അനുമോൾ ജോയ്
കണ്ണൂരിലെ മലയോരത്തെിലെ ഒരു ഗ്രാമത്തിലാണ് സംഭവം. വരൻ ജെസിബി ഡ്രൈവറാണ്. അതുകൊണ്ടു തന്നെ വിവാഹ യാത്ര കെങ്കേമമാക്കാൻ കൂട്ടുകാർ കണ്ടുപിടിച്ച വാഹനവും ജെസിബി തന്നെ. വരൻ ഡ്രൈവറാണെങ്കിലും ഇത്തവണ വരൻ ജെസിബി ഓടിക്കേണ്ടന്നു കൂട്ടുകാർ പറഞ്ഞു.
ഇതുകേട്ടപ്പോൾ വരനു പകുതി ആശ്വാസമായി. വലിയ പണികൾ പ്രതീക്ഷിച്ചെത്തിയതായിരുന്നു വരൻ. കൂട്ടുകാർക്കിടയിൽനിന്നുള്ള ഒരാൾത്തന്നെ കയറി ജെസിബി സ്റ്റാർട്ടാക്കി. തന്റെ പ്രിയതമയെയും കൂട്ടി ജെസിബിയിലേക്കു കയറാൻ പോയപ്പോഴാണ് കൂട്ടുകാർ തടഞ്ഞു നിർത്തിയത്.
അങ്ങനെ സീറ്റിൽ കയറി ഇരിക്കേണ്ട എന്നു കൂട്ടുകാർ തീരുമാനിച്ചു. വരനെയും വധുവിനെയും ജെസിബിയുടെ ബക്കറ്റിലാണ് കൂട്ടുകാർ ഇരുത്തിയത്. ഇവിടിരുന്നു പോകാമെന്നു വിചാരിച്ചപ്പോഴാണ് രണ്ടു പേരെയും ഡ്രൈവറായി കയറിയ കൂട്ടുകാരൻ ഇതുമുകളിലേക്ക് ഉയർത്തിയത്. വധു പേടിച്ചുനിലവിളിച്ചു.
വരന് എന്താണ് ചെയ്യേണ്ടതെന്ന ഒരു രൂപം കിട്ടുന്നുണ്ടായിരുന്നില്ല.കൂട്ടുകാർ ഇത്ര വലിയ പണി തരും എന്ന് വിചാരിച്ചിരുന്നില്ല. തലമുതിർന്ന കാർന്നവൻമാർ ഇതുതടയാൻ ശ്രമിച്ചെങ്കിലും കൂട്ടുകാർ ആരുടെയും വാക്ക് കേട്ടില്ല. അങ്ങനെ ജെസിബിയുടെ രണ്ട് സൈഡിലായിനിന്നു കൂട്ടുകാർ പാട്ടും നൃത്തവുമായി.
അപ്പോഴും പേടിച്ചരണ്ട് ജെസിബിയുടെ തുമ്പിക്കൈയിൽ ജീവൻ പണയം വച്ചു വധുവും വരനും അവരുടെ കല്യാണ യാത്ര തുടരുകയായിരുന്നു.ഇത് കണ്ട് നിന്ന ന്യൂ ജെൻ പിള്ളേരുടെ വക കമന്റും വരൻ പൈലറ്റാകാതിരുന്നത് ആരുടെയോ ഭാഗ്യമാണെന്ന്…
കാളവണ്ടിയാണ് താരം
2016ൽ കാസർഗോട്ടെ ഒരു ഗ്രാമത്തിൽ ഗംഭീരമായ ഒരു വിവാഹം നടന്നു. എന്നാൽ വന്നവരുടെയെല്ലാം ശ്രദ്ധപോയത് പന്തലിന് സൈഡിലായി നിർത്തിയിട്ട കാളവണ്ടിയിലേക്കാണ്.
വരുന്നവരും പോകുന്നവരും തൊട്ട് നോക്കുന്നു. വധുവരൻമാരെ കാണുന്നതിലും തിരക്കായിരുന്നു ആ കാളവണ്ടി കാണാൻ. ഒരു വിധത്തിൽ പറഞ്ഞാൽ കല്യാണത്തിന് പ്രധാനപ്പെട്ട ഒന്ന് കാളവണ്ടിയായിരുന്നു.
കല്യാണം വെറൈറ്റിയാക്കാൻ വീട്ടുകാർകൊണ്ട് വന്നതാണെന്നാണ് ആദ്യം വിവാഹത്തിന് എത്തിയവർ കരുതിയിത്. എന്നാൽ, പിന്നീടാണ് മനസിലായത് ഇത് വരന്റെ കൂട്ടുകാരുടെ എട്ടിന്റെ പണിയാണെന്ന് …
താലികെട്ടും സദ്യയും യാത്ര പറച്ചിലുമെല്ലാം കഴിഞ്ഞ് വരനും വധുവും തങ്ങളുടെ കാറിലേക്ക് കയറാൻ പോകുമ്പോഴായിരുന്നു കൂട്ടുകാരുടെ എൻട്രി.
