അനുമോൾ ജോയ്
കണ്ണൂർ തലശേരിക്കടുത്ത് ഒരു കല്യാണവീടാണ് വേദി. വധുവിന്റെ വീട്ടിലെ താലികെട്ടും യാത്ര പറച്ചിലും കഴിഞ്ഞ് വരന്റെ വീട്ടിലേക്കെത്തിയതാണ് വധു.
സ്വന്തം വീട്ടിൽ നിന്നും എല്ലാവരേയും വിട്ടു വന്ന സങ്കടം വധുവിന് നന്നായുണ്ട്. വിവാഹ പന്തലിലേക്കാണ് വരന്റെ ഒരു പറ്റം സുഹൃത്തുക്കളുടെ കടന്ന് വരവ്.
ഓരോ കാര്യം പറഞ്ഞ് വധുവിനെ റാഗിംഗ്. ഇതൊക്കെ കേട്ട് പേടിച്ച് ഒരു വിധം വരന്റെ വീട്ടിലെത്തിയപ്പോഴാണ് അടുത്ത പൊല്ലാപ്പ്. അവിടെയും ഓരോന്ന് പറഞ്ഞ് സുഹൃത്തുക്കൾ വട്ടം കൂടി.
വധു വിളക്കുമേന്തി ഭർത്തൃഗൃഹത്തിലേക്ക് കാലെടുത്ത് വയ്ക്കലും കാതടപ്പിക്കും വിധം ഒരു ശബ്ദം കേട്ടു. കൂടെ നിന്ന നാട്ടുകാർക്ക് ഇതൊരു പുത്തരിയല്ലെങ്കിലും ഇതര ജില്ലക്കാരിയായ വധുവിന് ഇതൊരു ഷോക്കായി.
ആ നിലവിളക്കുമായി വധു അവിടെ ബോധം കെട്ടുവീണു. പടക്കം പൊട്ടിക്കുമെന്ന് സുഹൃത്തുക്കൾ വരനോട് പറഞ്ഞിരുന്നെങ്കിലും ഒരു വെറൈറ്റിക്ക് കൂട്ടുകാർ കൊണ്ടുവന്നത് ബോംബായിരുന്നു.
ബോബെന്ന് പറഞ്ഞാൽ തന്റെ കൂട്ടുകാരനോടുള്ള സ്നേഹത്താൽ കൂട്ടുകാർ തന്നെ നിർമിച്ച ബോംബ്. കൂട്ടുകാർ ഉദ്ദേശിച്ച പോലെ തന്നെ അത് ഉഗ്ര ശബ്ദത്തോടെ തന്നെ പൊട്ടുകയും ചെയ്തു.
വധുവനെയും കൊണ്ട് ആശുപത്രിയിലേക്ക്
ബോധം കെട്ട് വീണ വധുവിനെ കണ്ട് വീട്ടുകാർ ആദ്യം അന്തിച്ചു. ഒരു ഭാഗത്ത് നിലവിളക്ക്. സൈഡിലായി വധുവും. ആദ്യം എന്ത് ചെയ്യേണ്ടതെന്ന് ശങ്കിച്ചെങ്കിലും കൂടി നിന്ന ചേച്ചിമാർ വെള്ളമെടുത്ത് വന്ന് വധുവിന്റെ മുഖത്ത് കുടഞ്ഞെങ്കിലും ബോധം വന്നില്ല.
പരിഭ്രാന്തരായ വീട്ടുകാർ നേരെ വധുവിനെയും എടുത്ത് ആശുപത്രിയിലേക്ക് ഓടി. അവിടെയെത്തി ഡോക്ടറുടെ പരിശോധനയും കഴിഞ്ഞ് മണിക്കൂറുകൾ പിന്നിട്ടാണ് വധുവിന്റെ ബോധം വീണത്.
എന്നാൽ, ബോധം വീണ വധു പരസ്പര ബന്ധമില്ലാതെ സംസാരിക്കാൻ തുടങ്ങിയതോടെയാണ് കൂട്ടുകാരൊപ്പിച്ച തമാശ അൽപം സീരിയസ് ആണെന്ന് വരന് ബോധ്യമായത്.
ഡോക്ടറെത്തി പരിശോധിച്ചപ്പോഴാണ് ബോംബ് പെട്ടിയ ഷോക്കിൽ വധുവിന്റെ മാനസിക നില തകരാറായ വിവരം വരന്റെ വീട്ടുകാർ അറിയുന്നത്.
പിന്നെ കൂട്ടത്തല്ല്…
പിന്നെ ആ ആശുപത്രി സാക്ഷ്യം വഹിച്ചത്. വരന്റെയും വധുവിന്റെയും വീട്ടുകാർ അവതരിപ്പിച്ച പ്രത്യേക പരിപാടിക്കാണ്.മനോനില തെറ്റിയ പെണ്ണിനെ തന്റെ മകന് വേണ്ടെന്ന് വരന്റെ വീട്ടുകാരും തന്റെ മകളുടെ ഈ ഗതിക്ക് കാരണം നിങ്ങളാണെന്നും പറഞ്ഞ് ഇരുകുടുംബങ്ങളും തമ്മിൽ കൂട്ടത്തല്ല്.
പോലീസും ആശുപത്രി അധികൃതരുമെത്തിയാണ് പിന്നീട് അവരെയൊന്ന് അനുനയിപ്പിച്ചത്. അപ്പോഴും ചോദ്യ ചിഹ്നമായി നിന്നത് വധുവാണ്. മനോനില തെറ്റിയ പെണ്ണിനെ തന്റെ മകന് വേണ്ടെന്ന് വീട്ടുകാർ തീരുമാനമെടുത്തതോടെ വരനും നൈസായി കൈയൊഴിഞ്ഞു. പിന്നെ, വീട്ടുകാരുടെ കൂടെ തന്നെ വധുവിനെ കൂട്ടേണ്ടി വന്നു.
പരദൂഷണ കമ്മിറ്റിക്ക് കഥയായി
കാട്ടുതീ പോലെയാണ് നാട്ടിൽ കഥപടർന്നത്. എല്ലാം വന്ന് കേറിയെ പെണ്ണിന്റെ കുഴപ്പമെന്ന് ഒന്നടങ്കം പാടി. പരദൂഷണ അമ്മായിമാർക്ക് പിന്നെ നൂറ് കുറ്റമാണ് പെണ്ണിനെ കുറിച്ച്. അന്നേ പറഞ്ഞതാ ഇവളെ വേണ്ടെന്ന്.. പക്ഷേ ആര് കേൾക്കാൻ…കണ്ടില്ലെ വലതു കാലെടുത്ത് വച്ചപ്പോഴേക്കും ഓരോ ദുശകുനം. അപ്പോഴും വരന്റെ കൂട്ടുകാർക്ക് ഗുഡ് സർട്ടിഫിക്കറ്റാണ്.
(തുടരും).