കൽപ്പറ്റ: എരുമത്തെരുവു കാഞ്ചി കാമാക്ഷിയമ്മൻ ക്ഷേത്രത്തിൽ 2018ൽ നടന്ന മോഷണക്കേസിൽ പ്രതി പിടിയിൽ. തൃശൂർ കുന്നകുളം അങ്കൂർക്കുന്ന് രായമരക്കാർ വീട്ടിൽ അബ്ദുൾ റഷീദിനെയാണ്(47) പിലാക്കാവിലെ താമസസ്ഥലത്തുനിന്നു മാനന്തവാടി പോലീസ് ഇൻസ്പെക്ടർ എം.എം. അബ്ദുൽകരിമീം സഘവും അറസ്റ്റു ചെയ്തത്.
ശ്രീകോവിലിലെ മാല, ഭണ്ഡാരത്തിലുണ്ടായിരുന്ന പണം, ഡിവിആർ എന്നിവയാണ് ക്ഷേത്രത്തിൽനിന്നു മോഷ്ടിച്ചത്. വയനാട്, മലപ്പുറം, തൃശൂർ ജില്ലകളിൽ മോഷണം, വിവാഹത്തട്ടിപ്പ് , വ്യാജരേഖ ചമയ്ക്കൽ കേസുകളിലും ഇയാൾ പ്രതിയാണെന്നു പോലീസ് അറിയിച്ചു.
താമരശേരി പോലീസ് സ്റ്റേഷനിൽ മോഷണക്കേസിൽ അറസ്റ്റിലായപ്പോൾ ശേഖരിച്ച വിരലടയാളം മാനന്തവാടി ക്ഷേത്ര മോഷണക്കേസിൽ ഒത്തുവന്നതാണ് പ്രതിയെ കണ്ടെത്താൻ സഹായകമായത്.
വിരലടയാളം ഒത്തുവന്നപ്പോൾമുതൽ പ്രതി നിരീക്ഷണത്തിലായിരുന്നു. സ്വന്തമായി മഹല്ല് കമ്മിറ്റികളുടെ നോട്ടീസ്, സീൽ എന്നിവ ഉണ്ടാക്കിയാണ് അബ്ദുൽറഷീദ് വിവാഹത്തട്ടിപ്പു നടത്തിയിരുന്നത്.
എട്ടുതവണ വിവാഹിതനായിട്ടുണ്ട്. നിർധന മുസ്ലിം കുടുംബങ്ങളാണ് തട്ടിപ്പിനു ഇരകളായത്. ഗാർഹികപീഡനത്തിനു പ്രതിക്കെതിരെ ഭാര്യമാർ നൽകിയ പരാതികൾ വിവിധ സ്റ്റേഷനുകളിൽ ഉണ്ട്. വയനാട്ടിൽ കൽപ്പറ്റ, മാനന്തവാടി, വൈത്തിരി സ്റ്റേഷനുകളിൽ തട്ടിപ്പിനു കേസുകളുണ്ട്.
എസ്ഐമാരായ ബിജു ആന്റണി, സനോജ്, എഎസ്ഐമാരായ ടി.കെ. മനോജൻ, മെർവിൻ ഡിക്രൂസ്, സിപിഒമാരായ ജീൻസ്,സുധീഷ്, വി.കെ. രഞ്ജിത്, ഷിനു റോഷൻ എന്നിവരും ഉൾപ്പെടുന്ന സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.