പരിയാരം: വിവാഹവീട്ടിലെ മാലിന്യങ്ങള്‍ തള്ളാനെത്തിയ യുവാവിനെ പോലീസ് പിടികൂടി, മാലിന്യം തിരികെ വിവാഹവീട്ടില്‍ തന്നെ എത്തിച്ചു. പിലാത്തറയിലെ എം.പി.ഫൈസലി (30)നെയാണ് പരിയാരം എസ്ഐ സാംസണ് പിടികൂടിയത്.
മണ്ടൂരിലെ ഒരു വിവാഹവീട്ടിലെ മാലിന്യങ്ങള്‍ സംസ്കരിക്കാന്‍ കരാറെടുത്ത റിയാസ് എന്നയാളാണ് ഫൈസലിനെ ചുമതലയേല്‍പ്പിച്ചത്. ഇന്നലെ രാത്രി പതിനൊന്നോടെ പരിയാരം മുടിക്കാനം ഭാഗത്ത് മാലിന്യം നിക്ഷേപിക്കുന്നതിനിടയിലാണ് വിവരമറിഞ്ഞ് എസ്ഐ സാംസണിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തിയത്.
നിക്ഷേപിച്ച മാലിന്യങ്ങള്‍ കൊണ്ടുവന്ന ഓട്ടോറിക്ഷയില്‍ തന്നെ കയറ്റി തിരികെ വിവാഹ വീട്ടില്‍ തന്നെ എത്തിച്ചശേഷം കുഴിച്ചിടാന്‍ പോലീസ് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. നേരത്തെ മൂന്നുതവണ മുടിക്കാനത്ത് നിക്ഷേപിച്ച മാലിന്യങ്ങള്‍ പോലീസ് ജെസിബി കൊണ്ടുവന്ന് കഴിച്ചുമൂടുകയായിരുന്നു. മാലിന്യം നിക്ഷേപിക്കാനുപയോഗിച്ച വാഹനം പഞ്ചായത്തിന് കൈമാറുമെന്ന് പോലീസ് പറഞ്ഞു.