കൊച്ചി: കെട്ടിടം ഇടിഞ്ഞു താഴ്ന്നതിനെത്തുടർന്നു കലൂർ-ലിസിജംഗ്ഷൻ റോഡിൽ നിർത്തിവച്ച ഒരുവരി ഗതാഗതം ഒരാഴ്ചയ്ക്കുശേഷം പുനഃസ്ഥാപിച്ചു. തകർന്ന റോഡിന്റെ പുനർനിർമാണം പൂർത്തിയാക്കി വിദഗ്ധസമിതി പരിശോധിച്ചശേഷം ഇന്നലെ വൈകിട്ട് ഏഴോടെയാണു വാഹനഗതാഗതത്തിനു റോഡ് പൂർണമായി തുറന്നുകൊടുത്തത്.
ഇന്നലെ ഉച്ചയോടെ റോഡിന്റെ പുനർനിർമാണ ജോലികൾ ഏറെക്കുറെ പൂർത്തിയായിരുന്നു. തുടർന്നു കളക്ടർ ചുമതലപ്പെടുത്തിയ വിദഗ്ധസമിതി സ്ഥലത്തെത്തി പരിശോധന നടത്തി. റോഡ് ഗതാഗതയോഗ്യമാണെന്നു ചൂണ്ടിക്കാട്ടി സമിതി റിപ്പോർട്ട് നൽകിയതോടെ ഗതാഗതം പുനഃസ്ഥാപിക്കാൻ കളക്ടർ പോലീസിനു നിർദേശം നൽകുകയായിരുന്നു.
കഴിഞ്ഞ 19നു രാത്രിയാണു കലൂർ മെട്രോ റെയിൽവേ സ്റ്റേഷനു സമീപം റോഡരികിൽ കെട്ടിടം ഇടിഞ്ഞു താഴ്ന്നത്. 12 നില കെട്ടിടത്തിന്റെ ഭൂമിക്കടിയിലുള്ള രണ്ടുനിലകൾക്കു വേണ്ടിയുള്ള ജോലി നടക്കുന്പോഴായിരുന്നു അപകടം. അപകടത്തെത്തുടർന്നു റോഡിന്റെ വശത്തു മണ്ണിടിച്ചിലുണ്ടായി. തുടർന്നാണ് ഒരുവരി ഗതാഗതം നിർത്തിവച്ചത്.
തെങ്ങുംകുറ്റി അടിച്ച് ഇടയിൽ മെറ്റലും മണ്ണുമിട്ട് ഉറപ്പിച്ചാണ് റോഡ് പുനർനിർമിച്ചിരിക്കുന്നത്. രണ്ടു ദിവസം വാഹനം കടത്തിവിട്ട് റോഡ് ഉറപ്പായശേഷം ടാറിംഗ് നടത്തും. വാട്ടർ അഥോറിറ്റിയുടെ പൊട്ടിയ കുടിവെള്ള പൈപ്പിന്റെ അറ്റകുറ്റപ്പണികളും വൈദ്യുതി തകരാറുകളും ഇന്നലെ രാവിലെയോടെ പൂർത്തീകരിച്ചു. ഉച്ചമുതൽ ഈ പൈപ്പിലൂടെ വെള്ളം പന്പ് ചെയ്തു മുടങ്ങി.
സമീപത്തെ 700 എംഎം പൈപ്പിലൂടെ ഒരാഴ്ചയായി നിയന്ത്രിച്ചായിരുന്നു വെള്ളം പന്പ് ചെയ്തിരുന്നത്. ഇതും പൂർവസ്ഥിതിയിലാക്കി. ഇന്നുമുതൽ നഗരത്തിലേക്കുള്ള ജലവിതരണം സാധാരണനിലയിലാകുമെന്നു വാട്ടർ അഥോറിട്ടി അധികൃതർ അറിയിച്ചു.