ന്യൂഡൽഹി: കറൻസി റദ്ദാക്കലിന്റെ തുടർച്ചയായി പ്രഖ്യാപിച്ച വരുമാനം പ്രഖ്യാപിക്കൽ പദ്ധതി പരാജയമായി. കേവലം 13,000 കോടി രൂപ മാത്രമാണ് ഇതുവഴി പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജന (പിഎംജികെവൈ) എന്നു പേരിട്ട പദ്ധതിവഴി രണ്ടു ലക്ഷം കോടി രൂപയുടെ വരുമാനം പ്രഖ്യാപിക്കും എന്നതായിരുന്നു പ്രതീക്ഷ.
ഡിസംബർ 17ന് ആരംഭിച്ച സ്കീം മാർച്ച് 31ന് അവസാനിച്ചു. എങ്കിലും ഇതുപ്രകാരമുള്ള നികുതി റിട്ടേൺ സമർപ്പിക്കാനും വരുമാനം വെളിപ്പെടുത്താനും എപ്രിൽ 10 വരെ സമയമുണ്ട്. പക്ഷേ, തുക മാർച്ച് 31നു മുന്പ് അടയ്ക്കേണ്ടിയിരുന്നു.
ഇതുപ്രകാരം വെളിപ്പെടുത്തുന്ന തുകയുടെ 30 ശതമാനം നികുതി, നികുതിത്തുകയുടെ 33 ശതമാനം (ആകെ തുകയുടെ 9.9 ശതമാനം) ഗരീബ് കല്യാൺ സെസ്, ആകെ തുകയുടെ 10 ശതമാനം പിഴ എന്നിവചേർത്തു 49.9 ശതമാനം സർക്കാരിൽ അടയ്ക്കണം. 25 ശതമാനം നാലുവർഷത്തെ പലിശയില്ലാ നിക്ഷേപമായി സർക്കാരിൽ കിടക്കും. ബാക്കി 25.1 ശതമാനം നികുതിദായകന് ഉപയോഗിക്കാം.
സ്കീം പ്രകാരം പിഴയും നികുതിയും അടയ്ക്കാതെ നികുതി റിട്ടേണിൽ തുക കാണിച്ചാൽ 77.3 ശതമാനം പിഴ ചുമത്തും. റിട്ടേണിൽ കാണിക്കാതിരിക്കുകയും ഡിപ്പാർട്ട്മെന്റ് വരുമാനം കണ്ടെത്തുകയും ചെയ്താൽ 87.3 ശതമാനമാണു പിഴ. പുറമേ പ്രോസിക്യൂഷൻ നടപടികളും വരും.രണ്ടുവർഷത്തിനുള്ളിൽ പ്രഖ്യാപിച്ച മൂന്നാമത്തെ വരുമാനം വെളിപ്പെടുത്തൽ സ്കീമാണു പിഎംജികെവൈ. 2015 ജൂലൈ ഒന്നു മുതൽ സെപ്റ്റംബർ 30 വരെ ഉണ്ടായിരുന്ന കള്ളപ്പണം വെളിപ്പെടുത്തൽ സ്കീമിൽ 4,164 കോടി രൂപയേ വെളിപ്പെടുത്തിയുള്ളു. ഇതിന്റെ 60 ശതമാനമായ 2,428 കോടി രൂപ ഗവൺമെന്റിനു നികുതിയായി കിട്ടി.
കഴിഞ്ഞ വർഷം ജൂൺ ഒന്നു മുതൽ സെപ്റ്റംബർ 30 വരെ നടത്തിയ വരുമാനം വെളിപ്പെടുത്തൽ സ്കീമിൽ 55,000 കോടി രൂപ വെളിപ്പെടുത്തി. 45 ശതമാനം തുകയായ 24,750 കോടി രൂപ നികുതിയായി ലഭിച്ചു.പിഎംജികെ വൈയിൽ രണ്ടു ലക്ഷം കോടി രൂപ വെളിപ്പെടുത്തിയാൽ ഒരു ലക്ഷം കോടി രൂപ നികുതിയും പിഴയുമായി സർക്കാരിനു കിട്ടുമായിരുന്നു.
246 കോടി രൂപ നിക്ഷേപിച്ച് നാമക്കൽ സ്വദേശി
ചെന്നൈ: പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജന (പിഎംജികെവൈ) എന്ന വരുമാനം വെളിപ്പെടുത്തൽ പദ്ധതിയിൽ ഒരാൾ വെളിപ്പെടുത്തിയത് 246 കോടി രൂപ. നാമക്കൽ ജില്ലയിലെ തിരുച്ചെങ്കോട് സ്വദേശിയാണ് ഇയാൾ. പേര് പുറത്തുവിട്ടിട്ടില്ല. റദ്ദാക്കപ്പെട്ട കറൻസി നോട്ടുകളിലാണ് ഈ നിക്ഷേപം നടത്തിയത്. ഇന്ത്യൻ ഓവർസീസ് ബാങ്ക് ശാഖയിൽ നടത്തിയ ഈ നിക്ഷേപം സംസ്ഥാനത്ത് ഈയിനത്തിലെ ഏറ്റവും വലിയ നിക്ഷേപമായി കണക്കാക്കപ്പെടുന്നു. ഈ തുകയുടെ 49.9 ശതമാനം നികുതിയും സെസും പിഴയുമായി സർക്കാരിനാണ്. 25 ശതമാനം സർക്കാർ നാലു വർഷത്തെ പലിശയില്ലാ നിക്ഷേപമായി എടുക്കും. ബാക്കി തുക നിക്ഷേപകന് ഉപയോഗിക്കാം.