ചെന്നൈ: ജെല്ലിക്കെട്ടിനെ പിന്തുണച്ച് നടന്‍ കമല്‍ഹാസന്‍ വീണ്ടും രംഗത്ത്. ജെല്ലിക്കെട്ട് പ്രശ്‌നത്തില്‍ തമിഴ്‌നാട് സര്‍ക്കാര്‍ ഇരട്ടത്താപ്പാണ് കാണിക്കുന്നതെന്നും പ്രതിഷേധങ്ങള്‍ക്കിടെ അക്രമമുണ്ടായതിന് പോലീസ് മറുപടി പറയണമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ജെല്ലിക്കെട്ട് നിയവിധേയമാക്കണമെന്നത് 20 വര്‍ഷമായുള്ള ആവശ്യമാണ്. എന്നാല്‍ അത് സംഭവിച്ചില്ല. ജെല്ലിക്കട്ട് നിരോധിക്കുകയല്ല, നിയന്ത്രിക്കുകയാണു വേണ്ടത്. കേരളത്തിലെ ഉത്സവങ്ങളില്‍ ആനകളെ എഴുന്നള്ളിക്കാന്‍ സാധിക്കുമെങ്കില്‍ എന്തുകൊണ്ട് ജെല്ലിക്കട്ട് അനുവദിച്ചുകൂടാ?. തമിഴ്‌നാട്ടിലെ ജനങ്ങളുടെ അസംതൃപ്തിയുടെ പ്രതിഫലനമാണ് ജെല്ലിക്കട്ട് സമരം. ദശാബ്ദങ്ങളായി തമിഴ് ജനത അനുഭവിച്ചുവരുന്ന അസംതൃപ്തിയാണ് സമരമായി പരിണമിച്ചതെന്നും കമല്‍ ഹാസന്‍ പറഞ്ഞു.
വാഹനങ്ങള്‍ കത്തിക്കുന്നതായി വീഡിയോയില്‍ കാണുന്ന പോലീസുകാര്‍ യഥാര്‍ഥ പോലീസുകാരായിരിക്കില്ല എന്നാണു താന്‍ കരുതുന്നതെന്നും അയാളും തന്നെപ്പോലെ ഒരു അഭിനേതാവായിരിക്കുമെന്നും കമല്‍ ഹാസന്‍ പറഞ്ഞു. നേരത്തെയും സമരക്കാരെ അനുകൂലിച്ച് നടന്‍ രംഗത്തെത്തിയിരുന്നു.
ജെല്ലിക്കെട്ടിന് അനുമതി നല്‍കുന്ന ബില്ലിന് തമിഴ്‌നാട് നിയമസഭ അംഗീകാരം നല്‍കിയതോടെ ദിവസങ്ങളായി മറീന ബീച്ചില്‍ തുടര്‍ന്നുവരുന്ന സമരം യുവാക്കള്‍ തിങ്കളാഴ്ച അവസാനിപ്പിച്ചിരുന്നു. മുഖ്യമന്ത്രി ഒ. പനീര്‍സെല്‍വം അവതരിപ്പിച്ച ബില്ലിനാണ് തമിഴ്‌നാട് നിയമസഭ അംഗീകാരം നല്‍കിയത്. നിയമസഭയുടെ പ്രത്യേക സമ്മേളനം ഐകകണ്‌ഠേന ബില്ലിന് അനുമതി നല്‍കുകയായിരുന്നു.