വരന്തരപ്പിള്ളി: നന്തിപുലം – വരന്തരപ്പിള്ളി റോഡിൽ കാന നിർമിക്കാതെ നടക്കുന്ന കലുങ്ക് നിർമാണത്തിനെതിരെ പരാതി. വരന്തരപ്പിള്ളി പഞ്ചായത്ത് ഓഫീസിന് സമീപമാണ് ഒരു ഭാഗത്ത് കാന നിർമിക്കാതെ കലുങ്ക് നിർമാണം പുരോഗമിക്കുന്നത്. മെക്കാഡം ടാറിംഗ് നടത്തി നവീകരിക്കുന്ന റോഡിലാണ് അശാസ്ത്രീയമായ കലുങ്ക് നിർമാണം.
വെള്ളക്കെട്ട് രൂക്ഷമാകുന്ന ഈ ഭാഗത്ത് റോഡിന്റെ ഇരുവശങ്ങളിലും കാന നിർമിക്കണമെന്നാണ് ആവശ്യം. കലുങ്ക് നിർമാണം പൂർത്തിയായാൽ ഉയർന്ന ഭാഗങ്ങളിൽ നിന്നെത്തുന്ന വെള്ളം ഒഴുക്കികളയാൻ ഇടമില്ലാത്ത അവസ്ഥയാകും. നിലവിൽ സ്വകാര്യ വ്യക്തിയുടെ പറന്പിൽ ചെറിയ കാന തീർത്താണ് വെള്ളം ഒഴുക്കികളയുന്നത്.
വരന്തരപ്പിള്ളി റിംഗ് റോഡിലും കാന തീർത്ത് പ്രധാന റോഡിലെ കാനയുമായി ബന്ധിപ്പിച്ചാൽ മാത്രമാണ് പ്രശ്നത്തിന് പരിഹാരം കാണാൻ കഴിയൂവെന്ന് നാട്ടുകാർ പറയുന്നു.കാനയില്ലാതെ കലുങ്ക് നിർമിച്ചാൽ വെള്ളം കെട്ടി നിന്ന് റോഡ് തകരാനും സാധ്യതയേറെയാണ്.
കലുങ്ക് നിർമ്മാണം പൂർത്തിയാക്കുന്നതിന് മുന്പായി റോഡിന്റെ വശങ്ങളിൽ കാന നിർമിക്കണമെന്നാവശ്യപ്പെട്ട് പൊതുപ്രവർത്തകരായ സുരേഷ് ചെമ്മനാടൻ, സന്തോഷ് പുളിഞ്ചോട്, സന്തോഷ് വരന്തരപ്പിള്ളി എന്നിവർ പൊതുമരാമത്ത് അധികൃതർക്ക് പരാതി നൽകി.