കാഠ്മണ്ഡു: ഒരാഴ്ചയ്ക്കിടെ രണ്ടാം തവണയും എവറസ്റ്റ് കൊടുമുടി കീഴടക്കി നേപ്പാൾ സ്വദേശി കാമി ഋത ഷെർപ്പ. ചൊവ്വാഴ്ച 24-ാം തവണയും എവറസ്റ്റ് കയറിയാണ് കാമി റിക്കാർഡ് ബുക്കിൽ തന്റെ പേര് ഒന്നുകൂടി തിരുത്തി എഴുതിയത്. രാവിലെ ആറരയോടെ നേപ്പാൾ വശത്തുനിന്നാണ് കാമി എവറസ്റ്റിനു മുകളിലെത്തിയത്. മേയ് പതിനഞ്ചിന് കാമി 23-ാം തവണ എവറസ്റ്റിൽ എത്തിയിരുന്നു.
രണ്ടു ദശകത്തോളമായി എവറസ്റ്റ് ആരോഹകർക്ക് വഴികാട്ടിയായി പ്രവർത്തിക്കുകയാണ് ഷെർപ്പ. സൊലുകുംഭു ജില്ലയിലെ താമെ സ്വദേശിയാണ് കാമി. പർവതാരോഹകർക്ക് വഴികാട്ടുന്നതിന്റെ ഭാഗമായാണ് ഭൂരിഭാഗം തവണയും കാമി കൊടുമുടി കയറിയത്. കാഞ്ചൻജംഗ, ചൊ ഒയു, ലോട്സെ, അന്നപുർണ തുടങ്ങിയ കൊടുമുടികൾ ഇതിനകംതന്നെ കാമി കീഴടക്കിക്കഴിഞ്ഞു.
1994-ൽ 24 വയസ് മാത്രം പ്രായമുള്ളപ്പോഴാണ് കാമി ആദ്യമായി എവറസ്റ്റ് കീഴടക്കിയത്. അമേരിക്ക കേന്ദ്രമായ ആൽപൈൻ അസെന്റ്സ് കന്പനിക്കു വേണ്ടിയാണ് കാമി ഗൈഡായി ജോലി ചെയ്യുന്നത്. നേപ്പാളിലെ പർവത മേഖലയിൽ ജീവിക്കുന്ന പ്രത്യേക ഗോത്രവർഗമാണ് കാമി ഉൾപ്പെടുന്ന ഷെർപ്പകൾ.