അനുമോൾ ജോയ്
“വീട്ടിൽ വന്ന് കയറിയ പെണ്ണിന് പണി വല്ലോം അറിയുമോന്ന് നോക്കേണ്ടേ…’ വരന്റെ കൂട്ടുകാരന്റെ വക കമന്റ്.. വരന്റെ വീട്ടിലോട്ട് വലതുകാൽ വച്ച് കയറാൻ തുടങ്ങിയ വധുവൊന്ന് ഞെട്ടി.
ഇവര് ഇനി എന്ത് പണിയാണോ തരുന്നതെന്നോർത്ത്. ഒട്ടും അമാന്തിക്കാതെ കൂട്ടുകാർ പണിയുമായെത്തി. ഒരു തേങ്ങയും കൂടെ ഒരു വാക്കത്തിയും. പെണ്ണിന്റെ കൈയിൽ കൊടുത്തിട്ട് പറഞ്ഞു.. ഇരുന്ന് തേങ്ങ പൊതിച്ചോളാൻ. വധുവിന് ഇത് വല്ലോം അറിയോ..
കൂട്ടുകാർ പറഞ്ഞത് കേട്ടില്ലെങ്കിൽ ഇതിലും വലിയ പണി കിട്ടുമെന്ന് ഭയന്ന് വധു വേഗം തന്നെ സാരിയെല്ലാം മടക്കി കുത്തി വാക്കത്തിയുമെടുത്ത് തേങ്ങ പൊതിക്കാൻ തുടങ്ങി. എത്ര കൊത്തിയിട്ടും തേങ്ങ പൊതിഞ്ഞു വരുന്നില്ല.
ചുറ്റും വരന്റെ ബന്ധുക്കളും. കൂട്ടുകാരുടെ കമന്റ് കൂടി വന്നതോടെ പെണ്ണ് ഇപ്പോ കരയും എന്ന അവസ്ഥയിലായി കാര്യങ്ങൾ.
വരൻ കൂട്ടുകാരോട് ഞാൻ ഹെൽപ് ചെയ്യട്ടെയെന്ന് ചോദിച്ചെങ്കിലും അതിനും പെണ്ണിന് കളിയാക്കൽ കിട്ടി. ഒടുവിൽ സമയമെടുത്ത് പെണ്ണ് തേങ്ങ പൊതിച്ച് എഴുന്നേറ്റപ്പോഴേക്കും ആകെ വിയർത്ത് കുളിച്ചിരുന്നു.
ഇപ്പോ ശരിയാക്കി തരാം…
സംഭവം കണ്ണൂർ ജില്ലയിലാണ്. വിവാഹത്തിനുശേഷം വധു ഐശ്വര്യമായി വരന്റെ വീട്ടിലേക്ക് കാൽ എടുത്തു വയ്ക്കുന്നു. വീട്ടിനുള്ളിലെ ചടങ്ങല്ലാം കഴിഞ്ഞ് ഒന്ന് വിശ്രമിക്കാം എന്ന് നോക്കുമ്പോഴാണ് വരന്റെ ഒരു പറ്റം സുഹൃത്തുക്കളെത്തുന്നത്.
ലക്ഷ്യം പുതുപെണ്ണിനെ റാഗ് ചെയ്യുകയെന്നതാണ്. ഓരോരോ കാര്യങ്ങൾ പറഞ്ഞ് പെണ്ണിനെ ഇങ്ങനെ കളിയാക്കികൊണ്ടിരുന്നു.
അപ്പോഴാണ് കൂടെ നിന്ന കൂട്ടുകാരിൽ ഒരുത്തന് പെണ്ണിന് വെറൈറ്റിയായി ഒരു പണി കൊടുക്കാം എന്ന ചിന്ത വന്നത്. ഉടൻ അത് അടുത്തുള്ള കൂട്ടുകാരോടും പറഞ്ഞു. അവർക്കും താത്പര്യം. ഒട്ടും അമാന്തിക്കാതെ പിന്നെ അതിനായുള്ള തന്ത്രപാടായിരുന്നു.
