എറണാകുളം പിവിഎസ് ആശുപത്രിയില്‍ മാസങ്ങളായി ശമ്പളം കിട്ടുന്നില്ലെന്ന ജീവനക്കാരുടെ പരാതി വലിയ പ്രതിഷേധമായി തെരുവിലേക്ക് ഇറങ്ങുന്നു. കഴിഞ്ഞദിവസം കലൂര്‍ പിവിഎസ് ആശുപത്രിയിലെ ജീവനക്കാര്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം പി വി ചന്ദ്രന് പുരസ്കാരം നല്കുന്ന വേദിയിലേക്ക് നടത്തിയ പ്രകടനത്തിനുനേരെ കൈയേറ്റ ശ്രമം ഉണ്ടായി. മുല്ലശേരി കനാല്‍ റോഡിലെ സഹോദര നഗറില്‍ ശ്രീനാരായണ സേവാസംഘം സംഘടിപ്പിച്ച പുരസ്കാരദാന വേദിയിലേക്കാണ് സ്ത്രീകളടങ്ങുന്ന നൂറോളം ജീവനക്കാര്‍ പ്രതിഷേധവുമായി എത്തിയത്.
2018 മെയ് മുതല്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും മറ്റു ജീവനക്കാര്‍ക്കും ശമ്പളവും ആനുകൂല്യങ്ങളും നല്‍കിയിട്ടില്ല. മാര്‍ച്ച് 31നുമുമ്പ് ശമ്പളകുടിശ്ശിക നല്‍കുമെന്ന് മാനേജിങ് ഡയറക്ടര്‍ പി വി മിനി ജില്ലാ കലക്ടര്‍ കെ മുഹമ്മദ് വൈ സഫീറുള്ളയ്ക്ക് ഉറപ്പുനല്‍കിയിരുന്നെങ്കിലും പാലിച്ചില്ലെന്നും ഡോക്ടര്‍മാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
നേഴ്സസ് യൂണിയനുകളിലുള്ള നേഴ്സുമാര്‍ക്ക് ജനുവരിവരെ 5000, 6000 രൂപവീതം നല്‍കിയിരുന്നു. യൂണിയനുകളില്‍ അംഗങ്ങളല്ലാത്ത നേഴ്സുമാര്‍ക്ക് എട്ടുമാസമായി ശമ്പളം നല്‍കിയിട്ടില്ല. 100 ഡോക്ടര്‍മാര്‍ ജോലി ചെയ്തിരുന്ന ആശുപത്രിയില്‍ ഇപ്പോള്‍ 25 ഡോക്ടര്‍മാര്‍മാത്രമാണ് തുടരുന്നത്. 500 ജീവനക്കാരാണ് ആശുപത്രിയിലുള്ളത്. രണ്ടുവര്‍ഷംമുമ്പ് ചേര്‍ന്ന യോഗത്തില്‍ ആശുപത്രിക്ക് പ്രതിസന്ധിയില്ലെന്നും ലാഭത്തിലാണെന്നും മാനേജ്മെന്റ് പറഞ്ഞിരുന്നു. അപ്പോഴും ഒന്നുരണ്ടു മാസം വൈകിയാണ് ശമ്പളം ലഭിച്ചിരുന്നത്. ഇപ്പോള്‍ ആശുപത്രി സാമ്പത്തിക പ്രതിസന്ധിയിലാണെന്നാണ് മാനേജ്മെന്റ് പറയുന്നത്.
ആശുപത്രിയുടെ സാമ്പത്തികപ്രതിസന്ധി പരിഹരിക്കുന്നതിന് വ്യക്തമായ രൂപരേഖ തയ്യാറാക്കണമെന്ന് ആവശ്യപ്പെട്ട് 2017 ഡിസംബറില്‍ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ ആശുപത്രി മാനേജ്മെന്റിന് നിവേദനം നല്‍കിയിരുന്നു. അത് ഇതുവരെ പരിഗണിച്ചിട്ടില്ല. ഈ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് സ്ഥാപനങ്ങള്‍ നല്ലനിലയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ആശുപത്രിയുടെ തകര്‍ച്ചയ്ക്കുപിന്നില്‍ കാര്യക്ഷമമല്ലാത്ത മാനേജ്മെന്റാണെന്നും ഡോക്ടര്‍മാര്‍ കുറ്റപ്പെടുത്തി.
തങ്ങളുടെ പ്രശ്നങ്ങള്‍ കേള്‍ക്കാനോ അതിനോട് പ്രതികരിക്കാനോ മാനേജ്മെന്റ് പ്രതിനിധികള്‍ തയ്യാറാകുന്നില്ല. ഈ സ്ഥിതിക്ക് മാറ്റംവരണം. ആശുപത്രിയുടെ പ്രതിസന്ധി പരിഹരിക്കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് കൊച്ചി ഘടകം ആവശ്യപ്പെട്ടിട്ടുണ്ട്. ആശുപത്രി മാനേജ്മെന്റിന്റെ നിലപാടിനെതിരെ എംപ്ലോയീസ് ലേബര്‍ കോര്‍ട്ടില്‍ പരാതി നല്‍കുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.