കൽപ്പറ്റ: കൽപ്പറ്റ നഗരസഭാ ഹരിത കർമസേനയുടെ കളക്ഷൻ പിരിവിലും ചെലവുകളിലും ക്രമക്കേട് നടന്നതായി യുഡിഎഫ് അംഗങ്ങൾ ആരോപിച്ചു. ഇതു സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ നഗരസഭാ സെക്രട്ടറി ബന്ധപ്പെട്ടവർക്ക് നിർദേശം നൽകി. നഗരസഭാ സൂപ്രണ്ട്, അക്കൗണ്ടന്റ് എന്നിവർക്കാണ് രേഖാമൂലം നിർദേശം നൽകിയിരിക്കുന്നത്. നഗരസഭാ ചെയർപേഴ്സണ്‍, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ എന്നിവർക്കും ഇതിന്റെ പകർപ്പ് നൽകിയിട്ടുണ്ട്.
നേരിട്ടുള്ള പരിശോധനയിൽ ഹരിത കർമ്മസേനയുടെ കളക്ഷൻ പിരിവിലും ചെലവുകളിലും പ്രഥമദൃഷ്ട്യ പാകപ്പിഴകളുള്ളതായി കണ്ടെത്തിയ സാഹചര്യത്തിൽ നാളിതുവരെയുള്ള രസീത് ബുക്കുകൾ, വരവ് ചെലവ് കണക്കുകൾ എന്നിവ ഇന്റേണൽ ഓഡിറ്റ് നടത്തി സമയ ബന്ധിതമായി റിപ്പോർട്ട് സമർപ്പിക്കേണ്ടതാണ്. ഇതിന് രസീത് ബുക്കുകൾ, രജിസ്റ്ററുകൾ എന്നിവ അക്കൗണ്ടന്റ് ഏറ്റെടുക്കണമെന്നും സെക്രട്ടറി നിർദേശിച്ചിട്ടുണ്ട്.
ഗരസഭാ ഹരിത കർമസേനയുടെ കലക്ഷൻ പിരിവിൽ ലക്ഷങ്ങളുടെ തിരിമറി നടന്നതായാണ് ഭരണ സമിതിയിലെ യുഡിഎഫ് അംഗങ്ങളുടെ ആരോപണം. ഒന്നര വർഷത്തെ കണക്കുകൾ ഓഡിറ്റ് നടത്തുകയോ ബന്ധപ്പെട്ട അധികൃതർ പരിശോധിക്കുകയോ ചെയ്തിട്ടില്ല. രസീത് നൽകി പിരിച്ച പണം മാത്രം ഒരു ലക്ഷത്തിലധികം വരും. എന്നാൽ ഈ തുക ഇന്നുവരെ ബാങ്കിൽ നിക്ഷേപിച്ചിട്ടില്ല.
അതാത് ദിവസം ഹരിത കർമസേനാംഗങ്ങൾ പിരിക്കുന്ന തുക മുനിസിപ്പാലിറ്റി മുഖേന ബാങ്കിൽ നിക്ഷേപിക്കണമെന്നാണ് വ്യവസ്ഥ. എന്നാൽ ഇത്തരത്തിൽ രസീതി നൽകി പിരിച്ച പണം പോലും ഇതുവരെ ബാങ്കിലടച്ചില്ലെന്നാണ് ആരോപണം. രസീതി നൽകാതെ വൻകിട കല്യാണ മണ്ഡപങ്ങൾ, ഹോട്ടലുകൾ എന്നിവിടങ്ങളിൽ നിന്നും ഭീമമായ തുകയാണ് ഈടാക്കുന്നത്. ലക്ഷങ്ങൾ വരുന്ന ഈ സംഖ്യയും ഇതുവരെ മുനിസിപ്പാലിറ്റിയിലെത്തുകയോ ബാങ്കിലടക്കുകയും ചെയ്തിട്ടില്ലെന്നും അംഗങ്ങൾ ആരോപിച്ചു.
നഗരസഭാ പരിധിയിലെ വീടുകൾ, ഷോപ്പുകൾ, കല്യാണ മണ്ഡപങ്ങൾ, ഹോട്ടലുകൾ, മറ്റു വിവിധ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലാണ് ദിനേന ഹരിത കർമസേനാംഗങ്ങൾ മാലിന്യം ശേഖരിക്കുന്നതിന് പണം ഈടാക്കുന്നത്. വീടുകളിൽ നിന്നും ഷോപ്പുകളിൽ നിന്നും 100 രൂപ വീതമാണ് പിരിക്കുന്നത്. മാലിന്യ ശേഖരണത്തിന് ഈടാക്കേണ്ട തുക നഗരസഭാ കൗണ്‍സിൽ ഇതുവരെ നിശ്ചയിച്ചിട്ടില്ല.
കഴിഞ്ഞ യുഡിഎഫ് ഭരണ സമിതിയാണ് 31 അംഗ ഹരിത കർമസേനയെ കുടുംബശ്രീയുടെ സഹായത്തോടെ പരിശീലനം നൽകി സജ്ജമാക്കിയത്. എന്നാൽ സേനയുടെ പ്രവർത്തനം ആരംഭിക്കുന്നതിന് മുന്‍പേ ഭരണ സമിതി മാറുകയായിരുന്നു. തുടർന്നുവന്ന ഭരണ സമിതി പരിശീലനം ലഭിക്കാത്തവരെയും ഹരിത കർമ്മസേനയിൽ അംഗങ്ങളാക്കി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്റെ ഭർത്താവിനെ പോലും ഇത്തരത്തിലാണ് ഹരിത കർമസേനയിൽ അംഗമാക്കിയത്. ഈ ഭരണ സമിതിയുടെ കാലത്താണ് മാലിന്യ ശേഖരണം ആരംഭിച്ചതും.
എന്നാൽ കഴിഞ്ഞ ഒന്നര വർഷമായി ഹരിതകർമ്മസേനയുടെ കളക്ഷൻ പിരിവിലും ചെലവുകളിലുമാണ് ഇപ്പോൾ തിരിമറി നടന്നതായി ആരോപണമുയർന്നിരിക്കുന്നത്.ഹരിത കർമസേനയുടെ കലക്ഷൻ പിരിവിൽ നടന്ന ക്രമക്കേട് സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തി നടപടിയെടുക്കണമെന്ന് നഗരസഭാ മുസ്ലിംലീഗ് കൗണ്‍സിൽമാരുടെ യോഗം ആവശ്യപ്പെട്ടു. എ.പി. ഹമീദ്, കെ.കെ. കുഞ്ഞമ്മദ്, ഉമൈബ മൊയ്തീൻകുട്ടി, ഒ. സരോജിനി, വി. ശ്രീജ എന്നിവർ പ്രസംഗിച്ചു.