പാലക്കാട്: കൽവാക്കുളം രാമനാഥപുരം തോട്ടിലൂടെ ഒഴുകുന്ന വെള്ളത്തിൽ രാസപദാർത്ഥങ്ങളും മാലിന്യവും നിറഞ്ഞ് കറുത്ത നിറമായി.ഇതുമൂലം പ്രദേശവാസികൾക്ക് അസഹ്യമായ ദുർഗന്ധം അനുഭവിക്കേണ്ട സ്ഥിതിയാണ്. രാസമാലിന്യത്തിന്റെ തോത് വർധിച്ചതോടെ മത്സ്യം ഉൾപ്പെടെയുള്ള ജലജീവികളുടെ സാന്നിധ്യം തീർത്തും ഇല്ലാതായി. തോട്ടിലെ ജലം ഒഴുകിയെത്തുന്നത് കല്പാത്തിപുഴയിലേക്കാണ്.
കുടിവെള്ളപദ്ധതികളുടെ സ്രോതസാണ് കല്പാത്തിപ്പുഴ എന്നതിനാൽ വിഷയത്തിനു ഗൗരവമേറെയാണ്. തോട്ടിലേക്ക് രാസമാലിന്യം കലർന്ന മലിനജലം ഒഴുക്കിവിടുന്ന സ്ഥാപനങ്ങളെ കണ്ടെത്തി നടപടിയെടുക്കണമെന്ന ആവശ്യം ശക്തമാണ്.
മലിനജലം ഉറവിടത്തിൽ തന്നെ സംസ്കരിക്കാനുള്ള നടപടിയെടുക്കുന്നതിനും ഇത്തരം സ്ഥാപനങ്ങളുടെ കൃത്യമായ പട്ടിക ഉണ്ടാക്കാനും ഈ വെള്ളം അവരുടെ ചെലവിൽ തന്നെ ശുദ്ധീകരിക്കാനുള്ള നടപടിക്രമങ്ങളും കൈക്കൊള്ളാൻ നഗരസഭയും മലീനികരണ നിയന്ത്രണ ബോർഡും തയാറാകണമെന്ന് ആവശ്യപ്പെട്ട് കരയോഗം സെക്രട്ടറി ഹരിദാസ് മച്ചിങ്ങൽ വകുപ്പുകൾ കൾക്ക് പരാതി നല്കി.