താരങ്ങളുടെ മക്കള്‍ പുതിയ താരങ്ങളായി മാറുന്നതാണ് കഴിഞ്ഞ കുറേ കാലങ്ങളായി മലയാള സിനിമയില്‍ കണ്ടുവരുന്ന കാഴ്ച. ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍ സംവിധാകന്‍ പ്രിയദര്‍ശന്റെയും ലിസിയുടെയും മകള്‍ കല്യാണി പ്രിയദര്‍ശനാണ് ഈ പട്ടികയില്‍ അവസാനമായി ഇടം പിടിച്ചിരിക്കുന്നത്. തെലുങ്ക് സൂപ്പര്‍ താരമായ നാഗാര്‍ജുനയുടെ മകന്‍ അഖില്‍ അക്കിനേനിയുടെ നായികയായാണ് കല്യാണി സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്.
പ്രിയന്റെ ഉറ്റസുഹൃത്ത് മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ആദിയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ഇതിനിടയിലാണ് കല്യാണിയും പ്രണവും തമ്മില്‍ പ്രണയത്തിലാണെന്നുള്ള വാര്‍ത്തകള്‍ പരക്കുന്നത്. എന്നാല്‍ കല്യാണി ഈ വാര്‍ത്തയെ ചിരിച്ചു തള്ളുകയാണ് പ്രണവുമായുള്ള ബന്ധത്തെക്കുറിച്ച് കല്യാണി പറയുന്നതിങ്ങനെ…
ലാലങ്കിളിന്റെ മകന്‍ അപ്പുച്ചേട്ടന്‍( പ്രണവ് മോഹന്‍ലാല്‍) ആണ് ഞങ്ങളുടെ ഫാമിലി സര്‍ക്കിളിലെ എല്ലാ കുട്ടികളുടെയും ഹീറോ. ഇത്രയും വലിയ ഒരാളുടെ മകനായിട്ടും വളരെ ലളിതമായി അപ്പുച്ചേട്ടന്‍ ജീവിക്കുന്നതു കാണുമ്പോള്‍ അത്ഭുതമാണ്. ഒരു ടീ ഷര്‍ട്ടും ഒരു ജീന്‍സും ഒരു ചപ്പലും ഉണ്ടെങ്കില്‍ അപ്പുച്ചേട്ടനു സന്തോഷമായി ജീവിക്കാനാകും. ഞാനും അപ്പുച്ചേട്ടനും പ്രണയത്തിലാണെന്നു ചില മെസേജുകള്‍ വന്നു. അന്നു അപ്പുച്ചേട്ടനും ഞങ്ങളും ചിരിച്ചതിനു കണക്കില്ല. കുട്ടിക്കാലും മുതല്‍ എന്റെ ചേട്ടനും ഫ്രണ്ടുമാണ് അപ്പുച്ചേട്ടന്‍. ഞങ്ങള്‍ ഒരു കുടുംബംതന്നെയാണ്. അന്നുതന്നെ അപ്പുച്ചേട്ടന്‍ ഞങ്ങള്‍ ഒരുമിച്ചു നില്‍ക്കുന്ന ഫോട്ടോ ഇന്‍സ്റ്റാഗ്രാമിലിട്ടു. ഒന്നും ഒളിക്കാനില്ലാത്ത ആളാണു അപ്പുച്ചേട്ടന്‍.
ഞാന്‍ സിനിമ കണ്ടു കരയാറില്ല. പക്ഷെ കാഞ്ചീവരം കണ്ടു കരഞ്ഞിട്ടുണ്ട്. അവര്‍ തമ്മിലുള്ള സ്‌നേഹം കണ്ടിട്ടാകാം കരഞ്ഞത്. അമേരിക്കയിലേക്കുള്ള യാത്രയ്ക്കിടയില്‍ എന്റെ അടുത്തിരിക്കുന്ന ആള്‍ ഒരു സിനിമ കണ്ടു പരിസരം മറന്നു അലറിച്ചിരിക്കുന്നുണ്ടായിരുന്നു.. ഞാന്‍ പതുക്കെ ലാപ്‌ടോപ്പിലേക്കു നോക്കിയപ്പോള്‍ അച്ഛന്‍ സംവിധാനം ചെയ്ത മലാമല്‍ വീക്കിലിയാണു കാണുന്നതെന്നു മനസ്സിലായി. അന്നും എന്റെ കണ്ണു നിറഞ്ഞു. എല്ലാം മറന്നു പരിസരം മറന്നു ചിരിപ്പിക്കാന്‍ എന്റെ അച്ഛനു കഴിയുന്നുണ്ടല്ലോ എന്നോര്‍ത്ത്.
ഹിന്ദി സിനിമകള്‍ ചെയ്യുന്ന കാലത്തുപോലും അച്ഛനും അമ്മയും സ്ഥിരമായി പാര്‍ട്ടികള്‍ക്കു പോകുകയോ അവരുടെ ജീവിത രീതി അനുകരിക്കുകയോ ചെയ്തിട്ടില്ല. കഴിയുന്നതും ലളിതമായി ജീവിക്കുക എന്നാണു പറഞ്ഞിരുന്നത്.ഒരു കളിപ്പാട്ടം വാങ്ങുമ്പോള്‍ പോലും രണ്ടു വട്ടം ആലോചിക്കും. അമ്പലം കണ്ടാല്‍ അറിയാതെ തൊഴുതുപോകുന്നൊരു കുട്ടിയായി ഞാന്‍ വളര്‍ന്നു. അവരുടെ സിനിമാ പാരമ്പര്യത്തിലേക്കു ഞാന്‍ വരുമ്പോള്‍ എന്റെ മനസ്സു വളരെ ശാന്തമാണ്. കല്യാണി പറയുന്നു.