സി. ഫസൽ ബാബു
മുക്കം: ഇന്ത്യയിലെ ആദ്യത്തെ നേത്രദാന ഗ്രാമവും അവയവദാന ഗ്രാമവുമായ ചെറുകുളത്തൂർ ഇന്ന് സ്നേഹവായ്പ്പിന്റെ തിരിച്ചറിവിലൂടെ മറ്റൊരു മാതൃക തീർക്കുകയാണ്.
34 വർഷം തങ്ങൾക്ക് അന്നമൂട്ടിയ കല്യാണി അമ്മക്ക് പെൻഷൻ നൽകുന്നതിലൂടെ.
പടിയിറങ്ങിപ്പോയ എണ്ണിയാലൊടുങ്ങാത്ത വിദ്യാർഥികൾക്ക് സ്നേഹവും,വാത്സല്യവും നിറഞ്ഞു തുളുമ്പുന്ന രുചിക്കൂട്ടൊരുക്കി ഊട്ടിയ കുളങ്ങര കല്ല്യാണി എന്ന വന്ദ്യ വയോധികയോടുള്ള സ്നേഹവും ആദരവും പ്രതിഫലിക്കുന്നതാണ് ഈ അന്നപെരുമ.
73-വയസ്സുള്ള കുളങ്ങര വീട്ടിൽ കല്യാണി രണ്ടുവർഷം മുമ്പാണ് പ്രയാധിക്യത്തെ തുടർന്ന് ഈ സ്കൂളിലെ പാചകപ്പുര വിട്ടത്.
തുടർന്നു സ്കൂളിൽ നിന്ന് വിരമിച്ച പ്രധാനാധ്യാപകൻ ശ്രീവിശാഖന്റെയും, സഹപ്രവർത്തകരുടെയും, രക്ഷിതാക്കളുടെയും, പൂർവ വിദ്യാർഥികളുടെയും സ്നേഹ നിർഭരമായ ചിന്തയുടെ ഫലമായാണ് ഇവർക്ക് കഴിഞ്ഞ രണ്ടു വർഷത്തെ കുടിശിഖയടക്കം ഇനിയങ്ങോട്ട് പെൻഷൻ നൽകാൻ തീരുമാനിച്ചത്.
ജീവിത സായന്തനത്തിൽ നിരാലംബരാവുന്ന സ്കൂളിലെ പാചക തൊഴിലാളികളുടെ സങ്കടങ്ങളെ മായ്ച്ചു കളയുകയാണ് ഈ ചെറുകുളത്തൂർ മാതൃക.
ശ്രീവിശാഖൻ മാസ്റ്റർ വിരമിക്കൽ ആനുകൂല്യത്തിലെ ഒരു വിഹിതം പെൻഷൻ പദ്ധതിക്ക് നൽകി. കൂടാതെ സഹപ്രവർത്തകരും രക്ഷിതാക്കളും പൂർവ വിദ്യാർഥികളും സമാഹരിച്ച തുകയും ചേർത്ത് സഹകരണ ബാങ്കിൽ നിക്ഷേപിക്കുകയായിരുന്നു.
സ്കൂളിലെ ഭാവിയിലെ എല്ലാ പാചക തൊഴിലാളികൾക്കും 60 വയസിനുശേഷം ഈ തുക ഉപകരിക്കും. ബാങ്ക് നൽകുന്ന പലിശയാണ് മാസം തോറും പെൻഷനായി നൽകുക.
രണ്ടുവർഷത്തെ കുടിശിക പെൻഷൻ ഉൾപ്പെടെ മുൻ ധനമന്ത്രി തോമസ് ഐസക് സ്കൂളിലെത്തി കല്യാണി അമ്മക്ക് കൈമാറി. ഇനി എല്ലാമാസവും 500 രൂപ ഇവരുടെ അക്കൗണ്ടിലെത്തും.