കൽപ്പറ്റ: ഉരുൾപൊട്ടലുണ്ടായ മേപ്പാടി പുത്തുമലയിൽ മണ്ണിനടിയിൽ കുടുങ്ങിയെന്നു സംശയിക്കുന്നവർക്കായി സൈന്യം തെരച്ചിലിനിറങ്ങി. കണ്ണൂർ ടെറിറ്റോറിയിൽ ആർമിയുടെയും ദേശീയ ദുരന്ത നിവാരണ സേനയുടെയും നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം. എന്നാൽ ശക്തമായി തുടരുന്ന മഴ രക്ഷാദൗത്യത്തിന് വലിയ തിരിച്ചടിയാകുകയാണ്.
വെള്ളിയാഴ്ച പകൽ എട്ടു മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. എത്ര പേരെ കാണാതായി എന്നതിൽ അവ്യക്തത നിലനിൽക്കുകയാണ്. രണ്ടു കാറുകൾ ഉരുൾപൊട്ടി ഒലിച്ചിറങ്ങിയ കല്ലിനും മണ്ണിനും മരക്കഷണങ്ങൾക്കും അടിയിൽപ്പെട്ടതായി സുചനയുണ്ട്. പുത്തുമല നിവാസികളിൽ ചിലരെയും കാണാനില്ല. ഇവരെ സംബന്ധിച്ച വിവരം ജില്ലാ അധികാരികൾ ശേഖരിച്ചുവരികയാണ്. വനം, പോലീസ്, ഫയർ ആൻഡ് റസ്ക്യൂ സേനാംഗങ്ങളും സന്നദ്ധ പ്രവർത്തകരും നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ സജീവമാണ്.
പുത്തുമല സ്വദേശികളായ കുന്നത്തുകവല നൗഷാദിന്റെ ഭാര്യ ഹാജിറ(23), മണ്ണിൽവളപ്പിൽ ഷൗക്കത്തിന്റെ മകൻ മുഹമ്മദ് മിസ്തഹ്(മൂന്നര),എടക്കണ്ടത്തിൽ മുഹമ്മദിന്റെ മകൻ അയ്യൂബ്(44), ചോലശേരി ഇബ്രാഹിം(38), കാക്കോത്തുപറന്പിൽ കുഞ്ഞിമുഹമ്മദിന്റെ മകൻ ഖാലിദ്(42), കക്കോത്തുപറന്വിൽ ജുനൈദ്(20) , പുത്തുമല ശെൽവൻ, തമിഴ്നാട് പൊള്ളാച്ചി ശെൽവകുമാറിന്റെ മകൻ കാർത്തിക്(27) എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്നലെ കണ്ടെത്തിയത്.
പുത്തുമല പ്ലാന്റേഷനിലെ ആറു തൊഴിലാളി കുടുംബങ്ങൾ താമസിക്കുന്ന എസ്റ്റേറ്റുപാടി, കാന്റീൻ, വെൽഫെയർ ഓഫീസറുടെ ക്വാർട്ടേഴ്സ്, പുത്തുമല ദുർഗദേവി ക്ഷേത്രം, മോസ്ക്, അനേകം ഏക്കർ തേയിലത്തോട്ടം, പ്രദേശത്തെ ചെറുകിട കൈശവ ഭൂമി എന്നിവ മണ്ണിനടിയിലാണ്. ഉരുൾപൊട്ടിയപ്പോൾ എസ്റ്റേറ്റുപാടിയിൽ ആറു പേർ ഉണ്ടായിരുന്നതായി തോട്ടം തൊഴിലാളികൾ പറയുന്നു. ഇവരെല്ലാം സുരക്ഷിതരാണോ എന്നു സ്ഥിരീകരിച്ചിട്ടില്ല.
വെൽഫെയർ ഓഫീസറുടെ ക്വാർട്ടേഴ്സിൽ ഉണ്ടായിരുന്നതിൽ ഒരാൾ മരിച്ചു. ഒരാളെ കാണാതായിട്ടുണ്ട്. സ്വകാര്യ ചെറുകിട കൈവശഭൂമികളിലെ 50 ഓളം വീടുകളാണ് മണ്ണിൽ പുതഞ്ഞത്. ഈ വീടുകളിലെ മുഴുവൻ താമസക്കാരും സുരക്ഷിതരാണെന്നും സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. മഴ കനത്തു പെയ്യുന്ന സാഹചര്യത്തിൽ അപകട സാധ്യത മുന്നിൽക്കണ്ട് പുത്തുമല പ്രദേശത്തുനിന്നു 163 പേരെ വനപാലകരും നാട്ടുകാരും ചേർന്നു വ്യാഴാഴ്ച വൈകുന്നേരം സുരക്ഷിത സ്ഥാനത്തേക്കു മാറ്റിയിരുന്നു. മാറിത്താമസിക്കാൻ കൂട്ടാക്കാതിരുന്നവരാണ് അപകടത്തിൽപ്പെട്ടത്.