അനുമോൾ ജോയ്
വിവാഹ ദിവസം വധുവരൻമാർക്ക് പണികൊടുക്കാൻ ഭക്ഷണത്തിലും കൂട്ടുകാർ വെറൈറ്റി തേടാറുണ്ട്. കണ്ണൂരിലെ ക്രിസ്ത്യൻ കല്യാണത്തിലാണ് വധുവരൻമാരെ വെറൈറ്റി ജ്യൂസ് കഴിപ്പിച്ചു കൂട്ടുകാർ ആശുപത്രിയിലാക്കിയത്. അത് എന്ത് ജ്യൂസന്നല്ലേ.. നല്ല ഒന്നാന്തരം കാന്താരി ജ്യൂസ്.
വധുവരൻമാർ പരസ്പരം ഇളനീര് കഴിക്കുന്ന ഒരു ചടങ്ങുണ്ട്. മധുരം വയ്ക്കൽ ചടങ്ങാണ്.. ഇളനീർ വെള്ളത്തിനു പകരം അതിൽ കാന്താരി ജ്യൂസ് ഒഴിച്ചു വച്ചു. ബാക്കി ചടങ്ങുകളെല്ലാം കഴിഞ്ഞ് ഇളനീർ കുടിക്കുന്ന സമയമെത്തി.
ഈ സമയം സ്റ്റേജിലേക്കു വരന്റെ ഒരു കൂട്ടം കൂട്ടുകാർ ആർപ്പ് വിളിച്ച് ഇളനീരുമായെത്തി. അത് വധൂവരൻമാർക്കു നൽകി. ഫോട്ടോ ഗ്രാഫർമാരുടെ ഫോട്ടോയെടുപ്പ് കഴിഞ്ഞ് ഇരുവരും ജ്യൂസ് വലിച്ചു കുടിച്ചു.
കല്യാണത്തിന്റെ ക്ഷീണം കാരണം ദാഹിച്ചു നിന്ന അവർ ഇളനീരെന്നു കരുതി ജ്യൂസ് കുടിച്ചതു മാത്രമേ ഓർമയുള്ളു. വധൂവരൻമാരുടെ നിലവിളി കേട്ട് എന്താ കാര്യമെന്ന് ആർക്കും മനസിലായില്ല.
കൂട്ടുകാർ വെള്ളം കൊടുക്കുന്നുണ്ടെങ്കിലും അത് കൊണ്ടൊന്നും എരിവ് പോകുന്നില്ലായിരുന്നു. ബഹളത്തിനിടയിൽ ജ്യൂസ് വധുവിന്റെ കണ്ണിലും പോയി. പിന്നെ നേരെ വിവാഹ പന്തലിൽനിന്ന് ആശുപത്രിയിലേക്ക്.രണ്ട് ദിവസമാണ് വധുവരൻമാർ ആശുപത്രിയിൽ കിടന്നത്.
ചോറിൽ മണ്ണ്, തലയിൽ സാന്പാർ…
ഒരു കാലത്ത് മലബാറിലെ വിവാഹ വേദികളിൽ കണ്ടിരുന്ന സ്ഥിരം പരിപാടിയാണ് വധുവരൻമാർക്ക് പരസ്പരം ചോറ് വാരി നൽകുന്നത്. ആ രീതി ഇന്നും തുടർന്നു വരുന്നുണ്ട്.
എന്നാൽ, 2018ൽ കണ്ണൂരിലെ ഒരു ഗ്രാമത്തിൽ നടന്ന വിവാഹത്തിൽ വരന്റെ കൂട്ടുകാർക്ക് അമ്മാവൻമാരുടെ വക നല്ല തല്ലുകിട്ടിയ സംഭവമുണ്ടായിരുന്നു. വധുവരൻമാർ ഭക്ഷണം കഴിക്കാനെത്തിയപ്പോൾ കൂട്ടുകാരെത്തി പതിവ് കലാപരിപാടികൾ തുടങ്ങി.
പരസ്പരം വാരി കൊടുക്കലും മറ്റും കഴിഞ്ഞപ്പോൾ കൂട്ടത്തിലുള്ള ഒരു കൂട്ടുകാരന് കൗതുകം. ചോറിൽ അല്പം മണ്ണ് വാരിയിട്ടാൽ എന്താ കുഴപ്പം…പിന്നെ ഒന്നും ആലോചിച്ചില്ല…ഉടൻ വാരിയിടുകയും ചെയ്തു. എന്നിട്ട് വാരി കഴിച്ചോളാൻ ഒരു പറച്ചിലും…വധുവരൻമാർ എന്താണ് ചെയ്യേണ്ടതെന്ന് അറിയാതെ ഇരുന്നു.
ചോറ് തിന്നില്ലെങ്കിൽ തലയിൽ കറിയൊഴിക്കുമെന്ന് മറ്റൊരു കൂട്ടുകാരൻ… തിന്നാൻ കൂട്ടാക്കാത്ത വധുവരൻമാരുടെ തലയിൽ പിന്നെ സാമ്പാർ ഒഴുകി.
