പാനൂർ: പുതിയ വീട്ടിൽ അന്തിയുറങ്ങാൻ കഴിയാതെ കല്യാണി യാത്രയായി. ഐആർപിസി പണിതു നൽകിയ വീടിന്റെ താക്കോൽ നൽകൽ ചടങ്ങുകഴിഞ്ഞു മണിക്കൂറുകൾക്കകം വീട്ടമ്മ കല്യാണി മരിച്ചത്. പാനൂർ മുത്താറി പീടിക കല്ലുവച്ച പറമ്പത്ത് കല്യാണി (87) യാണ് മരിച്ചത്.
ഇന്നലെ രാവിലെയാണ് സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജൻ ഐആർപിസി നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽദാനം നിർവഹിച്ചത്. സ്വന്തമായി വീടില്ലാത്ത കല്യാണിയുടെ ഏറെക്കാലത്തെ ആവശ്യം പ്രദേശത്തെ ഐആർപിസി പ്രവർത്തകർ നിറവേറ്റുകയായിരുന്നു.
താക്കോൽദാനം കഴിഞ്ഞ് ഏതാനും മണിക്കൂറുകൾക്ക് ശേഷമാണ് കല്യാണി മരണപ്പെട്ടത്. ഇനി ഈ വീട്ടിൽ മനോനില തെറ്റിയ മകൻ രാജൻ മാത്രം. ഭർത്താവ്: പരേതനായ മാമ്പള്ളി അനന്തൻ. മക്കൾ: രാജൻ, സുശീല. മരുമക്കൾ: ശാന്ത, സദാനന്ദൻ.