ഒരു പറ്റം യുവാക്കൾ ഇവരുടെ ചുറ്റും കൂടി. നിങ്ങൾക്കുപോകാനായുള്ള വാഹം ഞങ്ങൾ കൊണ്ടുവന്നിട്ടുണ്ടെന്ന് പറഞ്ഞ് എല്ലാവരും ഒരേ പോലെ കാളവണ്ടിയിലേക്കുചൂണ്ടി.
എന്താ ചെയ്യേണ്ടതെന്ന് വരന് ഒരു പിടിയും കിട്ടുന്നില്ല..ഒടുവിൽ കൂട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി കാളവണ്ടിയിൽ കയറാൻ പോയപ്പോഴാണ് അടുത്ത പണി. അവർക്ക് തേൻമാവിൻ കൊമ്പത്ത് മോഹലാലും ശോഭനയും കാളവണ്ടിയിൽ പോകുന്നതുപോലെ വേണം പോകാൻ…
കാളയെ ദുരെ നിന്ന് മാത്രം കണ്ടിട്ടുള്ള വരൻ കൂട്ടുകാരോട് കുറെ പറഞ്ഞ് നോക്കി. സമ്മതിക്കുന്നില്ലെന്ന് കണ്ടതും വധുവിനെ കാളവണ്ടിയുടെ പുറകിൽ കയറ്റി വരൻ മുന്നിൽ കയറിയിരുന്ന് കാളയെ തല്ലാൻ തുടങ്ങി.
കാളയുണ്ടോ അനങ്ങുന്നു…ഒടുവിൽ ഇത് നടപടിയാകൂലാന്ന് കണ്ട കൂട്ടുകാർ കാളക്കാരനെ വരുത്തി വരനെ പുറകിൽ കയറ്റി പാട്ടും നൃത്തവുമായി വരന്റെ വീട്ടിലേക്ക് യാത്ര തിരിച്ചു.
ബ്രേക്കില്ലാത്ത സൈക്കിളിൽ…
തളിപ്പറമ്പിനടുത്തുള്ള ഒരു മുസ്ലിംകല്യാണ വീട്ടിൽ വരന്റെ കൂട്ടുകാർ കൊടുത്ത പണിയാണ് ഒരു കാലത്ത് സേഷ്യൽ മീഡിയയിൽ മുഴുൻ ചർച്ചയായത്.
സംഭവം മറ്റൊന്നുമല്ല, പെട്രോൾ വില കത്തി നിൽക്കുന്ന സമയം. മാതൃകാ വിവാഹം എന്ന് പറഞ്ഞ് വരന്റെ സുഹൃത്തുക്കൾ കണ്ടെത്തിയ വഴിയാണ് പൊല്ലാപ്പായത്. വരനും വധുവും വിവാഹം കഴിഞ്ഞ് പോകാനായി വരന്റെ സുഹൃത്തുക്കൾ ഒരു വാഹനമൊരുക്കി. സൈക്കിൾ..
വിവാഹം കഴിഞ്ഞ് വരൻ സൈക്കിളിൽ കയറി വധുവിനെ മുന്നിലിരുത്തി യാത്ര തുടങ്ങി. കുറച്ചുദൂരം എത്തിയപ്പോഴാണ് പണി പാളിയതായി അറിഞ്ഞത്. കൂട്ടുകാർ ഒരു വെറൈറ്റിക്ക് സൈക്കിളിന്റെ ബ്രേക്ക് അഴിച്ച് മാറ്റിയിരുന്നെന്ന്.
ഒരു കുന്നിന്റെ മുകളിലെത്തിയപ്പോൾ ബൈക്കുകളിലായെത്തിയ സുഹൃത്തുക്കൾ കൂകി വിളിച്ചു. വരന് എന്താ ചെയ്യേണ്ടതെന്ന് ഒരു പിടിത്തവും ഇല്ലായിരുന്നു. പിന്നെ രണ്ടും കൽപിച്ച് ഒരൊറ്റ പോക്കായിരുന്നു.
പിന്നെ നോക്കുമ്പോഴാണ് സൈക്കിൾ മറിഞ്ഞ് വരനും വധുവും റോഡിൽ കിടക്കുന്നത് കണ്ടത്.ഇത് കണ്ടപ്പോഴാണ് കൂട്ടുകാർക്കുപ്രശ്നം അൽപം ഗുരുതരമാണെന്ന് മനസിലായത്.
ഓടി അടുത്തെത്തി അടുത്തുള്ള ആശുപത്രിയിലെത്തിച്ചപ്പോഴാണ് വധുവിന്റെ കാലും വരന്റെ കൈയ്യും ഒടിഞ്ഞെന്ന് മനസിലായത്. സംഭവത്തിൽ നാട്ടുകാരും ബന്ധുക്കളും ശകാരവർഷങ്ങളുമായി വരന്റെ സുഹൃത്തുക്കളുടെ അടുത്തെത്തിയെങ്കിലും അവർ അടുത്തയാളുടെ കല്യാണത്തിനായുള്ള പണിയെപ്പറ്റി ആലോചിച്ചു തുടങ്ങിയിരുന്നു.
(തുടരും)