പാലക്കാട്: നവംബർ എട്ട് മുതൽ 17 വരെ നടക്കുന്ന കൽപ്പാത്തി രഥോൽസവത്തിനു മുന്നോടിയായി കളക്ടറേറ്റ് കോണ്ഫറൻസ് ഹാളിൽ എ.ഡി.എം.ടി. വിജയന്റെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു. പോലീസ്, ആരോഗ്യം, പൊതുമരാമത്ത്, വാട്ടർ അതോററ്റി, മലബാർ ദേവസ്വം, കെ.എസ്.ഇ.ബി, ഫയർ ആൻഡ് റസ്ക്യൂ, വിനോദസഞ്ചാര വകുപ്പ്, ഡി.ടി.പി.സി, ജലസേചനം, മൃഗസംരക്ഷണം, വനംവകുപ്പ്, വിദ്യാഭ്യാസം, ശുചിത്വമിഷൻ, റവന്യു വകുപ്പുകൾ തുടങ്ങി വിവിധ വകുപ്പുകൾ സ്വീകരിക്കേണ്ട നടപടികൾ യോഗത്തിൽ ചർച്ച ചെയ്തു.
സുരക്ഷാ ക്രമീകരണങ്ങൾ, ട്രാഫിക്ക്, ക്രമസമാധാനം എന്നിവ ഉറപ്പു വരുത്തുന്നതിന് ആവശ്യമായ വനിതാ പോലീസ് ഉൾപ്പെടെയുളള പോലീസ് ഉദ്യോഗസ്ഥരെയും ഫയർ ആൻഡ് റെസ്ക്യു യൂണിറ്റും വിന്യസിക്കാൻ നിർദേശിച്ചു. പൊതുജനങ്ങളെ സഹായിക്കാൻ ഹെൽപ്പ് ഡെസ്ക്ക് സ്ഥാപിക്കും.
ഉത്സവം നടക്കുന്ന ദിവസങ്ങളിൽ ആംബുലൻസ് ഉൾപ്പെടെയുളള മെഡിക്കൽ സംഘത്തെ ആരോഗ്യ വകുപ്പ് നിയോഗിക്കും.തേരുകളുടെ ഫിറ്റ്നസും വൈദ്യുത അലങ്കാരങ്ങളുടെ ഇലക്ട്രിക്കൽ ഫിറ്റ്നസ്സും പരിശോധിച്ച് ഉറപ്പുവരുത്തും. നാട്ടാന പരിപാലന ചട്ടത്തിലെ വ്യവസ്ഥകൾ ക്ഷേത്ര ഭാരവാഹികൾ കർശനമായി പാലിക്കണമെന്ന് എ.ഡി.എം. നിർദേശം നൽകി.
രഥോത്സവത്തിനോടനുബന്ധിച്ച് വൈദ്യുതി വിതരണം മുടങ്ങാതെ ക്രമീകരിക്കാനും അറ്റകുറ്റപണികൾ അടിയന്തരമായി നടത്തുമെന്നും കെ.എസ്.ഇ.ബി അറിയിച്ചു. തെരുവു വിളക്കുകൾ നന്നാക്കുക, നിരോധിത പ്ലാസ്റ്റിക്ക് ഉപകരണങ്ങളുടെ വിൽപ്പന തടയേണ്ടതും ശബ്ദമലിനീകരണം, മാലിന്യനിർമാർജനം, നഗരസഭാ റോഡുകളുടെ അറ്റകുറ്റപണികൾ എന്നിവ നഗരസഭയുടെ നേതൃത്വത്തിൽ നടക്കും.
താത്കാലിക കടകൾ, വഴി തടസപ്പെടുത്തുന്ന തോരണങ്ങൾ, ഉയർന്ന ശബ്ദം ഉണ്ടാക്കുന്ന കളിക്കോപ്പുകളുടെ വിൽപ്പന എന്നിവ നിയന്ത്രിക്കാനും നിർദേശം നൽകി.അവലോകന യോഗത്തിൽ മലബാർ ദേവസ്വം ബോർഡ് അസി. കമ്മീഷനർ സതീഷ്, രഥോത്സവകമ്മിറ്റി ഭാരവാഹികളും വിവിധ വകുപ്പ് മേധാവികളും പങ്കെടുത്തു.