കൊടകര: മുക്കാൽ സെന്റിലെ കൂരയിൽ കഴിയുന്ന 75 കാരിയായ വിധവക്കു റേഷനരി പോലും നൽകാതെ ബുദ്ധിമുട്ടിച്ച് അധികൃതർ. കൊടകര കുംഭാരകോളനിയിൽ കഴിയുന്ന കല്യാണിയെയാണ് അധികൃതർ മുൻഗണന വിഭാഗത്തിൽ ഉൾപ്പെടുത്താതെ ബുദ്ധിമുട്ടിക്കുന്നത്.
കൊടകര പഞ്ചായത്തിലെ മൂന്നാം വാർഡിൽ പെടുന്ന കുംഭാരതെരുവിലുള്ള പെനങ്ങല്ലൂർ വീട്ടിൽ കല്യാണിയെ പൊതുവിഭാഗത്തിൽ പെടുത്തിയതിനാൽ പ്രതിമാസം രണ്ട് കിലോ അരിമാത്രമാണ് ലഭിക്കുന്നത്. 13 വർഷം മുന്‍പ് ഭർത്താവ് തിരുമല മരിച്ചുപോയതോടെ കല്യാണി ജീവിതത്തിൽ ഒറ്റപ്പെട്ടു. മണ്‍പാത്രനിർമ്മാണം നടത്തി ഉപജീവനം നടത്തി വന്നിരുന്ന ഇവരുടെ കാൽമുട്ടുകൾക്ക് വേദന ബാധിച്ചതിനാൽ ജോലി ചെയ്യാൻ കഴിയാതായി.
മക്കളില്ലാത്ത ഇവർ മറ്റുള്ളവരുടെ സഹായത്തോടെയാണ് ഇപ്പോൾ ജീവിതം തള്ളിനീക്കുന്നത്. കുഭാരത്തെരുവിൽ സ്വന്തമായുള്ള മുക്കാൽ സെന്റ് സ്ഥലത്തെ ഓലക്കുടിലിലാണ് കല്യാണിയുടെ താമസം. പകൽ സമയത്ത് വീടുകൾ കയറിയിറങ്ങി നടക്കുന്ന ഇവർ വിശപ്പടക്കുന്നത് മറ്റുള്ളവർ നൽകുന്ന ആഹാരം കഴിച്ചാണ്.
സന്പൂർണ വൈദ്യുതീകരണത്തിന്റെ ഭാഗമായി ഇവരുടെ കുടിലിലേക്ക് വൈദ്യുതി ലഭ്യമാക്കാൻ ശ്രമം നടന്നെങ്കിലും ഇവർ വേണ്ടെന്ന് പറഞ്ഞതിനാൽ ഇവരുടെ കുടിലിൽ വെളിച്ചവും എത്തിയിട്ടില്ല. നിരവധി തവണ ചാലക്കുടി സപ്ളൈ ഓഫീസിൽ പലവട്ടം പോയി സങ്കടം അറിയിച്ചിട്ടും അധികൃതർ കനിയുന്നില്ലെന്ന് കല്യാണി പറഞ്ഞു