കൂത്തുപറമ്പ്: ചെറുമകൾ കാണിച്ച ചെറിയൊരു കുസൃതിയിലൂടെ സമൂഹ മാധ്യമങ്ങളിൽ താരമായി മാറിയിരിക്കുകയാണ് വേങ്ങാട് റാണി തീയറ്റേഴ്സിനു സമീപം കൊമ്പൻ ഹൗസിൽ കല്യാണിയമ്മ.
വീടിനു സമീപത്തെ ക്ഷേത്രക്കുളത്തിൽ ഇവർ നീന്തിത്തിമിർക്കുന്ന വീഡിയോ ദൃശ്യങ്ങൾ ചെറുമകൾ ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തതോടെയാണ് കല്യാണിയമ്മ താരമായത്. പ്രായത്തെ പോലും തോൽപ്പിച്ചുള്ള കല്യാണിയമ്മയുടെ നീന്തിക്കുളി മിഥുല വെറുതെയൊരു കൗതുകത്തിന് മൊബൈലിൽ പകർത്തി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുകയായിരുന്നു.
സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയ ഈ വീഡിയോ ഇതിനകം പതിനായിരക്കണക്കിനാളുകളാണ് കണ്ടത്. നിരവധി പേർ ഷെയർ ചെയ്തു. മൂന്നാം ക്ലാസിൽ പഠിക്കുമ്പോഴാണ് തലശേരി തിരുവങ്ങാട്ടെ ക്ഷേത്രചിറയിൽ വച്ച് നീന്തൽ പഠിച്ചതെന്ന് കല്യാണിയമ്മ പറയുന്നു.
പിന്നീട് ജലാശയങ്ങൾ കാണുമ്പോഴൊക്കെ നീന്താൻ ആഗ്രഹമുണ്ടായിരുന്നുവെന്നും കല്യാണിയമ്മ പറഞ്ഞു. മനസിലുള്ള ഈ ആഗ്രഹം കൊണ്ട് തന്നെയായിരുന്നു പ്രായാധിക്യമൊന്നും നോക്കാതെ കഴിഞ്ഞദിവസം ചെറുമക്കളോടൊപ്പം കല്യാണിയമ്മ നീന്താനെത്തിയത്. നീന്തൽ ദൃശ്യം വൈറലായതോടെ നീന്തലിനെ എന്നും ആവേശമായി കൊണ്ടുനടന്ന കല്യാണിയമ്മയ്ക്കിത് ജീവിതസായാഹ്നത്തിൽ അംഗീകാരവുമായി.