കൽപ്പറ്റ: കൽപ്പറ്റയിൽ പ്രവർത്തിക്കുന്ന കൃഷിവകുപ്പ് പ്രിൻസിപ്പൽ ഓഫീസിലെ ജീവനക്കാർ തമ്മിലുള്ള പടലപ്പിണക്കം കാരണം ഓഫീസിന്റെ പ്രവർത്തനം താളം തെറ്റുന്നു. അടുത്തിടെ ഓഫീസിലെ രണ്ട് വനിതാജീവനക്കാരിൽ ഒരാൾക്ക് ഓഫീസിൽവച്ചും മറ്റൊരാൾക്ക് വിനോദയാത്രക്കിടയിലും സഹപ്രവർത്തകനിൽ നിന്നും മോശമായ അനുഭവമുണ്ടായ സംഭവം പുറത്തായിരുന്നു.
ഓഫീസിൽവച്ച് ജീവനക്കാരിയോട് ഒരു ഫയലുമായി ബന്ധപ്പെട്ട് വളരെ മോശമായ രീതിയിൽ ജോയിന്റ് കൗണ്‍സിൽ നേതാവ് പെരുമാറിയ സംഭവം പുറത്തറിഞ്ഞിരുന്നു. വിനോദയാത്രയുമായി ബന്ധപ്പെട്ട് മോശം അനുഭവം നേരിടേണ്ടി വന്ന വനിതാജീവനക്കാരിയാണെങ്കിൽ ഇതുവരെ പരാതി നൽകാൻ തയാറായിട്ടില്ല.
ജീവനക്കാർ അന്യോനം ശത്രുക്കളെ പോലെ പെരുമാറുന്ന സാഹചര്യം ഉടലെടുത്തതോടെ ഓഫീസിന്റെ പ്രവർത്തനവും താളം തെറ്റിയ അവസ്ഥയിലായി. ഇതിന് പിന്നാലെയാണ് ഇതേ ഓഫീസിൽ ജോലി ചെയ്യുന്ന ജോയിന്റ് കൗണ്‍സിൽ ജില്ലാപ്രസിഡന്റിനെതിരെ പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.
ജീവനക്കാരിയെ വർഗീയ അധിഷേപം നടത്തിയ ജോയിന്റ് കൗണ്‍സിൽ ജില്ലാപ്രസിഡന്റിനെ സർവീസിൽ നിന്നും പുറത്താക്കുക, സാന്പത്തിക തിരിമറി അന്വേഷിക്കുക, ജോയിന്റ് കൗണ്‍സിൽ ജില്ലാപ്രസിഡന്റിന്റെ സ്ത്രീവിരുദ്ധ നടപടികളിൽ പ്രതികരിക്കുക, കൃഷി ഓഫീസർ ഇതിനെതിരെ നടപടി സ്വീകരിക്കുക തുടങ്ങിയ കാര്യങ്ങളാണ് പ്രിൻസിപ്പൽ കൃഷി ഓഫീസിന് മുന്പിൽ പതിച്ചിരിക്കുന്ന പോസ്റ്ററുകളിലുള്ളത്.
ഓഫീസിലെ ജീവനക്കാരുടെ പ്രവർത്തനം കൃഷിവകുപ്പിന് ചീത്തപ്പേര് ഉണ്ടാക്കി കൊണ്ടിരിക്കുകയാണെന്നും ജീവനക്കാർ തമ്മിലുള്ള പടലപ്പിണക്കങ്ങൾ ജനങ്ങൾക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നുവെന്നും എഐവൈഎഫ് തന്നെ സമ്മതിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ രണ്ട് പീഡന ആരോപണങ്ങളാണ് ഓഫീസിൽ നിന്ന് പുറത്ത് വന്നിരിക്കുന്നത്.
ആരോപണങ്ങളെ കുറിച്ച് വകുപ്പ് തല അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ മാതൃകാപരമായ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കൃഷി മന്ത്രിക്ക് പരാതി അയക്കാനും എഐവൈഎഫ് ജില്ലാ എക്സിക്യുട്ടീവ് യോഗം തീരുമാനിച്ചു.