ഇരുവരുടെയും കണ്ണിലും പോയി. ഇത് കണ്ടു നിന്ന വരന്റെ അമ്മാവൻമാരും ബന്ധുക്കളും രംഗത്തെത്തി. പിന്നെ, വരന്റെ കൂട്ടുകാർക്ക് അമ്മാവൻമാരുടെ വക നല്ലോണം കിട്ടി.
മഞ്ഞൾ വെള്ളത്തിൽ കുളി
കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് 2008ൽ നടന്ന ഒരു സംഭവമാണ്. ഒരു ഹിന്ദു വിവാഹമാണ് വേദി.വധുവിന്റെ വീട്ടിൽനിന്നു വിവാഹം കഴിഞ്ഞു വരന്റെ വീട്ടിലേക്ക് എത്തി.
വരന്റെയും വധുവിന്റെയും വീടുകൾ തമ്മിൽ കുറച്ചു ദൂരം മാത്രമേ ഉള്ളു. അതുകൊണ്ട് തന്നെ കൂട്ടുകാരെല്ലാം വട്ടംകൂടി ഓലക്കുടയും ചൂടി നടന്നാണ് വധുവിന്റെ വീട്ടിലേക്കു പോയത്. കുറച്ച് ദൂരം എത്തിയപ്പോൾ ഇലകൊണ്ടുള്ള മാലകകൾ വധുവരൻമാർക്കു ചാർത്തി കൊടുത്തു.
പിന്നെ, കൈകൊട്ടി പാട്ടുമായി വധുവിന്റെ വീട്ടിലേക്ക്. എന്നാൽ, വധുവിന്റെ വീടെത്തുന്നതിന് മുന്പ് കൂട്ടുകാർ വട്ടം കൂടി.ദേഹ ശുദ്ധി വരുത്തിയിട്ട് വേണം വരന്റെ വീട്ടിൽ കയറാനെന്നു വരന്റെ കൂട്ടുകാർ.
അതിനായി അവർ എടുത്തത് മഞ്ഞൾ വെള്ളവും. കുറെ മഞ്ഞൾ പൊടി വാങ്ങി കലക്കിയ വെള്ളവുമായി കൂട്ടുകാരെത്തി. എന്നാൽ, മഞ്ഞൾ വെള്ളം ദേഹത്ത് ഒഴിക്കാൻ പറ്റില്ലെന്നു വധു പറഞ്ഞു.
ഇത് കേട്ട് കൂട്ടുകാർ ആ വെള്ളം എടുത്ത് വധുവിന്റെ തലയിൽ കൂടി ഒഴിച്ചു.വരനെയും അവർ വെറുതെ വിട്ടില്ല. വധുവിന്റെ കരച്ചിൽ കണ്ട വീട്ടുകാർ കൂട്ടുകാരോടു തട്ടികയറി. എന്നാൽ, ഇതൊന്നും തങ്ങളെ ബാധിക്കുന്ന പ്രശ്നമല്ലെന്ന രീതിയിലായിരുന്നു കൂട്ടുകാരുടെ നിൽപ്.
എട്ടിന്റെ പണികൊടുത്തൊരു ഫ്ലക്സ്
കല്യാണ വീട്ടിലേക്കു കയറി ചെല്ലുമ്പോൾ തന്നെ കാണാം.. വരന്റെ സ്വഭാവഗുണങ്ങൾ എഴുതി വച്ച ഫ്ലക്സ് ബോർഡുകൾ. കോഴികളുടെ രാജാവിനു വിവാഹ ആശംസകൾ..! എന്ന് തുടങ്ങി വരൻ ചെയ്തിട്ടുള്ള നല്ലതും മോശവുമായ കാര്യങ്ങളെല്ലാം ഫ്ലക്സിൽ നിറയും.
കോഴിക്കോട് ജില്ലയിലെ ഒരു ഉൾപ്രദേശത്തു വരന്റെ ഗുണഗണങ്ങൾ എഴുതി തരക്കേടില്ലാത്ത വലുപ്പത്തിൽ കൂട്ടുകാർ ഒരു ഫ്ലക്സ് വച്ചു. അതിൽ വരൻ കോളജ് കാലഘട്ടത്തിൽ കാണിച്ച തമാശകളും കൂട്ടുകാർക്കു വരനെക്കുറിച്ചുള്ള അഭിപ്രായങ്ങളെല്ലാം രേഖപ്പെടുത്തിയിരുന്നു.
കൊച്ചുപിള്ളേർ ഇത് വായിച്ചു ചിരിച്ച് പോയെങ്കിലും വരന്റെ തലമുതിർന്ന ബന്ധുക്കൾക്കു ഫ്ലക്സിലെ ഗുണങ്ങളും വിശേഷണങ്ങളും തീരെ ഇഷ്ടപ്പെട്ടില്ല.
അഴിച്ചുമാറ്റാൻ ആവശ്യപെട്ടു. എന്നാൽ, വരന്റെ കൂട്ടുകാർ അതു സമ്മതിച്ചില്ല. ഇതോടെ അടിയായി. അടിയെന്ന് പറഞ്ഞാൽ വരന്റെ കൂട്ടുകാരും അമ്മാവൻമാരും തമ്മിൽ പൊരിഞ്ഞ തല്ല്. ഒടുവിൽ പോലീസിന് ഇടപെടേണ്ടി വന്നു.
(തുടരും)