കുറുന്പനാടം: സെന്റ് ആന്റണീസ് ഫൊറോനാ പള്ളിയുടെ മുൻവശത്തെ കുരിശടിയിൽ സ്ഥാപിച്ചിരുന്ന കൽവിളക്ക് തകർത്ത ആൾ ഇന്നു രാവിലെ തൃക്കൊടിത്താനം പോലീസ് സ്റ്റേഷനിൽ ഹാജരായി. മാന്നില ചൂരനോലിക്കൽ സ്വദേശി സുബിൻ (25)ആണ് സ്റ്റേഷനിൽ ഹാജരായത്.
കുരിശടിയിൽ നേർച്ചയിട്ട് തിരിഞ്ഞപ്പോൾ ദേഹം തട്ടി കൽവിളക്ക് മറിഞ്ഞുവീണതാണെന്നാണ് ഇയാൾ മൊഴി നൽകിയിതെന്ന് തൃക്കൊടിത്താനം എസ്ഐ അഖിൽദേവ് പറഞ്ഞു.
മദ്യത്തിനടിമയായ ഇയാൾ ഇന്നലെ രാത്രിയും മദ്യപിച്ചശേഷം ബൈക്കിൽ വീട്ടിലേക്കു പോകുംവഴിയാണ് കുരിശടിയുടെ അടുത്തെത്തിയതെന്നും വിളക്ക് മറിഞ്ഞു വീണപ്പോൾ ഭയപ്പെട്ട് രക്ഷപ്പെടുകയായിരുന്നുവെന്നുമാണ് ഇയാൾ പോലീസിനു മൊഴി നൽകിയിരിക്കുന്നത്.
ഇയാളെ പോലീസ് കൂടുതൽ ചോദ്യം ചെയ്തുവരികയാണ്. ഇന്നലെ രാത്രി ഒന്പതിന് കുരിശടിയുടെ മുന്നിലൂടെ കടന്നുപോയവരാണ് കൽവിളക്ക് തകർത്ത നിലയിൽ കണ്ടെത്തിയത്.
തുടർന്ന് പള്ളി വികാരി ഫാ. ജോർജ് നൂഴായിത്തടത്തെ വിവരം അറിയിച്ചു. വികാരിയും പള്ളിക്കമ്മിറ്റിയും അറിയിച്ചതിനെത്തുടർന്ന തൃക്കൊടിത്താനം പോലീസ് എത്തി അന്വേഷണം ആരംഭിക്കുകയായിരുന്നു.
ബൈക്കിലെത്തിയ ഒരാൾ കുരിശടിയുടെ അടുത്തുകൂടി പോയശേഷം അതേ ബൈക്കിൽ കയറി രക്ഷപ്പെട്ടതായി അതുവഴി കടന്നുപോയ ഒരു ഓട്ടോ ഡ്രൈവർ പോലീസിനു മൊഴി നൽകിയിരുന്നു.
സംഭവം അറിഞ്ഞ് ഇടവകാംഗങ്ങളും നാട്ടുകാരും സ്ഥലത്ത് തടിച്ചുകൂടി. എസ്ഐ അഖിൽദേവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സമീപത്തെ സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ചിരുന്നു. ഇന്നു കൂടുതൽ അന്വേഷണത്തിനായി പോലീസ് നടപടി എടുക്കുന്നതിനിടെയാണ് പ്രതി സ്റ്റേഷനിൽ ഹാജരായത്.