തുറവൂർ: അപകടത്തിൽ സംഭവിച്ചതെന്നു കരുതിയ വൃദ്ധയുടെ മരണം കൊലപാതകമെന്ന് തെളിയിച്ചത് പോലീസിലെ രഹസ്യാന്വേഷണ വിഭാഗം. കടക്കരപ്പള്ളി പഞ്ചായത്ത് പത്താം വാർഡിൽ നികർത്തിൽ വീട്ടിൽ സുകുമാരന്റെ ഭാര്യ കല്യാണി (75) യുടെ മരണമാണ് കൊലപാതകമെന്ന് തെളിഞ്ഞത്.
ഇവരുടെ മകൻ സന്തോഷിന്റെ മർദനത്തെ തുടർന്നാണ് മരണമെന്ന് സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥന്റെ സമയോചിതമായ അന്വഷണത്തിലും ഇടപെടലിലൂടെ കണ്ടെത്തുകയായിരുന്നു. വീട്ടിൽ വീണ് പരിക്കേറ്റു എന്ന് നാട്ടുകാരെ തെറ്റിധരിപ്പിച്ചാണ് പ്രതി നാട്ടുകാരുടെ സഹായത്തോടെ മാതാവായ കല്യാണിയെ കഴിഞ്ഞ ദിവസം ചേർത്തല താലൂക്ക് ആശുപത്രിയിൽ എത്തിക്കുന്നത്.
ഇവിടെ ഡോക്ടറുടെ പരിശോധനയിൽ പരിക്ക് ഗുരുതരമാണെന്ന് കണ്ടെത്തുകയും വണ്ടാനം മെഡിക്കൽ കോളജ്് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. മെഡിക്കൽ കോളജിലേയ്ക്ക് ആന്പുലൻസിൽ കൊണ്ടുപോകുന്നതിനിടെ ഇവർ മരിച്ചതിനെ തുടർന്ന് മരണം സ്ഥിരീകരിക്കുവാൻ മൃതദേഹം ചേർത്തല താലൂക്ക് ആശുപത്രിയിലേയ്ക്ക് തന്നെ തിരികെ എത്തിച്ചു.
ഈ സമയം പട്ടണക്കാട് പോലീസ് സ്റ്റേഷനിലെ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ ഇവരുടെ വീടിന്റെ പരിസരത്ത് എത്തി വിശദമായി അന്വേഷിച്ചതിന്റെ അടിസ്ഥാനത്തിൻ മകൻ അമ്മയെ നിരന്തരം മർദിച്ചിരുന്നതായി മനസിലാക്കുകയും മകന്റെ മർദനത്തെ തുടർന്നാണ് അമ്മയ്ക്ക് പരിക്കേറ്റതെന്ന് മനസിലാക്കുകയും ചെയ്തു.
ഈ വിവരം സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പിക്ക് കൈമാറുകയും സ്പെഷൽ ബ്രാഞ്ച് നിർദ്ദേശപ്രകാരം മൃതദേഹം ചേർത്തല താലൂക്ക് ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റുകയും ചെയ്തു . പിന്നീട് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ കൊലപാതകമെന്ന് തെളിഞ്ഞു. ഇതേ തുടർന്നാണ് മകൻ സന്തോഷിനെ പോലീസ് അറസ്റ്റു ചെയ്തത്.