ഹൃദയം എന്ന സിനിമ പ്രേക്ഷകരുടെ മുന്നിലെത്തിയിട്ട് ഒരു മാസം പിന്നിടുകയാണ്. പ്രണവ് മോഹൻലാലിൽ നിന്നു മാറി പ്രണവ് എന്ന പ്രതിഭയെ ഹൃദയത്തിലൂടെ കാണാൻ സാധിച്ചുവെന്നാണ് സിനിമ കണ്ടവരെല്ലാം ഒന്നടങ്കം അഭിപ്രായപ്പെടുന്നത്.
സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ സ്വീകരിച്ച ചിത്രം ശരിക്കും ഹൃദ്യമായ അനുഭവങ്ങളാണ് സമ്മാനിച്ചത്. പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ തുടങ്ങിയവർക്കൊപ്പം നിരവധി പുതുമുഖങ്ങളാണ് ചിത്രത്തിൽ അണിനിരന്നത്.
ഏറ്റവും പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് ആഗോള ബോക്സ് ഓഫീസിൽ നിന്ന് 50 കോടി ക്ലബ്ബിലേക്ക് ചിത്രം കടക്കുകയും ചെയ്തിരുന്നു. ചിത്രം ഇന്ത്യയിൽനിന്ന് ഇതുവരെ നേടിയ ഗ്രോസ് കളക്ഷൻ 28.70 കോടിയാണെന്നാണ് റിപ്പോർട്ട്.
ഇതിൽ 24 കോടിക്കുമേൽ കേരളത്തിൽ നിന്നുള്ള കളക്ഷനാണ്. പ്രണവിന്റെ ആദ്യ 50 കോടി ചിത്രമാണിത്. ഹൃദയത്തിന്റെ ഒടിടി റിലീസിന് മുന്നോടിയായി ഹൃദയം അണിയറപ്രവർത്തകർ ലൈവിലെത്തി വിശേഷങ്ങൾ പങ്കുവച്ചിരുന്നു.
പതിവുപോലെ രണ്ട് നായികമാരും അണിയറപ്രവർത്തകരും എല്ലാം ഉണ്ടായിരുന്നുവെങ്കിലും പ്രണവ് ഉണ്ടായിരുന്നില്ല. ലൈവിൽ പങ്കുചേരുന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ റേഞ്ചില്ലാത്ത സ്ഥലത്തായതിനാൽ പങ്കെടുക്കാൻ സാധിക്കില്ലെന്നാണ് പ്രണവ് പറഞ്ഞത് എന്ന് വിനീത് ശ്രീനിവാസൻ പറഞ്ഞിരുന്നു.
ലൈവ് കണ്ട പ്രേക്ഷകരിൽ ഏറെയും പ്രണവിനെ തിരക്കിയപ്പോൾ കല്യാണി പ്രിയദർശൻ നൽകിയ മറുപടിയാണ് ഇപ്പോൾ വൈറലാകുന്നത്. പ്രണവ് എപ്പോഴായിരിക്കും ഒരു അഭിമുഖത്തിൽ പ്രത്യക്ഷപ്പെടുക എന്ന് കല്യാണിയോട് വിനീത് ചോദിച്ചപ്പോഴാണ് രസകരമായ മറുപടി കല്യാണി പറഞ്ഞത്.
എന്നെ അഭിമുഖത്തിന് വിളിക്കുന്നവരെല്ലാം ചോദിക്കുന്നത് പ്രണവിനെ കുറിച്ചാണ്. അവർക്ക് അറിയേണ്ടതും അത് മാത്രമാണ്.
എന്റെ അഭിമുഖങ്ങളെല്ലാം പ്രണവിനെക്കുറിച്ച് പറയാൻ വേണ്ടി മാത്രമുള്ളതുപോലെയാണ്. എന്റെ ആദ്യ സിനിമ പ്രഖ്യാപിച്ച സമയത്ത് ഞാൻ ആദ്യം നൽകിയ അഭിമുഖത്തിൽ പോലും അവർ ചോദിച്ചത് ഏറെയും പ്രണവിനെ കുറിച്ചാണ്.
മാത്രമല്ല എല്ലാവർഷവും ഞാനും പ്രണവും വിവാഹിതരാകാൻ പോകുന്നുവെന്ന തരത്തിൽ ഞങ്ങളുടെ ഫോട്ടോകൾ വച്ച് വാർത്തകളും വരാറുണ്ട്. അവൻ അഭിമുഖങ്ങളിൽനിന്നും ഒഴിഞ്ഞ് മാറി നടക്കുകയാണ്.
അവൻ ഭയങ്കര നിഷ്കളങ്കനാണ്, വിനയമുള്ളവനാണ് എന്നൊക്കെയാണ് ആളുകൾ വിചാരിച്ചിരിക്കുന്നത്. എന്നാൽ അവൻ അത്ര നല്ലകുട്ടിയൊന്നുമല്ല. അവനെ കുറിച്ച് ആളുകൾക്കുള്ള ആ ചിന്ത മാറ്റണമെന്ന് എനിക്ക് ആഗ്രഹമുണ്ട്.
അവനെപ്പോലെ മോശമായ ഒരു കോ-സ്റ്റാർ വെറെയുണ്ടാവില്ല. സെറ്റിൽ വരുമ്പോൾ ഒരു ഡയലോഗ് പോലും ഓർമയുണ്ടാവില്ല. കൂടാതെ ലേറ്റും ആയിരിക്കും.
അവന്റെ കൂടെ വർക്ക് ചെയ്യാൻ ബുദ്ധിമുട്ടാണ്- കല്യാണി പറയുന്നു. പ്രണവിനെ കുറിച്ച് ആളുകൾ പറയുന്ന ഡയലോഗുകൾ മാറ്റി പറയിപ്പിക്കാൻ എല്ലാവരും ഒപ്പം നിൽക്കണമെന്നു കല്യാണി ആവശ്യപ്പെടുമ്പോൾ താൻ ഉറപ്പായും കൂടെയുണ്ടാകുമെന്ന് ദർശന കല്യാണിക്ക് ഉറപ്പ് നൽകുന്നുണ്ട്.