അനുമോൾ ജോയ്
വിവാഹം അലങ്കോലമാക്കൽ കല്യാണ സൊറയിൽ പങ്കെടുക്കുന്നവർക്കു പുത്തരിയല്ല.
ശരിക്കും പറഞ്ഞാൽ കല്യാണ സൊറയുള്ള നാട്ടിൽ കല്യാണം കഴിക്കാൻ പോകുവാണെന്നറിയുന്പോൾ യുവാക്കളുടെ ചങ്കിടിപ്പ് കൂടും.
വ്യത്യസ്തമായ ഒരു കല്യാണ സൊറയാണ് ശ്രീകണ്ഠാപുരത്തിനടുത്ത മലയോര പ്രദേശത്തു വരൻറെ സുഹൃത്തുക്കൾ കണ്ടെത്തിയത്.
കല്യാണം കഴിഞ്ഞ വരനെയും വധുവിനെയും നടത്തിക്കുകയെന്നതാണ്. നടത്തിക്കുകയെന്നു പറയുന്പോൾ ചില്ലറ നടത്തമൊന്നും അല്ല.
തലശേരിയിലാണ് വധുവിന്റെ വീട്. ഇവിടെനിന്നു കുറച്ചു ദൂരം കാറിൽ വധുവരൻമാരെ കൊണ്ടുവന്നു.
പിന്നീട് കുന്നുള്ള പ്രദേശമെത്തിയപ്പോൾ നൈസായി കാറ് സൈഡാക്കി കൂട്ടുകാർ പറഞ്ഞു;
ഇറങ്ങിക്കോളാൻ…കാറിന് എന്തോ തകരാറ് പറ്റിയെന്നു വിചാരിച്ചു വധുവരൻമാർ ഇറങ്ങി. അവർ ഇറങ്ങിയ പാടെ കാറുമെടുത്തു കൂട്ടുകാരൻ ഒറ്റ പോക്ക്.
വധുവരൻമാർ എന്തു ചെയ്യണമെന്നറിയാതെ പകച്ചുനിന്നു പോയി. പിന്നീട് പിറകിൽ വന്ന കൂട്ടുകാരാണ് പറഞ്ഞത്…
മെല്ലെ പാട്ടും പാടി കൈകോർത്തു പിടിച്ചു കുന്ന് കയറിയിറങ്ങ് അവിടെ ഞങ്ങളുണ്ടാകുമെന്ന്…നിവൃത്തിയില്ലാതെ വധൂവരൻമാർ നടക്കാൻ തുടങ്ങി.
വിയർത്ത് കുളിച്ച്
ഒടുവിൽ വിയർത്തുകുളിച്ചു വധുവരൻമാർ റോഡിലൂടെ നടക്കുന്പോൾ ദൂരെ തങ്ങൾ സഞ്ചരിച്ച കാർ കണ്ടു.
അവിടെ സുഹൃത്തുക്കൾ അവിടെ കാറിന്റെ എസി ഒാൺ ആക്കി അതിനുള്ളിൽ വിശ്രമത്തിലായിരുന്നു.
അവിടെനിന്നു വധുവരൻമാരെ കാറിൽ കൂട്ടി വരന്റെ വീടിന്റെ മൂന്നുകിലോമീറ്ററോളം ദൂരെ കാർ നിർത്തി. പിന്നീട് ഇവരെ ഓലക്കുടയും ചൂടിച്ചു നടത്തിച്ചു.
ഇത്തവണ ഒപ്പം പാട്ടും ഡാൻസുമായി കൂട്ടുകാരും ഉണ്ടായിരുന്നു. നടന്നുനടന്നുവാടി തളർന്ന് വീട്ടിലെത്തിയപ്പോഴാണ് അടുത്ത പൊല്ലാപ്പ്.
വീട്ടിൽ കയറാനുള്ള സമയം തെറ്റിയെന്ന് തലമൂത്ത കാർന്നവൻമാർ. അതിന്റെ പേരിൽ കെട്ടി വന്നുകയറിയ പെണ്ണിനും ചീത്തപേര്…
കണ്ടില്ലേ വന്നപ്പോൾ തന്നെ സമയം തെറ്റിയാണ് വീട്ടിൽ കയറിയത്. ഇനിയുള്ള നാളുകൾ ചെക്കന്റെ ജീവിതം എങ്ങനെയായിരിക്കുമെന്തോയെന്ന് അമ്മായിയമ്മയുടെ വക കമന്റും കൂടിയായതോടെ എല്ലാം പൂർത്തിയായി.
