അനുമോൾ ജോയ്
കണ്ണൂർ തോട്ടടയിൽ വിവാഹ വീടുകളില് അരങ്ങേറിയ ദുരന്ത സംഭവത്തിന്റെ ഞെട്ടലിൽനിന്നു കേരളം ഇതുവരെ മുക്തരായിട്ടില്ല.
വരന്റെ രണ്ട് സ്ഥലങ്ങളിലെ കൂട്ടുകാർ തമ്മിൽ വിവാഹത്തലേന്നു നൃത്തം ചെയ്യാനായി പാട്ട് വയ്ക്കുന്നതുമായി ബന്ധപ്പെട്ടു നടന്ന തർക്കത്തിന്റെ പേരിൽ വിവാഹദിവസം പൊലിഞ്ഞത് ഒരു യുവാവിന്റെ ജീവനാണ്.
വിവാഹ ദിവസം സ്വന്തമായി നിർമിച്ച ബോംബുമായാണ് ഒരു കൂട്ടം ചെറുപ്പക്കാർ വിവാഹ പന്തലിലെത്തിയത്. ബോംബ് എറിയുമ്പോൾ സ്വന്തം ടീമിലെ തന്നെ ആളിന്റെ തലയിൽ തട്ടി പൊട്ടി തെറിക്കുമെന്ന് അവർ സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല.
പ്രതീക്ഷിക്കാത്ത കാര്യം നടന്നത് കൊണ്ട് അവർ ആകെ പരിഭ്രാന്തരായി. ചിതറിയോടി. ഒടുവിൽ പോലീസിലെത്തി കീഴടങ്ങി. ഇപ്പോൾ ജയിലറയിൽ കഴിയുന്നു.
പറഞ്ഞു തീർക്കാവുന്ന ചെറിയൊരു പ്രശ്നത്തിന്റെ പേരിൽ പൊലിഞ്ഞു പോയത് ഒരു വീടിന്റെ പ്രതീക്ഷയാണ്. സ്വയം കുറ്റം സമ്മതിച്ചു കീഴടങ്ങിയ പ്രതി അക്ഷയിയുടെ പിതാവ് പോലീസ് സ്റ്റേഷനിലെത്തി പറഞ്ഞതു തന്റെ മകൻ ഒരിക്കലും ഇങ്ങനെ ചെയ്യില്ലെന്നാണ്.
മക്കൾ തെറ്റ് ചെയ്യില്ലെന്ന അച്ഛനമ്മമാരുടെ വിശ്വാസമാണ് ഇവിടെ തകർന്നടിഞ്ഞത്. ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല.. ജീവൻ പൊലിയുന്നത് ആദ്യസംഭവമാണെങ്കിലും ഇത്തരം വിവാഹ ആഭാസങ്ങളിൽപെട്ട് നിരവധി വധുവരൻമാർക്കു പരിക്കുകളേറ്റിട്ടുണ്ട്.
സ്വന്തം കൂട്ടുകാരെ സംരക്ഷിക്കാൻ പലപ്പോഴും ആരും അതു പുറത്തു പറയാറില്ല.
വിവാഹാ ആഭാസങ്ങളോട് വിട…
മലബാറിൽ നടക്കുന്ന വിവാഹ ആഭാസങ്ങളുമായി ബന്ധപ്പെടുത്തി ചീത്തപേരിലാക്കുമെന്ന ആശങ്കയിലാണ് ജനപ്രതിനിധികൾ.
ഇതിന്റെ അടിസ്ഥാനത്തില് സംഭവത്തിനു ശേഷം എല്ലാ മേഖലകളിലും ബോധവത്കരണവും മറ്റ് കാമ്പയിനുകളുമായി ജനപ്രതിനിധികളും മറ്റു പ്രവര്ത്തകരും സജീവമായി രംഗത്തെത്തിയിട്ടുണ്ട്. വ
ര്ഷങ്ങള്ക്കു മുന്പ് നടന്നിരുന്ന വിവാഹ ധൂര്ത്തുകളെ വലിയ കാന്പയിൻ മുഖേന പടിക്കു പുറത്താക്കിയതായിരുന്നു. എന്നാൽ, വര്ഷങ്ങള്ക്കിപ്പുറം വീണ്ടും ഇത്തരം ആര്ഭാട, ആഭാസങ്ങള് വിവാഹവേളകളില് തലപൊക്കിയതു കൂടുതല് ഗുരുതരമായ അവസ്ഥയിലേക്കു നീങ്ങുന്നുവെന്ന പശ്ചാത്തലത്തിലാണ് വിവിധ മേഖലകളില് നിന്നും ഇതിനെതിരെ വിവിധ പദ്ധതികള് ആവിഷ്കരിക്കുന്നത്.
പോലീസും രംഗത്ത്
മലബാറുകളിലും മറ്റും നടക്കുന്ന അതിരുകടന്ന വിവാഹ ആാഭസങ്ങൾക്കു തടയിടാൻ പോലീസും രംഗത്തെത്തിയിട്ടുണ്ട്. വിവാഹങ്ങളും വിവാഹ സല്ക്കാരങ്ങളും ലഹരി വിമുക്തമായും സഭ്യമായുമാണ് നടത്തുന്നതെന്ന് ഉറപ്പു വരുത്താന് ജനപ്രതിനിധികള് ഇടപെടണമെന്നാണ് പോലീസ് നൽകുന്ന നിർദേശം.