തലേദിവസം ഭക്ഷണം വച്ച ഒരു വലിയ കരിപാത്രവുമായാണ് അവർ മടങ്ങിയെത്തിയത്. കല്യാണ സാരിയിൽ തന്നെ കല്യാണപെണ്ണിനെ കൂട്ടികൊണ്ട് പോയി ഇതിന്റെ മുന്നിൽ നിർത്തി.
ഇവർ എന്താണ് പറയാൻ പോകുന്നതെന്ന ടെൻഷനിലായിരുന്നു വധു. ഇടയ്ക്ക് വരനെ ഇടം കണ്ണിട്ട് നോക്കി കാര്യം എന്താണെന്ന് അന്വേഷിക്കുന്നുണ്ടെങ്കിലും വരന് അറിയില്ലെന്നായിരുന്നു മറുപടി.
വലിയൊരു പ്രസംഗത്തിന് ശേഷം കൂട്ടുകാർ തങ്ങളുടെ ആവശ്യം വധുവരൻമാർക്ക് മുന്നിൽ അവതരിപ്പിച്ചു. വന്ന് കയറിയ പെണ്ണിന് പാത്രം കഴുകാനറിയാമോയെന്ന് നോക്കണമെന്ന്..
വധു നോക്കുമ്പോൾ തന്നെക്കാളും വലിയൊരു പാത്രം.. ഇത് കണ്ടപ്പോൾതന്നെ എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലായി വധു. ഒടുവിൽ കൂട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി ചാഞ്ഞും ചെരിഞ്ഞും കിടന്ന് കരിപാത്രം കഴുകി ..
വൃത്തിയായില്ലെന്ന് പറഞ്ഞ് കൂട്ടുകാർ നിർബന്ധിച്ച് രണ്ട് മൂന്ന് തവണ കഴുകിച്ചു. പുതിയ സാരിയും മുഖവും എല്ലാം നിറയെ കരിയും.
ഇതുകൂടെ ആയപ്പോൾ വധു ഇപ്പോ കരയും എന്ന അവസ്ഥയിലായി. ഒടുവിൽ വരൻ ഇടപെട്ട് കൂട്ടുകാരെ ഒരു വിധം പറഞ്ഞ് വിട്ടു.
അമ്മായിഅമ്മയുടെസപ്പോർട്ടും
വരന്റെ വീട്ടിൽ വലതുകാൽ വച്ച് കയറിയ പാടെ അമ്മായിയമ്മയുടെ വക ചോദ്യം. “നിനക്ക് തുണിയലക്കാൻ അറിയോ…’ ഒരു നിമിഷം കൂടി നിന്നവരെല്ലാം ഞെട്ടി.
ഇവരെന്താ ഇങ്ങനെ ചോദിക്കുന്നത്. പെണ്ണ് “അറിയാം’ എന്ന് മറുപടി. അപ്പോഴത്തേക്കും രണ്ട് മൂന്ന് ജോഡി അലക്കാനുള്ള വസ്ത്രങ്ങളുമായി വരന്റെ കൂട്ടുകാർ അവിടെയെത്തിയിരുന്നു.
അപ്പോഴാണ് സംഭവമെന്താണെന്ന് ചുറ്റും കൂടി നിന്നവർക്ക് കത്തിയത്. വധുവിനെയും കൂട്ടി അലക്ക് കല്ലിന്റെ അടുത്ത് കൊണ്ടുപോയി. എന്നിട്ട് ദൂരെ മുറ്റത്തിന്റെ സൈഡിലായുള്ള ഒരു കിണറും ചൂണ്ടി കാണിച്ചു.
നല്ല ആഴത്തിലുള്ള കിണറിൽ നിന്നും വെള്ളം വലിച്ച് കോരി. അലക്ക് കല്ലിന്റെ അടുത്ത് വന്ന് അലക്കണം. വധു നിസഹായവസ്ഥയിൽ എല്ലാവരേയും നോക്കി. അമ്മായിയമ്മയും ഇവർക്ക് സപ്പോർട്ടായതോടെ ചെയ്യാതെ പറ്റില്ലെന്ന സ്ഥിതിയിലായി. ആഴത്തിലുള്ള കിണറിൽ നിന്നും വെള്ളം വലിച്ച് കോരി ഒടുവിൽ തുണി അലക്കി കൊടുത്തു.
(തുടരും)