ചെന്നൈ: ഇന്ധനവില കുതിച്ചുയർന്നതോടെ തമിഴ്നാട്ടിൽ വിവാഹത്തിന് സമ്മാനമായി പെട്രോൾ നൽകി പ്രതിഷേധം വ്യാപകം. പെട്രോൾ വില കുതിച്ചുയർന്നതോടെ ഗൂഡല്ലൂരിലെ കുമരച്ചി ഗ്രാമത്തിലെ ഇലഞ്ചെഴിയനും കനിമൊഴിക്കുമാണ് കൂട്ടുകാരായ ഡിവൈഎഫ്ഐ പ്രവർത്തകർ അഞ്ചു ലിറ്റർ പെട്രോൾ സമ്മാനമായി കൈമാറിയത്.
രാജ്യത്ത് ഇന്ധനവില കുതിച്ചുയരുന്നതിനെതിരായ പ്രതിഷേധമായിരുന്നു വിവാഹത്തിൽ കാട്ടിയത്. ഇന്ധനവില ദിനംപ്രതി കൂടുന്നത് സംബന്ധിച്ച് വിവാഹത്തിൽ പങ്കെടുക്കാനെത്തിയവരെ ബോധവൽക്കരിക്കുക എന്നൊരു ലക്ഷ്യം കൂടിയുണ്ടായിരുന്നു. കൂട്ടുകാർ തന്നെ ആ പെട്രോൾ വരന്റെ ബൈക്കിൽ നിറച്ച ശേഷമാണ് മടങ്ങിയത്.
തമിഴ്നാട്ടിൽ തന്നെ ഒരു ഓട്ടോറിക്ഷ ഡ്രൈവറുടെ വിവാഹത്തിനും സുഹൃത്തുക്കൾ സമ്മാനമായി നൽകിയത് നാലു ലിറ്റർ പെട്രോളാണ്. പ്രഭു – ദിവ്യ ദന്പതികൾക്കാണ് പെട്രോൾ സമ്മാനമായി നൽകിയത്.
ഇന്ധവില വർധനവിനെത്തുടർന്ന് ഓട്ടോ ഓടിച്ച് ജീവിക്കാൻ കഴിയാത്ത സ്ഥിതിയാണെന്ന് പ്രഭുവിന്റെ കൂട്ടുകാരായ ഡ്രൈവർമാർ മാധ്യമങ്ങളോട് പറഞ്ഞു. 85 രൂപയിലധികമാണ് പെട്രോളിന് തമിഴ്നാട്ടിലെ വില. തമിഴ്നാട്ടിലെ വ്യത്യസ്തമായ പ്രതിഷേധം ലോകമാധ്യമങ്ങളിലും വാർത്തയായിട്ടുണ്ട്.