കണ്ണൂർ: വീട്ടിലെത്തി മുതിർന്ന പൗരന്മാരുടെ വോട്ട് ചെയ്യിക്കുന്നതിനിടെ വയോധികയുടെ വോട്ട് ചെയ്ത സിപിഎം നേതാവിനും അഞ്ച് പോളിംഗ് ഉദ്യോഗസ്ഥർക്കുമെതിരേ കേസ്.
ഉദ്യോഗസ്ഥർക്കൊപ്പമെത്തിയ സിപിഎം ബൂത്ത് ഏജന്റ് വയോധികയുടെ വോട്ട് ചെയ്യുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതിനു പിന്നാലെ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നു. തുടർന്നാണ് കേസെടുത്തത്.
കാസർഗോഡ് ലോക്സഭാ മണ്ഡലത്തിലെ കല്യാശേരി നിയമസഭാ മണ്ഡലത്തിൽ ഉൾപ്പെടുന്ന കല്യാശേരി പഞ്ചായത്തിലെ 164 -ാം ബൂത്തിൽപ്പെട്ട വീട്ടിലാണു സംഭവം. എടക്കാടൻ ഹൗസിൽ ദേവി (92) യുടെ വീട്ടിലെത്തി വോട്ട് ചെയ്യിക്കുന്പോൾ ദേവിയുടെ വോട്ട് സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി ഗണേശൻ ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണു പുറത്തുവന്നത്. സിപിഎം ബൂത്ത് ഏജന്റുകൂടിയാണു ഗണേശൻ. വോട്ട് അസാധുവാക്കുമെന്നു വരണാധികാരികൂടിയായ ജില്ലാ കളക്ടർ അരുൺ കെ. വിജയൻ അറിയിച്ചു.
വോട്ട് ചെയ്യിക്കുന്ന പ്രക്രിയയിൽ വോട്ടിന്റെ രഹസ്യസ്വഭാവം നഷ്ടപ്പെടുത്തിക്കൊണ്ടുള്ള ബാഹ്യ ഇടപെടൽ തടയാതിരുന്ന പോളിംഗ് സംഘത്തിലെ ഉദ്യോഗസ്ഥരെ അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസറായ കെ. അജിത് കുമാറിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർകൂടിയായ ജില്ലാ കളക്ടർ സസ്പെൻഡ് ചെയ്തത്.
സ്പെഷൽ പോളിംഗ് ഓഫീസർ വി.വി. പൗർണമി, പോളിംഗ് അസിസ്റ്റന്റ് ടി.കെ. പ്രജിൻ, മൈക്രോ ഒബ്സർവർ എ. ഷീല, സ്പെഷൽ പോലീസ് ഓഫീസർ ലജീഷ്, വീഡിയോഗ്രാഫർ പി.പി. റജുൽ അമൽജിത്ത് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
അഞ്ചാംപീടിക കപ്പോത്ത്കാവ് ഗണേശൻ എന്നയാൾ വോട്ടിംഗ് നടപടിയിൽ ഇടപെട്ടെന്നും ഇത് 1951ലെ ജനപ്രാതിനിധ്യ നിയമത്തിന്റെ 128(1) വകുപ്പിന്റെ ലംഘനമാണെന്നും ജില്ലാ കളക്ടർ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്കു നൽകിയ റിപ്പോർട്ടിൽ പറയുന്നു.
ഇവർക്കെതിരേ വകുപ്പ്തല നടപടിക്കും ജില്ലാ കളക്ടർ ശിപാർശ ചെയ്തു. പോലീസ് അന്വേഷണവും ആരംഭിച്ചു. ഇന്ത്യൻ ശിക്ഷാ നിയമം 171 (സി ) വകുപ്പിന്റെ ലംഘനവും സംഭവത്തിൽ ഉൾപ്പെട്ടതായി കളക്ടറുടെ റിപ്പോർട്ടിൽ പറയുന്നു.
നിയമവിരുദ്ധമായി പ്രവർത്തിച്ച വ്യക്തിക്കും തെരഞ്ഞെടുപ്പു സംഘത്തിനുമെതിരേ നടപടി ആവശ്യപ്പെട്ട് അസി. റിട്ടേണിംഗ് ഓഫീസർ നൽകിയ പരാതിയിൽ സിറ്റി പോലീസ് കമ്മീഷണറുടെ നിർദേശാനുസരണം ഗണേശനെതിരേയും അഞ്ച് പോളിംഗ് ഉദ്യോഗസ്ഥർക്കെതിരേയും കണ്ണപുരം പോലീസ് കേസെടുത്തു. ഐപിസി 1860 ജനപ്രാതിനിധ്യ നിയമപ്രകാരമാണു കേസ് രജിസ്റ്റർ ചെയ്തത്.
പയ്യന്നൂരിലും കള്ളവോട്ട്?; തെരഞ്ഞെടുപ്പു കമ്മീഷനു പരാതി
പയ്യന്നൂര്‍: കല്യാശേരിക്കു പിന്നാലെ പയ്യന്നൂര്‍ നിയോജകമണ്ഡലത്തിലും വീടുകളിൽ എത്തി വോട്ട് ചെയ്യിക്കുന്ന സംവിധാനം ബാഹ്യശക്തികളിടപെട്ട് അട്ടിമറിച്ചതായി പരാതി. ഇതു സംബന്ധിച്ച് യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷനു പരാതി നൽകി.
കോറോം വില്ലേജ് 54-ാം ബൂത്തില്‍ ക്രമ നമ്പര്‍ 720ലെ വോട്ടര്‍ വി. മാധവന് വെളിച്ചപ്പാടിന്റെ വോട്ട് അദ്ദേഹത്തിന്റെ സമ്മതമില്ലാതെ ബാഹ്യശക്തികള്‍ ഇടപെട്ട് ചെയ്തതായാണ് പരാതി.
തന്റെ മകന് വീട്ടിലെത്തിയിട്ട് വോട്ട് ചെയ്യാമെന്ന് പറഞ്ഞിട്ടും വീട്ടിലാരുമില്ലാത്ത സമയത്തെത്തിയ ഉദ്യോഗസ്ഥരും ബിഎല്‍ഒയും അത് വകവയ്ക്കാതെയും അദ്ദേഹത്തിന്റെ സമ്മതമില്ലാതെയും വോട്ട് രേഖപ്പെടുത്തിയെന്നാണ് പരാതി.
ബൂത്തിലെ കാമറ പരിശോധിച്ച് കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നും തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ അധികാരം ദുരുപയോഗം ചെയ്യുന്നവർക്കെതിരേ കര്‍ശന നിയമ നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.