ചാവക്കാട്: ഷാഡോ പോലീസ് ചമഞ്ഞ് പത്തുലക്ഷം രൂപയുടെ കുഴൽപ്പണം കവർന്നകേസിൽ യുവതിയടക്കം അഞ്ചുപേരെ ചാവക്കാട് പോലീസ് അറസ്റ്റുചെയ്തു. നെടുമങ്ങാട് പറക്കോണം അരശുപറന്പ് ആസിയ മൻസിൽ നിഷാദ് (34), തിരുവനന്തപുരം കല്ലയം മഞ്ഞാംകോട് കോളനിയിൽ സുമേഷ് ഭവനിൽ കൽപന (26), മാള മഠത്തുംപടി കൊളംവീട്ടിൽ ജിബിൻരാജ് (44), തിരുവനന്തപുരം വള്ളക്കടവ് ഈഞ്ചക്കൽ കീഴെ കോളനിയിൽ ഷഫീഖ് (29), തിരുവനന്തപുരം ആറ്റിൻകര മരപ്പാലം പുതുവൽ പുരയിടം സുമേഷ് (22) എന്നിവരാണ് അറസ്റ്റിലായത്.
കടപ്പുറം അഞ്ചങ്ങാടി സ്വദേശി പുളിക്കൽ വഹാബിനെ ഇൗ മാസം 15നു വൈകിട്ട് 4.30നാണു ഷാഡോ പോലീസ് ചമഞ്ഞു തട്ടിക്കൊണ്ടുപോയി പണം കവർന്നത്. ചാവക്കാട് പോലീസ് സ്റ്റേഷനു പടിഞ്ഞാറ് പോലീസ് ക്വാർട്ടേഴ്സ് പരിസരത്തുനിന്നാണു വഹാബിനെ സംഘം കാറിൽ കയറ്റിയത്. കുഴൽപ്പണ വിതരണക്കാരനായ വഹാബിനു ഗൾഫിൽനിന്നാണു സംഘത്തിലെ യുവതി കൽപ്പനയുടെ നന്പർ നൽകി 15000 രൂപ നൽകാൻ വിവരം ലഭിച്ചത്.
നന്പറിൽ വിളിച്ചപ്പോൾ യുവതി ചാവക്കാട്ടുണ്ടെന്നും പോലീസ് ക്വാർട്ടേഴ്സിനു പിറകിലെ റോഡിലെത്താനും പറഞ്ഞു. വഹാബ് സ്ഥലത്തെത്തിയപ്പോൾ യുവതിക്കൊപ്പം ഒരു യുവാവും ഉണ്ടായിരുന്നു. പണം കൈമാറുന്നതിനിടെയാണു കാറിൽവന്ന നാലുപേർ ഷാഡോ പോലീസാണന്നു പറഞ്ഞ് ഇവരെ വളഞ്ഞത്.
രണ്ടു ഭാഗത്തും മൂർച്ചയുള്ള കത്തി വഹാബിന്റെ കഴുത്തിൽ അമർത്തിവച്ചായിരുന്നു ഭീഷണി. പുളിക്കക്കടവ് റോഡിലെത്തി അരയിലും മറ്റുമായി ഉണ്ടായിരുന്ന രണ്ടുലക്ഷം രൂപ പിടിച്ചുവാങ്ങി. ബൈക്കിന്റെ സൈഡു കവറിൽ സൂക്ഷിച്ചിരിക്കുന്ന എട്ടുലക്ഷം രൂപയും സംഘം കൈക്കലാക്കി. തുടർന്നു വഹാബിനെ കാറിൽനിന്ന് ഇറക്കിവിടുകയായിരുന്നു. പിറ്റേ ദിവസമാണു വഹാബ് പോലീസിൽ പരാതി നൽകിയത്.
കൊടുങ്ങല്ലൂരിൽ ഹോട്ടലിൽ താമസിച്ചാണു സംഘം പദ്ധതി ആസൂത്രണം ചെയ്തത്. പ്രതിയായ യുവതിയെ മഞ്ചേരിയിൽനിന്നും മറ്റുള്ളവരെ കൊടുങ്ങല്ലൂർ, മാള, എന്നിവടങ്ങളിൽനിന്നുമാണു പിടികൂടിയത്. പുഞ്ചിരി വിനോദ് ഇതിനകം മറ്റൊരു കേസിൽ തിരുവനന്തപുരത്ത് അറസ്റ്റിലായതായി പോലീസിനു വിവരം ലഭിച്ചു.
ചാവക്കാട് സി ഐ കെ.ജി. സുരേഷിന്റെ നേതൃത്വത്തിൽ ക്രൈം ബ്രാഞ്ച് എഎസ്ഐ മുഹമ്മദ് അഷറഫ,് സീനിയർ സിപിഒമാരായ പി. രാഗേഷ്, എം. ഹബീബ,് പി. സുദേവ്, ചാവക്കാട് സ്റ്റേഷനിലെ എസ്ഐ മാധവൻ, സിപിഒമാരായ വർഗീസ്, സന്ദീപ്, റെനീഷ്, അസീസ്, സൗദാമിനി, ജോഷി എന്നിവർ ചേർന്നാണു പ്രതികളെ അറസ്റ്റ് ചെയ്തത്.