ഇത്തരം സംഭവങ്ങള്ക്കെതിരെ പോലീസ് നടപടിയെടുക്കുന്നില്ലെന്ന വ്യാപക പ്രതിഷേധം നിലനില്ക്കെയാണ് പോലീസിന്റെ പുതിയ നിർദേശം.
വി.കെ. സനോജ്,ഡിവൈഎഫ്ഐ
സംസ്ഥാന സെക്രട്ടറി.
യുവജനങ്ങളിൽഅവബോധം വളർത്തും
മലബാറിലെ വിവാഹ വീടുകളിൽ കണ്ടു വരുന്ന വിവാഹാഭാസങ്ങൾ ഒരു കൂട്ടം സാമൂഹ്യ വിരുദ്ധരുടെ ചിന്തയിൽ ഉരുത്തിരിഞ്ഞു വരുന്നതാണ്.
അത്തരത്തിലുള്ള ഒരു സംഭവമാണ് കണ്ണൂർ തോട്ടടയിലെ വിവാഹ വീട്ടിൽ ഒരു യുവാവിന്റെ മരണത്തിന് ഇടയാക്കിയത്. അത് ഒരിക്കലും ആധുനിക സമൂഹത്തിന് അംഗീകരിക്കാനാവില്ല. ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ വിവാഹാഭാസങ്ങൾക്കെതിരെ നേരത്തെ തന്നെ കാമ്പയിനുകൾ നടത്തിയിരുന്നു.
ഇത്തരം കാമ്പയിനുകളുമായി ഇനിയും മുന്നോട്ടു പോകും. കഴിഞ്ഞ ദിവസം പിണറായിൽ ഒരു വിവാഹ പന്തലിൽ വച്ച് വധുവരൻമാരെ മുൻ നിർത്തി വിവാഹാഭാസങ്ങൾക്കെതിരെ ഡിവൈഎഫ്ഐ പ്രതിജ്ഞയെടുത്തിരുന്നു. യുവജനങ്ങളിൽ അവബോധം വളർത്താൻ വിവിധ പരിപാടികൾ സംഘടിപ്പിക്കും.
വിവാഹാഭാസങ്ങൾ അംഗീകരിക്കാനാവില്ല
വിവാഹാഭാസങ്ങൾ ഒരിക്കലും അംഗീകരിക്കാൻ പറ്റുന്ന കാര്യമല്ല. കുറച്ചുകാലമായി ഇത്തരം ആഭാസങ്ങൾ നമ്മുടെ സമൂഹത്തിൽ നടക്കുന്നുണ്ട്.
തോട്ടടയിലെ ബോംബ് സ്ഫോടനമാണ് ഇപ്പോൾ കൂടുതൽ ചർച്ചയ്ക്ക് വഴിവച്ചത്. തോട്ടടയിൽ നടന്നതു വിവാഹാഭാസൻമാരുടെ ആഭാസങ്ങളല്ല, പാർട്ടിയുടെ പിന്തുണയോടെ ക്രിമിനലുകൾ വന്ന് വിവാഹാഘോഷം അലങ്കോലപെടുത്തിയതാണ്.
എല്ലാ യുവജനസംഘടനകളും ഇടപെട്ട് ഇത്തരം ആഭാസത്തരങ്ങൾക്കെതിരെ നിലപാട് സ്വീകരിക്കണം.ന്യൂജെൻ രീതിയിലുള്ള വിവാഹാഭാസങ്ങളും ഇന്ന് ഉണ്ട്. ഇതും നിയന്ത്രിക്കണം.
റിജിൽ മാക്കുറ്റി,യൂത്ത് കോൺഗ്രസ്
സംസ്ഥാന വൈസ്. പ്രസിഡന്റ്
വിവാഹാഭാസങ്ങൾ നിർത്തണം
വിവാഹങ്ങൾ ആചാരങ്ങളുമായി ബന്ധപെടുത്തിയാണ് നിലനിൽക്കുന്നത്. എന്നാൽ, അതിനെ നിരാകരിച്ച് കൊണ്ടുള്ള ആഘോഷ തിമിർപ്പാണ് പുതിയ തലമുറ നടത്തികൊണ്ടിരിക്കുന്നത്. പവിത്രമായ ആചാരാനുഷ്ഠാനങ്ങളെ ഇല്ലാതാക്കുന്ന നടപടികൾ ഒരിക്കലും അംഗീകരിക്കാനാവില്ല.
പണ്ട് കാലത്ത് ഒരു നാട്ടിലെ ഉത്സവം തന്നെയായിരുന്നു വിവാഹം എന്ന് പറയുന്നത്. എന്നാൽ ആ ഉത്സവത്തിൽ ഇന്ന് മദ്യവും മയക്കുമരുന്നും കയറി കൂടി. പടക്കം പൊട്ടിച്ചിരുന്ന സ്ഥാനത്ത് ബോംബ് പൊട്ടിക്കുന്ന സ്ഥിതിയാണ്. ഇത്തരം ആഭാസങ്ങൾ നിർത്തണം.
ബിജു ഏളക്കുഴി,ബിജെപി കണ്ണൂർ
ജില്ലാ ജനറൽ സെക്രട്ടറി
(അവസാനിച്ചു).