പാലാ: യാത്രകൾക്കു ‘കല്യാണി’ കൂട്ടിനെത്തിയതോടെ പെട്രോൾവില ദിവസേന കയറുന്നതൊന്നും മനോജിനെ ആശങ്കപ്പെടുത്തുന്നില്ല.
പാലാ പൂവേലിൽ മനോജിന്റെ പല യാത്രകളും ഈയിടെയായി കുതിപ്പുറത്തായതോടെ പെട്രോൾ ആവോളം കുടിച്ചിരുന്ന കാറിനു പണിയും കുറവായി.
ബയോ മെഡിക്കൽ എൻജിനിയറായ മനോജിന്റെ അരുമയാണ് നീലക്കണ്ണും തൂവെള്ള നിറവുമുള്ള കല്യാണിയെന്ന കുതിര. ഇവളുടെ കുളന്പടി ശബ്ദം ഈയിടെയായി പാലാക്കാർക്ക് പരിചിതവുമാണ്.
കഴിഞ്ഞ വിഷുവിന് ഊട്ടിയിലെ ഒരു ഫാമിൽനിന്നു വാങ്ങി വീട്ടിലെത്തിച്ച കല്യാണി കുടുംബാംഗങ്ങളുമായി നന്നേ ഇണങ്ങിക്കഴിഞ്ഞു.
ഏഴാം ക്ലാസിൽ പഠിക്കുന്ന കാലത്ത് മാതാപിതാക്കളായ ജോയി മാത്യുവിനും മേരിക്കുട്ടിക്കുമൊപ്പം ഊട്ടിയിൽ പോയപ്പോൾ കുതിരപ്പുറത്ത് കയറാൻ മനോജിന് അവസരമുണ്ടായി.
ആ സവാരിയുടെ ഹൃദ്യമായ ഓർമ മനോജിന്റെ മനസിൽ മാഞ്ഞുപോയില്ല. അന്നു മനസിലുറച്ചതാണ് എന്നെങ്കിലും ഒരു കുതിരയെ സ്വന്തമാക്കണമെന്ന സ്വപ്നം.
സുഹൃത്തായ ഡോക്ടറുടെ കുതിരഫാമിൽനിന്നു വാങ്ങിയതാണു കല്യാണിയെ. ഫാമിലെ പരിശീലകർ പാലായിലെത്തി ഒരാഴ്ചകൊണ്ടു കുതിരസവാരിയും കുതിരച്ചട്ടങ്ങളും മനോജിനെ പരിശീലിപ്പിച്ചു.
ഇപ്പോൾ പുറത്തേക്കുള്ള ചെറുയാത്രകളൊക്കെ കുതിരപ്പുറത്തുതന്നെ. ദിവസവും കുറഞ്ഞത് അഞ്ചു കിലോമീറ്റർ മെയിൻ റോഡിലൂടെ കറങ്ങാൻ പോകും.
മനോജിനോടു മാത്രമല്ല ഭാര്യ നീതയോടും അമ്മ മേരിക്കുട്ടിയോടുമൊക്കെ കുതിരയ്ക്ക് ഇണക്കംതന്നെ.
ഭാര്യ നഴ്സിംഗ് കോളജ് അധ്യാപികയായ നീതയും കുതിരസവാരി പരിശീലനത്തിലാണിപ്പോൾ.