. ഇന്നലെ രാത്രി കൊച്ചിയിലെത്തിച്ച ഇയാളുടെ അറസ്റ്റ് ഇന്ന് ഉച്ചയോടെ രേഖപ്പെടുത്തും.
2022 ഡിസംബര്‍ മൂന്നിന് രാവിലെ 11 ഓടെ കലൂര്‍ ആസാദ് റോഡിലായിരുന്നു സംഭവം നടന്നത്. ബംഗാള്‍ സ്വദേശിനിയും കലൂരിലെ സ്പാ ജീവനക്കാരിയുമായ സന്ധ്യ (25)യെയായിരുന്നു ഫാറൂഖ് നടുറോഡില്‍വച്ച് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്. സന്ധ്യയും സുഹൃത്തും റോഡിലൂടെ നടന്നുവരുമ്പോള്‍ ബൈക്കിലെത്തിയ ഫാറൂഖ് ഇവരെ തടഞ്ഞു നിര്‍ത്തി കൈയില്‍ കരുതിയിരുന്ന വെട്ടുകത്തികൊണ്ട് വെട്ടുകയായിരുന്നു. ഇയാള്‍ മൂന്നു തവണയാണ് സന്ധ്യയെ വെട്ടിയത്.
ആക്രമണത്തില്‍ സന്ധ്യയുടെ ഇടത് കൈയ്ക്കും മുതുകിനും ആഴത്തില്‍ വെട്ടേറ്റിരുന്നു. ഏറെ നാളത്തെ ചികിത്സയ്ക്കുശേഷമാണ് സന്ധ്യ ആശുപത്രി വിട്ടത്. കൊല്ലത്തെ ഒരു ബ്യൂട്ടി പാര്‍ലറില്‍ നാലു വര്‍ഷമായി ഒരുമിച്ച് ജോലി ചെയ്തിരുന്ന ഇരുവരും സുഹൃത്തുക്കളായിരുന്നു. ഇരുവരും ഒരുമിച്ചു താമസിക്കുകയും ചെയ്തിരുന്നു. പിന്നീട് ഇരുവരും തൃപ്പൂണിത്തുറയിലെ ബ്യൂട്ടി പാര്‍ലറില്‍ ഒരുമിച്ചു ജോലി നോക്കി. ഫാറൂഖ് അലി നാട്ടില്‍ പോയ സമയത്ത് സന്ധ്യ കലൂരിലെ പാര്‍ലറിലേക്ക് മാറി.
ഇതില്‍ ഫാറൂഖ് അലി പ്രകോപിതനായിരുന്നു. നാട്ടില്‍നിന്ന് തിരിച്ചെത്തിയ ഇയാള്‍ സന്ധ്യയുടെ നീക്കങ്ങള്‍ നിരീക്ഷിച്ച ശേഷമാണ് കലൂരിലെത്തി കൊലപ്പെടുത്താനായി യുവതിയെ വെട്ടിയത്. സംഭവത്തിനുശേഷം ഇയാള്‍ രാജ്യത്തിന്റെ പലയിടങ്ങളിലായി ഒളിവില്‍ കഴിയുകയായിരുന്നു. രാജസ്ഥാനിലും മറ്റും ജോലി ചെയ്ത ശേഷമാണ് ഗോവയിലെ ബ്യൂട്ടിപാര്‍ലറില്‍ ജോലിക്കെത്തിയത്. പ്രതി വാട്സ്ആപ്പ് മാത്രമാണ് ഉപയോഗിച്ചിരുന്നത്. ഗോവയിലെ ബ്യൂട്ടിപാര്‍ലറിലെത്തിയ നോര്‍ത്ത് പോലീസ് സംഘം വളരെ സാഹസികമായി പ്രതിയെ കീഴ്പ്പെടുത്തുകയായിരുന്നു. എറണാകുളം നോര്‍ത്ത് പോലീസ് ഇന്‍സ്പെക്ടര്‍ പ്രതാപ് ചന്ദ്രന്റെ മേല്‍നോട്ടത്തില്‍ പോലീസ് ഉദ്യോഗസ്ഥരായ മഹേഷ്, അജിലേഷ്, വിനീത്, റിനു എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.