പാലക്കാട്: കല്പാത്തിയിൽ ഇന്ന് ദേവരഥസംഗമം. സന്ധ്യയ്ക്ക് തേരുമുട്ടിയിൽ ദേവരഥങ്ങൾ മുഖാമുഖം കണ്ടുമുട്ടും. മൂന്നാം തേരുനാളായ ഇന്ന് രാവിലെ പഴയ കല്പാത്തി ലക്ഷ്മിനാരായണ പെരുമാളുടേയും ചാത്തപുരം പ്രസന്ന മഹാഗണപതിയുടേയും പരിവാരദേവതകളുടേയും രഥാരോഹണം നടന്നു. ഇതോടെ ആറു ദേവരഥങ്ങൾ പ്രയാണം തുടങ്ങി.
വൈകുന്നേരം നാലിന് വിശാലാക്ഷിസമേത വിശ്വനാഥസ്വാമിയുടേയും പരിവാരദേവതകളുടേയും രഥങ്ങൾ പഴയ കല്പാത്തി ലക്ഷ്മീനാരായണപെരുമാൾ ക്ഷേത്രത്തിനടുത്തു നിന്ന് പ്രയാണം പുനരാരംഭിക്കും. ഇതിനു പിന്നാലെ ചാത്തപ്പുരത്തിന്േറയും പഴയ കല്പാത്തിയുടേയും രഥങ്ങളും പ്രയാണം തുടങ്ങും. മറ്റ് അഞ്ച് രഥങ്ങളും തേരുമുട്ടിയിലെത്തുന്നതോടെ രഥസംഗമവേളയാകും. കഴിഞ്ഞ രണ്ടു ദിവസമായി ആയിരങ്ങളാണ് കല്പാത്തിയിലേക്കൊഴുകുന്നത്. പാലക്കാട് താലൂക്കിൽ ഇന്ന് പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഉച്ചയ്ക്കു ശേഷം ഗതാഗതനിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്.