അനുമോൾ ജോയ്
കോഴിക്കോട് ജില്ലയിലെ ഒരു ഉൾനാടൻ ഗ്രാമത്തിലുണ്ടായ കല്യാണ സൊറ ശരിക്കും പൊല്ലാപ്പായി മാറുകയായിരുന്നു. കല്യാണത്തലേന്ന് വരന്റെ അടുത്ത സുഹൃത്തുക്കൾ വരന്റെ വീട്ടിലെത്തി.
വരനോട് ഒന്ന് പുറത്തു പോയി കറങ്ങി വന്നാലോ എന്നുസുഹൃത്തുക്കൾ ചോദിച്ചു. ചങ്കുകൾ വിളിച്ചതല്ലേ..നാളെ കല്യാണം കഴിഞ്ഞാൽ ഇങ്ങനെയുള്ള കറക്കം നടക്കില്ലല്ലോ..
വരൻ ഒട്ടും അമാന്തിക്കാതെ ബൈക്കിനടുത്തേക്കുനടന്നു. എന്നാൽ,സുഹൃത്തുക്കൾ അടുത്തെത്തി പറഞ്ഞു.. എല്ലാർക്കും കൂടെ ഒരുമിച്ച് ഇതിൽ പോകാമെന്ന് പറഞ്ഞു.
വരൻ നോക്കുമ്പോൾ ഒരു ചെറിയ ട്രാവലർ. നമ്മൾ ഇതെങ്ങോട്ടാ പോകുന്നതെന്ന് വരൻ ചോദിച്ചപ്പോ ബാച്ചിലർ പാർട്ടി അറേഞ്ച് ചെയ്തിട്ടുണ്ടെന്ന് സുഹൃത്തുക്കൾ.
എവിടെയാണെന്ന് ചോദിച്ചപ്പോൾ.. നീ വാ ഒന്ന് കറങ്ങിയിട്ട് വരാമെന്നായിരുന്നു മറുപടി. അടുത്തെവിടെയെങ്കിലും ആണെന്നുകരുതിയ വരൻ വണ്ടിയിൽ കയറി. വണ്ടി ചെന്നു നിർത്തിയ സ്ഥലം കണ്ട് ഞെട്ടി. മൂന്നാറിലെ ഒരു റിസോർട്ടിലായിരുന്നു.
വരൻ ആകുന്നത്ര തിരിച്ച് കൊണ്ടുപോകാൻ സുഹൃത്തുക്കളോട് ആവശ്യപെട്ടെങ്കിലും അവർ കേട്ട ഭാവം പോലും നടിച്ചില്ല. എന്നാൽ, ഈ സമയം വരന്റെ വീട്ടുകാർ വരനെ അന്വേഷിച്ച് നടക്കുകയായിരുന്നു.
വീട്ടിൽ ആളുകൾ വന്ന് വരനെ അന്വേഷിക്കാൻ തുടങ്ങിയപ്പോൾ “ഇപ്പോൾ വരും എന്ന് പറഞ്ഞ് വീട്ടുകാർ ഒഴിഞ്ഞു. എന്നാൽ, വീട്ടുകാർ വിളിച്ചിട്ട് നോക്കിയിട്ട് ഫോൺ സ്വിച്ച് ഓഫ്…സുഹൃത്തുക്കളുടെ ഫോണിൽ വിളിച്ചപ്പോൾ അവരുടെ ഫോണും സ്വിച്ച് ഓഫ്.
എന്താ സംഭവം എന്നറിയാതെ ബന്ധുക്കൾ നാട് മുഴുവൻ അന്വേഷിച്ചിറങ്ങി. സുഹൃത്തുക്കളുടെ ഓരോ വീട്ടിലും കയറിയിറങ്ങി. എന്നാൽ, അവർക്കൊന്നും അവരെവിടെയാണ് പോയതെന്ന് യാതൊരു അറിവും ഉണ്ടായിരുന്നില്ല.
ഒടുവിൽ വീട്ടുകാർ രണ്ടും കൽപിച്ച് പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. സൈബർ സെല്ലിന്റെ സഹായത്തോടെ ഫോണിന്റെ ലൊക്കേഷൻ നോക്കിയപ്പോൾ മൂന്നാർ എന്ന് കണ്ടെത്തി.
അവിടെയുള്ള പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടു. പോലീസുകാർ റിസോർട്ടിൽ എത്തി ചോദ്യം ചെയ്തപ്പോഴാണ് പണി ചെറുതായൊന്ന് പാളിയെന്ന് സുഹൃത്തുക്കൾക്കുമനസിലായത്.
പിന്നെ, കുറച്ച് സമയത്തിനുശേഷം വരന്റെ വീട്ടുകാരെ വിളിച്ചുതങ്ങൾ മുഹൂർത്തത്തിന് മുന്പ് എത്തുമെന്നും വരന് ഒരു പണി നൽകിയതാണെന്നും പറഞ്ഞു… ഒന്ന് പറ്റിക്കണം എന്നേ വിചാരിച്ചുള്ളുവെന്നും സുഹൃത്തുക്കൾ വീട്ടുകാരോട് പറഞ്ഞു.
