അനുമോൾ ജോയ്
വിവാഹം കഴിക്കാൻ പോകുന്ന വരന്റെ മണിയറ ഒരുക്കൽ സുഹൃത്തുക്കളുടെ അവകാശമാണെന്നാണ് പൊതുവെയുള്ള അഭിപ്രായം. എന്നാൽ, കൂട്ടുകാരെ മണിയറ ഒരുക്കാൻ വിട്ടാൽ പ്രശ്നങ്ങൾ അതീവ ഗുരുതരമാണ്…
ചെക്കന്റെയും പെണ്ണിന്റെയും മണിയറ ഒരുക്കുന്നതിൽ കാസർഗോഡ് മുതൽ മലപ്പുറംവരെയുള്ളവർ ഒട്ടും പിന്നിലല്ല. മണിയറയിൽ നായ്ക്കരുണ പൊടി വിതറുക, ഫാനിൽ മുളകുപൊടി, കിടപ്പറയിൽ പടക്കം, അലാറാം തുടങ്ങി നിരവധി പണികളാണ് ഇവർ വധുവരൻമാർക്ക് കൊടുക്കുക.
കൂട്ടുകാരുടെ ഈ പണികളിൽ പൊറുതി മുട്ടി പലരും റൂമുകൾ വരെ മാറി കിടക്കാറുണ്ടത്രേ.
ചൊറിഞ്ഞ് മധുവിധു ആഘോഷം
കല്യാണ സൊറകൾ അത്ര കേട്ട് കേൾവിയില്ലാത്ത കണ്ണൂരിലെ മലയോരത്തെ ഒരു ഗ്രാമത്തിൽ 2005ൽ നടന്ന സംഭവമാണ്. ഇതരസംസ്ഥാനത്തു പോയി പഠിച്ച് തിരിച്ചു വന്ന വരന്റെ കൂട്ടുകാർ വരന് കൊടുത്തത് എട്ടിന്റെ പണിയാണ്.
വിവാഹത്തിന് ഇതരസംസ്ഥാനത്ത് കൂടെ പഠിച്ച സഹപാഠികളാണ് വിവാഹം കളർഫുൾ ആക്കാൻ നോക്കിയത്. ആട്ടവും പാട്ടുമായി വിവാഹം അതിഗംഭീരമായി തന്നെ അവർ ആഘോഷിച്ചു.
വരന്റെ വീട്ടിലെത്തിയ കൂട്ടുകാർക്ക് ഒരേ നിർബന്ധം മണിയറ ഒരുക്കണം എന്ന്… കൂട്ടുകാരുടെ ഒരു ആഗ്രഹമല്ലേ എന്നോർത്ത് വരൻ സമ്മതം മൂളി. മുല്ലപ്പൂവ് വച്ചും ബലൂണുകൾ കൊണ്ടും അലങ്കാര റിബണുകൾ കൊണ്ടും മനോഹരമായി അവർ മണിയറ അലങ്കരിച്ചു.
മണിയറയിൽ എത്തിയ വരനും വധുവും അദ്ഭുതപ്പെട്ടു. മണിയറയിലെ കർട്ടൻ മുതൽ എല്ലാം ഒരേ റെഡ് കളറിൽ അലങ്കരിച്ചിരിക്കുന്നു. വെള്ള കളറിലുള്ള ബെഡ്ഷീറ്റിന്റെ നടുക്കായി ചുവന്ന റോസാപ്പൂ ഹൃദയത്തിന്റെ ആകൃതിയിൽ വെച്ചിരിക്കുന്നു.
എല്ലാം കൊണ്ടും വളരെ മനോഹരം. എല്ലാം നോക്കി കണ്ട്, നാണിച്ചു കൈയിലെ പാൽ വരന് നൽകി കട്ടിലിൽ പോയിരുന്നപ്പോഴാണ് ചെറുതായൊന്ന് പണിപാളിയെന്ന് വധുവിനുതോന്നിയത്.
ശരിരം അവിടിവിടെയായി ചൊറിയുന്നു. വരനോട് പറഞ്ഞാൽ മോശമല്ലേയെന്ന് കരുതി വധു ഒന്നും പറഞ്ഞില്ല. എന്നാൽ, പുറകെ എത്തിയ വരനും ഇതേ അവസ്ഥ. ചൊറിച്ചിൽ അസഹനീയമായപ്പോൾ വധു വരനോടു കാര്യം പറഞ്ഞു.
ഇതിനകം ചൊറിഞ്ഞു തുടങ്ങിയ അവനും പന്തികേടു തോന്നിയിരുന്നു. വരൻ മെല്ലെ എഴുന്നേറ്റ് ബഡ് ഷീറ്റ് എടുത്ത് കുടഞ്ഞു. അപ്പോഴേക്കും വെള്ളപൊടി വരന്റെയും വധുവിന്റെയും ദേഹത്തോട്ട് വീണു.
