ജോസ് ചാലയ്ക്കൽ
പാലക്കാട്: കൽപ്പാത്തി തേരിന്റെ അറ്റകുറ്റപ്പണികൾ മൂന്നാം തലമുറയിലേക്ക് എത്തി നിൽക്കുമ്പോൾ നാലു പതിറ്റാണ്ടിന്റെ പാരമ്പര്യമാണ് മൂന്നാം തലമുറയിലെ പുത്തൂർ നടരാജന് പറയാനുള്ളത്.
മുത്തച്ഛൻ തുടങ്ങിവച്ച ഈ ജോലി ഒരു പുണ്യ പ്രവൃത്തി കൂടിയാണെന്ന ചിന്തയിലാണ് ചെയ്യുന്നതെന്ന് നടരാജൻ പറഞ്ഞു.മുത്തച്ഛൻ കുഞ്ചു ആശാരി, അച്ഛൻ വിശ്വനാഥൻ എന്നിവരാണ് മുൻ തലമുറക്കാർ.
ഓരോ വർഷവും കൽപ്പാത്തി തേര് ഉത്സവം കഴിഞ്ഞാൽ തേര് മൂടിയിടും. പിന്നെ അടുത്ത വർഷം രഥോത്സവത്തിനേ തുറക്കുള്ളൂ.ആ സമയത്ത് ചക്രങ്ങളുടെ ചാഴിയാണിയിൽ ഗ്രീസിടുക, ഇളകിയ നട്ടും ബോൾട്ടും മുറുക്കുക, കൊത്തുപണികൾ പരിശോധിച്ച് കേടുപാടുകൾ തീർക്കുക തുടങ്ങിയവയാണ് ചെയ്യുക.
ഈ മാസം 14 മുതൽ 16 വരെ തീയതികളിലാണ് കൽപ്പാത്തി രഥോത്സവം. എട്ടിന് ഉത്സവത്തിനു കൊടിയേറും.