ഒടുവിൽ, അവിടെ നിന്നും ചങ്ങാതിമാർ വരനെയും കൂട്ടി ഒരു പാച്ചിലായിരുന്നു..കോഴിക്കോടേക്ക്.. ഒടുവിൽ മൂഹൂർത്തതിന് മുന്പ് വരനെ വീട്ടിൽ എത്തിച്ച് താലികെട്ടിനായി സുന്ദരകുട്ടപ്പനാക്കിയതും സുഹൃത്തുക്കളാണ്.
വീട്ടുകാരും നാട്ടുകാരും ശകാരവർഷം കൊണ്ട് മൂടിയെങ്കിലും ഇതൊന്നും തങ്ങളെ ബാധിക്കുന്ന കാര്യമല്ലെന്ന രീതിയിലായിരുന്നു സുഹൃത്തുക്കൾ.
ചോദ്യങ്ങൾ അതിരു കടന്നപ്പോൾ…
കല്യാണം കഴിഞ്ഞ് വധുവരൻമാർ സ്റ്റേജിലെത്തിയാൽ റാഗിംഗ് ചെയ്യുന്നത് പുതുമയല്ലായിരിക്കും. എന്നാൽ, കാസർഗോഡ് ജില്ലയിലെ ഒരു മുസ്ലിം വിവാഹത്തിൽ നടന്ന റാഗിംഗാണ് ചൊറയായത്.
വധുവരൻമാർ സ്റ്റേജിലെത്തി…കുറച്ച് കഴിഞ്ഞ് അവതാരികയുടെ കൈയിൽനിന്നു സുഹൃത്തുക്കൾ മൈക്ക് കൈക്കലാക്കി. പിന്നീട് വരനെയും വധുവിനെയും ഓരോ കാര്യങ്ങൾ പറഞ്ഞ് വാനോളം പുകഴ്ത്തി. ഇനി വരന്റെ സുഹൃത്തുക്കളുടെ കലാപരിപാടിയാണ് എന്ന് പറഞ്ഞ് തുടങ്ങി.
വധുവരൻമാരെ രണ്ട് ഭാഗത്തായി ഇരുത്തി ചോദ്യങ്ങൾ ചോദിച്ച് തുടങ്ങി. ആദ്യം നല്ലരീതിയിൽ തുടങ്ങിയ ചോദ്യങ്ങൾ പിന്നീട് അശ്ലീല ചുവ കടന്ന് വരാൻ തുടങ്ങി.
മറുപടി നല്കാനാവാതെ മിണ്ടാതെയിരുന്ന വധുവിനും വരനും പിന്നീട് ശിക്ഷകൾ നൽകാൻ തുടങ്ങി. തമാശ അതിരുവിടുന്നു എന്ന് കണ്ടപ്പോൾ വരന്റെ അമ്മാവൻ ഇടപെട്ടു.
ഇത്തരം കോപ്രായങ്ങൾ ഇവിടെ കാണിക്കാൻ പറ്റില്ലെന്ന് താക്കീത് നൽകി. എന്നാൽ, ഇത് ഇഷ്ടപെടാത്ത കൂട്ടുകാർ അമ്മാവനുമായി തട്ടികയറി. പിന്നീട് അവിടെ ഉന്തും തള്ളുമായി. നാട്ടുകാർ ഇടപെട്ടാണ് ഇരുകൂട്ടരെയും പിടിച്ചുമാറ്റിയത്.
വെറൈറ്റി പാട്ടിൽ വധു ഇറങ്ങിപ്പോയി
വധുവരൻമാരെ കൊണ്ട് ഡാൻസ് കളിപ്പിക്കലാണ് ഇപ്പോഴത്തെ ട്രെൻഡ്. എന്നാൽ, ട്രെൻഡിനൊപ്പം കുറച്ച് വെറൈറ്റിയാക്കിയപ്പോൾ വധുവിന്റെ വായിൽനിന്ന് വരന്റെ കൂട്ടുകാർ ചീത്ത കേട്ട ഒരു സംഭവം ഉണ്ടായി കണ്ണൂരിൽ.
വരനോടും വധുവിനോടും പാട്ടുപാടി ഡാൻസ് കളിക്കാനായിരുന്നു കൂട്ടുകാർ ആവശ്യപെട്ടത്. അതിനായി അവർ രണ്ട് പാട്ടും സെലക്ട് ചെയ്ത് കൊടുത്തു.
പാട്ട് കണ്ട വധുവരൻമാർ ഞെട്ടി. ഒന്ന് ഏഴിമല പൂഞ്ചോലയും..മറ്റൊന്ന് കെട്ടിപൂടി കെട്ടിപൂടിടാ… പാട്ടും. പാട്ടിനനസുരിച്ച് ചുവട് വെച്ചാൽ പോരാ പാടുകയും വേണം. കൂട്ടുകാരോട് പരമാവധി പറഞ്ഞ് നോക്കിയെങ്കിലും അവർ സമ്മതിച്ചില്ല. ഒടുവിൽ ദേഷ്യം വന്ന വധു സ്റ്റേജിൽനിന്ന് ഇറങ്ങി പോകുകയും ചെയ്തു.
(തുടരും)