പിന്നെ, പരസ്പരം ഇരുന്ന് ചൊറിഞ്ഞ് ആദ്യരാത്രി ഉറക്കമില്ലാത്ത രാത്രിയായി കടന്നു പോയി. അപ്പോൾ മാത്രമാണ് വരന്റെ കൂട്ടുകാർ നൽകിയ സ്നേഹ സമ്മാനമാണിതെന്ന് മനസിലായത്.
ഫാനിൽ മുളക് പൊടി, റൂമിൽ അലാറാം…
കോഴിക്കോട് ജില്ലയിലെ കുറ്റ്യാടിയിൽ മധുവിധു അലങ്കോലമാക്കാൻ വരന്റെ കൂട്ടുകാർ ഒപ്പിച്ച പണിയാണ് പൊല്ലാപ്പായി മാറിയത്. ഇത്തവണ റൂമിലെ എസി വരന്റെ കൂട്ടുകാർ തകരാറിലാക്കി.
തുടർന്ന്, ഫാനിൽ നൈസായി കുറച്ച് മുളക് പൊടിയും വാരി വിതറി. പിന്നെ ബെഡ് റൂമിൽ ഏഴ് അലാറങ്ങൾ വിവിധ സമയത്ത് സെറ്റ് ചെയ്തു.
വിവാഹ പരിപാടികളെല്ലാം കഴിഞ്ഞ് രാത്രി മണിയറയിലെത്തി വധുവരൻമാർ ഉഷ്ണം സഹിക്ക വയ്യാതെ ഫാൻ ഇട്ടപ്പോഴാണ് പണി കിട്ടിയത്.
നിറയെ മുളക് പൊടി കണ്ണിലും ദേഹത്തും. ഒരു വിധം കണ്ണും മുഖവും കഴുകി പുകച്ചിൽ അകറ്റി എത്തിയപ്പോഴേക്ക് സമയം രണ്ടായി. പേപ്പറെടുത്ത് വീശിയും മറ്റും സമാധാനത്തോടെ ബെഡിലേക്ക് ഉറങ്ങാനായി കിടന്നപ്പോഴാണ് അടുത്ത പണി.
തലയണയുടെ അടിയിൽ നിന്നും അലാറാം അടിക്കുന്നു. ഒരു വിധത്തിൽ അത് ഓഫ് ചെയ്ത് കിടന്നപ്പോഴാണ് മൂന്നിന് വീണ്ടും അലാറാം സൗണ്ട്.
അത് ബെഡിന്റെ അടിയിലായിരുന്നു. പിന്നെ 3.30, 4, 4.30 തുടങ്ങി നേരം വെളുക്കുവോളം റൂമിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി അലാറാം അടിച്ചുകൊണ്ടയിരുന്നു.
കിടപ്പറയിൽ പടക്കം..
വിവാഹത്തിന് പടക്കം പൊട്ടിച്ചാഘോഷിക്കുന്നത് കണ്ട് വരുന്നതാണ്. കാസർഗോഡ് ജില്ലയിലെ ഉപ്പളയിൽ വിവാഹഘോഷം വെറൈറ്റിയാക്കാൻ വേണ്ടി വരന്റെ കൂട്ടുകാർ കണ്ടെത്തിയത് കിടപ്പറയിൽ പടക്കം പൊട്ടിക്കുകയെന്നതായിരുന്നു.
വധുവരൻമാർ വീട്ടിലെത്തി കിടക്കാനായി കിടപ്പറയിൽ കയറിയ സമയത്ത് ജനൽ വാതിലിന് പുറത്ത് തൂക്കിയിട്ട മാലപ്പടക്കത്തിന് തീ കൊടുത്തു. വധുവരൻമാർ ഞെട്ടി. എന്താ ചെയ്യേണ്ടതെന്ന് ഒരു പിടിപാടും കിട്ടിയില്ല.
പടക്കം പൊട്ടുന്നതെന്ന് കുറച്ചു കഴിഞ്ഞാണ് മനസിലായത്. ശബ്ദം കേട്ട് വീട്ടുകാരും നാട്ടുകാരും ഓടി കൂടി. എന്നാൽ, ആളുകൾ കൂടുന്നതറിഞ്ഞ കൂട്ടുകാർ ജീവനും കൊണ്ട് ഓടി.
ശബ്ദം കേട്ട് പേടിച്ച് വധുവിന്റെ ബോധം പോയി. പിന്നെ, വധുവിനെയും കൊണ്ട് ആശുപത്രിയിലേക്ക് ഓട്ടമായിരുന്നു. ഡ്രിപ്പും ഇട്ട് വധുവിനെ കിടത്തി നേരം വെളുക്കും വരെ വരനും വീട്ടുകാരും ആശുപത്രിയിൽ കഴിയേണ്ടി വന്നു.
(തുടരും)