ഇടുക്കി: ഇന്നലെ കട്ടപ്പന പോലീസ് പിടികൂടിയ കുപ്രസിദ്ധ മോഷ്ടാവ് കാമാക്ഷി ബിജു പോലീസിലും നാട്ടുകാർക്കിടയിലും അറിയപ്പെട്ടത് കാമാക്ഷി എസ്ഐ എന്ന അപരനാമത്തിൽ.
ഇതുവരെ സംസ്ഥാനത്താകെ 500 ഓളം ചെറുതും വലുതുമായ മോഷണക്കേസുകളിൽ പ്രതിയായ ബിജു എസ്ഐയുടെ യൂണിഫോം മോഷ്ടിച്ച് ഇതു ധരിച്ച് കവർച്ചക്കിറങ്ങിയതോടെയാണ് കാമാക്ഷി എസ്ഐ എന്ന പേരിൽ കുപ്രസിദ്ധനായത്.
യൂണിഫോം ധരിച്ച് കവർച്ചയും വാഹനങ്ങൾ തടഞ്ഞു നിർത്തി പണപ്പിരിവും നടത്തിയതോടെയാണ് നാട്ടുകാർക്കിടയിൽ ഇയാൾക്ക് കാമാക്ഷി എസ്ഐ എന്ന പേരു വീണത്.
കട്ടപ്പന പോലീസിനു സ്ഥിരം തലവേദനയായിരുന്നു ഈ കുപ്രസിദ്ധ മോഷ്ടാവ്. ഏതാനും വർഷങ്ങളായി ഇവിടെ ചാർജെടുക്കുന്ന ഉദ്യോഗസ്ഥരെല്ലാംതന്നെ ഇയാളെ വിവിധ കേസുകളിൽ അറസ്റ്റു ചെയ്തിട്ടുണ്ട്.
വാഹന മോഷണവും ക്ഷേത്ര മോഷണവും
വാഹന മോഷണവും ക്ഷേത്ര മോഷണവും ഭവനഭേദനവും കൂടാതെ അടിപിടിക്കേസുകളിലും പ്രതിയാണ് ബിജു. ഏതാനും മാസം മുന്പ് ആടുകളെ മോഷ്ടിച്ചു കടത്തിയ കേസിലും പോലീസ് പിടികൂടിയിരുന്നു.
അറസ്റ്റു ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥർക്കു നേരെ വധഭീഷണി മുഴക്കാനും ഇയാൾ മടിച്ചിരുന്നില്ല. ആഡംബര ജീവിതത്തിനു വേണ്ടിയാണ് ഇയാൾ മോഷണം നടത്തിയിരുന്നത്.
വിവിധ കേസുകളിലായി 15 വർഷത്തോളം ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്. ജയിലിൽ കഴിയുന്പോൾ പരിചയപ്പെടുന്ന സഹതടവുകാരായ മോഷ്ടാക്കളുമായി ചങ്ങാത്തം സ്ഥാപിച്ച് ഇവർക്കൊപ്പവും മോഷണത്തിനിറങ്ങും.
മോഷണം നടത്തി ലഭിക്കുന്ന പണംകൊണ്ട് ഒട്ടേറെ വസ്തുവകകളും വാങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസം വാങ്ങിയ ഭൂമിയുടെ പണം നൽകാനാണ് വീണ്ടും മോഷണത്തിനിറങ്ങിയത്.
മോഷ്ടിച്ചത് ബുള്ളറ്റുകൾ
കഴിഞ്ഞ ഡിസംബർ മുതൽ ഇടുക്കിയിലെ മുരിക്കാശേരി, തങ്കമണി, കട്ടപ്പന പോലീസ് സ്റ്റേഷൻ പരിധികളിൽനിന്ന് അഞ്ചോളം ബുള്ളറ്റ് ബൈക്കുകൾ മോഷണം നടത്തിയിരുന്നു.
മോഷ്ടിച്ച രണ്ട് ബുള്ളറ്റുകൾ പെട്രോൾ തീർന്നതിനാൽ വഴിയിൽ ഉപേക്ഷിക്കുകയും ചെയ്തിരുന്നു. മോഷ്ടിച്ച ബുള്ളറ്റുകൾ തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളിൽ വില്പന നടത്തി.
നൂറോളം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽനിന്നാണ് പ്രതിയെ പോലീസ് തിരിച്ചറിഞ്ഞത്.നിരവധി ക്ഷേത്രങ്ങളിലെയും പള്ളികളിലെയും കാണിക്കവഞ്ചി കുത്തിപ്പൊളിച്ച് കവർച്ച നടത്തി.
ഇടുക്കി ജില്ലാ പോലീസ് മേധാവി വി.യു. കുര്യാക്കോസിന്റെ നിർദേശപ്രകാരം കട്ടപ്പന ഡിവൈഎസ്പി വി.എ. നിഷാദ് മോന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് അന്വേഷിച്ചുവരികയായിരുന്നു.
പോലീസിനും ഭീഷണി
പോലീസിനെ ആക്രമിച്ച വിവിധ കേസുകളിലും പ്രതിയാണ് ഇയാൾ. പിടികൂടാൻ ശ്രമിക്കുന്നതിനിടയിൽ പോലീസിനെ ആക്രമിക്കുകയും പിടികൂടിയാൽ പോലീസുമായി സഹകരിക്കാതിരിക്കുകയാണ് പതിവ്.
വർഷങ്ങൾക്കു മുന്പ് ഇയാളെ സാഹസികമായി പിടി കൂടിയ അന്നത്തെ കട്ടപ്പന എസ്ഐ ടി.ഡി.സുനിൽകുമാറിനു നേരെ ഇയാൾ വധഭീഷണി മുഴക്കിയിരുന്നു. പോലീസ് പലപ്പോഴും വളരെ സാഹസികമായാണ് പ്രതിയെ പിടികൂടുന്നത് .
വീടിനുചുറ്റും നായ്ക്കളെ അഴിച്ചുവിട്ടിരിക്കുന്നതിനാൽ ഇയാളെ പിടികൂടുക ദുഷ്കരമാണ്. നാട്ടുകാർക്കും ഇയാളെ ഭയമായതിനാൽ ആരുംതന്നെ ഇയാളെക്കുറിച്ചുള്ള വിവരങ്ങൾ ഒന്നും പോലീസിന് കൈമാറാൻ തയാറാകില്ല.
ആരെങ്കിലും ഇയാൾക്കെതിരെ സാക്ഷി പറയുകയോ മറ്റോ ചെയ്താൽ അവരെ പ്രതിയും വീട്ടുകാരും ചേർന്ന് ഭീഷണിപ്പെടുത്തും.
നിലവിൽ ഇടുക്കി ജില്ലയിൽ ഉൾപ്പെടെ വിവിധ ജില്ലകളിൽ വിവിധ കോടതികളിൽ ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിട്ടുള്ളതാണ്. പ്രതിയുടെ മകനും മോഷണക്കേസുകളിൽ പ്രതിയാണ്.