ധാരാളം ചരിത്ര നിമിഷങ്ങള്‍ മലയാള സിനിമയ്ക്ക സമ്മാനിച്ച വര്‍ഷമാണ് 2016 എങ്കിലും ഒട്ടേറെ നഷ്ടങ്ങളും ഇതേ വര്‍ഷം മലയാള സിനിമയ്ക്കുണ്ടായി. മലയാളികളെ തലതല്ലിച്ചിരിപ്പിച്ച് അവസാന കാലഘട്ടത്തില്‍ കരയിച്ച് പടിയിറങ്ങിപ്പോയ നടിയാണ് കല്‍പ്പന. ഇന്ന് ജനുവരി 25. കല്‍പ്പന ലോകത്തോട് തന്നെ വിട പറഞ്ഞിട്ട് ഒരു വര്‍ഷം. ഹൈദരാബാദില്‍ ഷൂട്ടിംഗിനായി എത്തിയ നടിയെ ഹോട്ടല്‍ റൂമില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത ചാര്‍ലി എന്ന ചിത്രത്തിലാണ് കല്‍പന ഒടുവില്‍ അഭിനയിച്ചത്. ദുല്‍ഖറിനൊപ്പം അഭിനയിച്ച ക്യൂന്‍ മേരി എന്ന കഥാപാത്രം ഏറെ ശ്രദ്ധേയമായിരുന്നു. കല്‍പ്പനയുടെ ഒന്നാം ചരമദിനമായ ഇന്ന് അവരേക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവച്ച് ദുല്‍ഖര്‍ തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തു. ദുല്‍ഖര്‍ കല്‍പനയെ കുറിച്ച് എഴുതിയത് ഇങ്ങനെയാണ്.
‘ഒരു വര്‍ഷമായെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല. കല്‍പന ചേച്ചി …എന്നും ഞങ്ങളുടെ ഓര്‍മ്മയിലും പ്രാര്‍ത്ഥനയിലുമുണ്ടാകും.’ ചാര്‍ലി എന്ന ചിത്രത്തില്‍ ബോട്ടില്‍ വെച്ച് ദുല്‍ഖര്‍ കല്‍പനയെ ചേര്‍ത്ത് പിടിച്ച് ചുംബിക്കുന്ന ചിത്രവും ദുല്‍ഖര്‍ ഫേസ്ബുക്കിലൂടെ ഷെയര്‍ ചെയ്തിട്ടുണ്ട്. എംടി വാസുദേവന്‍ നായരുടെ മഞ്ഞ് എന്ന ചിത്രത്തിലൂടെയാണ് കല്‍പന സിനിമയില്‍ എത്തുന്നത്. 1983ലാണ് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തിയത്. തമിഴിലും മലയാളത്തിലുമായി 300 ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
തനിച്ചല്ല ഞാന്‍ എന്ന സിനിമയിലെ അഭിനയത്തിന് മികച്ച സഹനടിയ്ക്കുള്ള അറുപതാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരവും കല്‍പന നേടിയിരുന്നു. ഹാസ്യ അഭിനയംകൊണ്ടാണ് നടി സിനിമാ രംഗത്ത് ശ്രദ്ധേയായത്. മലയാള സിനിമയിലെ ഹാസ്യ രാജ്ഞി എന്നും ചിലര്‍ വിളിച്ചിരുന്നു. സിനിമാ താരങ്ങളായ ഉര്‍വശിയുടെയും കലാരഞ്ജിനിയുടെയും സഹോദരിയാണ് കല്‍പന.