എന്താ വെറൈറ്റിയല്ലേ…
വിവാഹം കഴിഞ്ഞ് വരന്റെ വീടിനുസമീപം നിർത്തി വധുവരൻമാരെ നടത്തിക്കൽ സ്ഥിരം കാഴ്ചയാണെങ്കിലും ചെരുപ്പുമാലയും അണിഞ്ഞുപോകുന്നത് കോഴിക്കോട് ജില്ലയിലെ ഗ്രാമങ്ങളിലെ പതിവു കാഴ്ചയാണ്.
2013ൽ കോഴിക്കോട് ജില്ലയിലെ വടകരയിലുള്ള കല്യാണ വീട്ടിലാണ് സംഭവം നടന്നത്.
വധുവരൻമാർ വരന്റെ വീട്ടിലേക്കുപ്രവേശിക്കുന്ന വഴിയുടെ സമീപത്തായി വരന്റെ ഒരു പറ്റം സുഹൃത്തുക്കളെത്തി വാഹനം തടഞ്ഞു.
ഇവിടെനിന്നു നടന്നു വരന്റെ വീട്ടിലേക്ക് പോണത്രേ. വരനും വധുവും കാറിൽ നിന്നിറങ്ങി നടക്കാൻ തുടങ്ങുന്പോഴാണ് അടുത്ത ട്വിസ്റ്റ്.
കഴുത്തിലെ പൂമാല മാറ്റി പകരം അവർക്ക് ധരിക്കാനായി പഴകിയ ചെരുപ്പുകൾകൊണ്ട് നിർമിച്ച ഒരു മാല കൊടുത്തു. ആദ്യം കഴുത്തിലിടാൻ വിസമ്മതിച്ച വധുവിനെ ഓരോന്ന് പറഞ്ഞ് അവർ ചെരുപ്പ് മാല ധരിപ്പിച്ചു.
പിന്നെ മെല്ലെ മന്ദം മന്ദം പാട്ടുപാടി നടത്തം. വീട്ടിലെത്തി മാല ഉൗരാൻ നോക്കിയ വധുവിനോട് ഇത് ഇട്ട് വേണത്രേ വീട്ടിൽ കയറാൻ എന്നും വരന്റെ സുഹൃത്തുക്കൾ പറഞ്ഞു.
ഒടുവിൽ വധുവിന് ചെരിപ്പ് കഴുത്തിൽ തൂക്കി വീട്ടിൽ കയറേണ്ടി വന്നു.
വരന് കൊടുക്കും പുത്തൻ ഡ്രസ്…
വരനെകൊണ്ട് കല്യാണ ഡ്രസ് മാറ്റി വികൃതമായ വസ്ത്രങ്ങൾ ധരിപ്പിക്കലായിരുന്നു ഒരു കാലത്തെ ട്രെൻഡ്.
കാസർഗോഡ് ജില്ലയിലെ രാജപുരത്ത് 2016ലാണ് വരന്റെ കൂട്ടുകാർ വരനായുള്ള വസ്ത്രത്തിൽ പുതുമ തേടിയത്.
പെണ്വേഷം കെട്ടിച്ചുവീടുവരെ നടത്തിക്കുക. വിവാഹ വേഷത്തിൽ രാവിലെ കുളിച്ചൊരുങ്ങി താലികെട്ടും കഴിഞ്ഞുപുറത്തേക്കിറങ്ങിയപ്പോഴാണ് പുത്തൻ വസ്ത്രവുമായി വരന്റെ കൂട്ടുകാരുടെ വരവ്.
വധുവിനോട് നൈസായി സൈഡിലേക്ക് മാറിനിന്നോയെന്നുപറഞ്ഞ് കൂട്ടുകാർ വരനെ അണിയിച്ചൊരുക്കാൻ തുടങ്ങി. കൈയിൽ നിറയെ കരിവളകളും പാവാടയും ബ്ലൗസും നെറ്റിയിൽ വലിയ വട്ടപൊട്ടും.
കൂടെ വാർമുടിയും. വരനെ നോക്കി നിന്ന വധു ഞെട്ടി.. മുന്നിൽ ഒരു പെണ് വേഷം. വധുവിനെ കൊണ്ട് വരന്റെ പാവാട തുന്പിൽ പിടിപ്പിച്ചു.
പിന്നെ വരന്റെ വീടുവരെ വരന് ഇതാണ് വേഷം. വധുവിന്റെ വേഷം കെട്ടി കൊഞ്ചാനും കുഴയാനും കൂട്ടുകാരും ഉണ്ട് ഒപ്പം.
കൈകൊട്ടി പാട്ട് പാടിയും നൃത്തം ചെയ്തുമാണ് വധുവരൻമാരെ ആനയിക്കുന്നത്. ചെറുക്കന്റെയും പെണ്ണിന്റെയും അവസ്ഥ ദയനീയം.
(തുടരും).