ന്യൂഡൽഹി: അമിതാബ് ബച്ചനും മകൾ ശ്വേത ബച്ചനും അഭിനയിച്ച വിവാദ പരസ്യം കല്യാൺ ജൂവലേഴ്സ് പിൻവലിച്ചു. ഒന്നരമിനിറ്റ് ദൈർഘ്യം വരുന്ന പരസ്യമാണ് പിൻവലിച്ചിരിക്കുന്നത്. പരസ്യത്തിനെതിരെ ബാങ്ക് ഓഫിസർമാരുടെ സംഘടനയായ ഓൾ ഇന്ത്യൻ ബാങ്ക് ഓഫീസേഴ്സ് കോൺഫെഡറേഷൻ രംഗത്തെത്തിയിരുന്നു.
ബാങ്കിംഗ് സംവിധാനത്തോട് തന്നെ അവിശ്വാസം ജനിപ്പിക്കുന്ന തരത്തിലുള്ളതാണ് പരസ്യമെന്നായിരുന്നു സംഘടനയുടെ ആരോപണം. ഇതിനെ തുടർന്നാണ് പരസ്യം പിൻവലിച്ചിരിക്കുന്നത്.ബാങ്കിലേക്ക് വരുന്ന പ്രായം ചെന്ന റിട്ടയേഡ് ഉദ്യോഗസ്ഥനും മകളുമായാണ് ബച്ചനും ശ്വേതയും അഭിനയിക്കുന്നത്. പെൻഷൻ അക്കൗണ്ടിലേക്ക് കൂടുതൽ തുക എത്തിയത് തിരിച്ചു നൽകാൻ എത്തുന്ന വൃദ്ധനെ ബാങ്ക് ജീവനക്കാർ കളിയാക്കുന്നതായാണ് ചിത്രീകരണം.
ഒടുവിൽ മാനേജരുടെ അടുത്തെത്തുമ്പോൾ അദ്ദേഹം ‘ഇതൊന്നും ആരും അറിയാൻ പോകുന്നില്ല’ എന്ന് പറയുന്നു. അപ്പോൾ എനിക്കറിയാം, അത് തെറ്റാണ്, എന്ന് പറഞ്ഞു വൃദ്ധൻ ദേഷ്യപെടുന്നതും ഒടുവിൽ കല്യാണിന്റെ ‘വിശ്വാസം അതല്ലേ എല്ലാം’ എന്ന പരസ്യ വാചകം കേൾപ്പിക്കുന്നതുമാണ് പരസ്യം. മലയാളത്തിലുള്ള പരസ്യത്തിൽ ബച്ചന്റെ മകളായി എത്തുന്നത് മഞ്ജു വാര്യരാണ്.